ദേവരാജൻ മാസ്റ്ററുടെയും ജാനകിയമ്മയുടെയും പിണക്കം മാറ്റിയ ഗാനം, അമ്പിളിക്കിന്നും നിധിപോലെ

തൃശ്ശൂർ: ‘കുമ്മാട്ടിപ്പാട്ടിന്റെ ഈണത്തിൽ’ എന്നു തുടങ്ങുന്ന ജാനകിയമ്മയുടെ ആരും കേൾക്കാത്ത ഒരു പാട്ടുണ്ട്. ഇതു നിധിപോലെ സൂക്ഷിച്ചിരിക്കുകയാണ് സംവിധായകൻ അമ്പിളി. മുപ്പത് വർഷങ്ങൾക്കുമുമ്പ് ജാനകിയമ്മയ്ക്കും ദേവരാജൻ മാസ്റ്റർക്കുമിടയിലെ പിണക്കം അലിയിച്ചുകളഞ്ഞത് ഈ പാട്ടാണ്. ജി. ദേവരാജൻ അവസാനമായി സംഗീതസംവിധാനം നിർവഹിച്ചതും ഈ പാട്ടാണെന്ന് അമ്പിളി പറയുന്നു. ഗാനരചന കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ പന്തളം സുധാകരനും. അപ്രതീക്ഷിത കാരണങ്ങളാൽ ആ സിനിമ പാതിയിൽ നിലച്ചപ്പോൾ ഗാനം പുറംലോകം കണ്ടില്ല.
‘‘ചെന്നൈയിലെ കോദണ്ഡപാണി റെക്കോഡിങ് സ്റ്റുഡിയോയിൽ അന്ന് പതിവിലും ഘനമേറിയ അന്തരീക്ഷമായിരുന്നു. മുകളിലെ നിലയിൽ മലയാളസിനിമയുടെ ഡബ്ബിങ് നടക്കുന്നു. താഴെ ഞാൻ കാത്തുനിന്നു, രണ്ട് പ്രതിഭകൾക്കായി. ഒരിടവേളയ്ക്കുശേഷം സംഗീതസംവിധായകൻ ദേവരാജൻ അവിടെയെത്തുന്നു. പിന്നാലെ ഫിയറ്റ് കാറിൽ ഗായിക എസ്. ജാനകിയും ഭർത്താവ് രാമപ്രസാദുമെത്തി. എനിക്കും ഓർക്കസ്ട്ര അംഗങ്ങൾക്കും അല്പം പരിഭ്രമം. കാറിൽനിന്നിറങ്ങിയ ഗായിക നേരേ സംഗീതസംവിധായകനരികിലെത്തി. അദ്ദേഹത്തിന്റെ കാൽ തൊട്ടുവന്ദിച്ചു. തിരിച്ച് മറുപടിയൊന്നുമില്ല. നേരേ റെക്കോഡിങ് മുറിയിലേക്ക്. രണ്ട് ദശാബ്ദങ്ങൾക്കുശേഷം ദേവരാജൻ മാസ്റ്ററുടെ മുന്നിൽ ജാനകിയമ്മ ഗാനം പഠിക്കാനിരുന്നു.’’ -അവിസ്‌മരണീയ പുനഃസമാഗമത്തെക്കുറിച്ച് സംവിധായകൻ അമ്പിളി ഓർത്തെടുത്തു.
‘‘ആകാശത്തിനു കീഴെ’ എന്ന എന്റെ ചിത്രത്തിന്റെ ഗാനറെക്കോഡിങ്ങായിരുന്നു അന്നവിടെ നടന്നത്. ആ ഗാനം നിധിപോലെ എന്റെ സ്വകാര്യശേഖരത്തിലുണ്ട്, നല്ലൊരു സന്ദർഭത്തിൽ സംഗീതത്തെ സ്നേഹിക്കുന്നവർക്കായി സമ്മാനിക്കാൻ’’ - അമ്പിളി പറയുന്നു. തന്റെ സിനിമയിൽ ജാനകിയമ്മയെക്കൊണ്ട് പാടിക്കുകയെന്നത് അമ്പിളിയുടെ ആഗ്രഹമായിരുന്നു. ദേവരാജൻ മാസ്റ്റർക്കും ജാനകിയമ്മയ്ക്കുമിടയിലെ പിണക്കം ഈ മോഹത്തിന് കരിനിഴൽ വീഴ്‌ത്തി. ഇത്തരം കാര്യങ്ങളിൽ വിട്ടുവീഴ്‌ച ചെയ്യാത്ത ദേവരാജൻ മാസ്റ്റർക്കു മുന്നിൽ ധൈര്യം സംഭരിച്ച് അമ്പിളി ഇത് അവതരിപ്പിച്ചു. ‘തനിക്ക് താത്പര്യമില്ലെന്നും അമ്പിളിക്ക് വേണമെങ്കിൽ പാടിച്ചോളൂ’ എന്നുമായിരുന്നു മറുപടി.
അപ്രതീക്ഷിതമായി ലഭിച്ച ആ അനുമതിയുമായി ഗായികയെ കാണാൻ അന്പിളി നേരിട്ടുപോയി. കാര്യം പറഞ്ഞപ്പോൾ എസ്. ജാനകിയുടെ മുഖത്ത് അദ്‌ഭുതം നിറഞ്ഞു. സന്തോഷത്തോടെ അവരും പാടാൻ സമ്മതിച്ചു. അങ്ങനെ പന്തളം സുധാകരൻ രചിച്ച ആ ഗാനം ദേവരാജൻ മാസ്റ്റർ ചിട്ടപ്പെടുത്തി, എസ്. ജാനകി പാടി.
ആ ഗാനം നമുക്കാസ്വദിക്കാനാകുമെന്ന് പ്രതീക്ഷിക്കാം
ജാനകിയമ്മ വിടവാങ്ങിയതറിഞ്ഞാണ് അമ്പിളി എന്നെ വിളിക്കുന്നതും ഇനിയും സംഗീതപ്രേമികളുടെ അടുത്തെത്താത്ത ഒരു ഗാനം നിധിപോലെ സൂക്ഷിച്ചുവെക്കുന്നുണ്ടെന്നറിയിക്കുന്നതും. പ്രമുഖ നിർമാതാക്കളും സംവിധായകരും ചോദിച്ചിട്ടും അദ്ദേഹമത് കൊടുത്തിട്ടില്ല. ഒരുപക്ഷേ നാളെ അമ്പിളിയുടെ മനസ്സ് മാറിയേക്കാം. അങ്ങനെ സംഭവിക്കുകയാണെങ്കിൽ ദേവരാജൻ മാസ്റ്ററുടെ അവസാന ഗാനം നമുക്ക് ആസ്വദിക്കാനാകുമെന്ന് പ്രതീക്ഷിക്കാം.
-സതീഷ്‌കുമാർ വിശാഖപട്ടണം, എഴുത്തുകാരൻ
Content Highlights: Director Ambili holds a rare, unreleased song composed by G. Devarajan and sung by S. Janaki. The song served as a reconciliation point between the legendary composer and the singer after two decades of rift. The lyrics were penned by former minister and Congress leader Pandalam Sudhakaran. Recorded at Kodandapani Studio, Chennai, this marks the final composition by Devarajan Master. The song remains unreleased due to the cancellation of the film 'Akashathinu Keezhe'