'അവകാശം നിഷേധിച്ചല്ല മാറ്റംകൊണ്ടുവരേണ്ടത്'; ജൂറി ചെയര്‍മാന്‍ പ്രകാശ് രാജിനെതിരേ ദേവനന്ദ

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിൽ കുട്ടികളുടെ സിനിമകളെ അവഗണിച്ചതില്‍ പരക്കെ വിമര്‍ശനം. പുരസ്‌കാരത്തിനായി സമര്‍പ്പിക്കപ്പെട്ട ചിത്രങ്ങള്‍ കുട്ടികളുടെ വീക്ഷണകോണില്‍ നിന്നല്ലാത്തതിനാല്‍ മികച്ച ബാലതാരങ്ങള്‍ക്കുള്ള അവാര്‍ഡ് നല്‍കേണ്ടെന്ന് ജൂറി തീരുമാനിച്ചിരുന്നു. അവാര്‍ഡ് പ്രഖ്യാപിക്കുന്ന വാര്‍ത്താസമ്മേളനത്തിലും ജൂറി ചെയര്‍മാന്‍ ഇക്കാര്യം ആവര്‍ത്തിച്ചിരുന്നു. ഇതിനെതിരേ ചലച്ചിത്ര പ്രവര്‍ത്തകര്‍ തന്നെ രംഗത്തെത്തി.
'മാളികപ്പുറം' എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ ബാലതാരം ദേവനന്ദ ജൂറി ചെയര്‍മാനെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തി. അവാര്‍ഡിന് അയച്ചിട്ടും പരിഗണിക്കാത്തതില്‍ വിമര്‍ശനവുമായി സ്താനാര്‍ത്തി ശ്രീക്കുട്ടന്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍ വിനേഷ് വിശ്വനാഥ്, നടന്‍ ആനന്ദ് മന്മഥന്‍ എന്നിവരും, സ്‌കൂള്‍ ചലേ ഹം എന്ന ചിത്രത്തിന്റെ സംവിധായകന് ശ്രീകാന്ത് ഇ.ജിയും രംഗത്തെത്തി.
കുട്ടികള്‍ക്കുനേരെ കണ്ണടച്ചോളൂ, പക്ഷേ ഇവിടെ മുഴുവന്‍ ഇരുട്ടാണെന്ന് പറയരുതെന്ന് ദേവനന്ദ സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചു. കുട്ടികളും സമൂഹത്തിന്റെ ഭാഗമാണ്. ഇനി വരുന്ന ഒരു തലമുറക്ക് നേരെ ആണ് 2024 മലയാള സിനിമ അവാര്‍ഡ് പ്രഖ്യാപനത്തോടെ ജൂറി കണ്ണടച്ചതെന്നും ദേവനന്ദ വിമര്‍ശിച്ചു. ജൂറി ചെയര്‍മാന്റെ പത്രസമ്മേളനത്തില്‍നിന്നുള്ള വാക്കുകള്‍ പങ്കുവെച്ചായിരുന്നു വിമര്‍ശനം.
'സ്താനാര്‍ത്തി ശ്രീക്കുട്ടന്‍, ഗു, ഫീനിക്‌സ്, എആര്‍എം അടക്കമുള്ള ഒരുപാട് സിനിമകളില്‍ കുട്ടികള്‍ അഭിനയിച്ചിട്ടുണ്ട്. രണ്ടു കുട്ടികള്‍ക്ക് അവാര്‍ഡ് കൊടുക്കാതെ ഇരുന്നുകൊണ്ടല്ല, കൂടുതല്‍ കുട്ടികളുടെ സിനിമ ചെയ്യണം എന്ന് പറയാന്‍ ശ്രമിക്കേണ്ടത്. രണ്ടു കുട്ടികള്‍ക്ക് അത് നല്‍കിയിരുന്നു എങ്കില്‍ ഒരുപാട് കുട്ടികള്‍ക്ക് അത് ഊര്‍ജം ആയി മാറിയേനെ', ദേവനന്ദ കുറിച്ചു.
'കുട്ടികള്‍ക്ക് കൂടുതല്‍ അവസരം കിട്ടണമെന്നും അവരും സമൂഹത്തിന്റെ ഭാഗമാണെന്നും പറഞ്ഞ ജൂറി ചെയര്‍മാന്‍ കുട്ടികളുടെ അവകാശങ്ങൾ കാണാതെ പോയതില്‍ കടുത്ത അമര്‍ഷമുണ്ട്. എല്ലാ മാധ്യമങ്ങളും സിനിമാ പ്രവര്‍ത്തകരും പൊതുജനങ്ങളും ഇതും ചര്‍ച്ച ചെയ്യണം. അവകാശങ്ങള്‍ നിഷേധിച്ചുകൊണ്ടല്ല, മാറ്റങ്ങള്‍ ഉണ്ടാകേണ്ടത്. മാറ്റങ്ങള്‍ക്ക് ഒപ്പം അവകാശങ്ങളും സംരക്ഷിക്കാന്‍ കഴിയണം', ദേവനന്ദ കൂട്ടിച്ചേര്‍ത്തു.
ജൂറി ചെയര്‍മാന്റെ വാക്കുകളെ തള്ളിയാണ് സ്‌കൂള്‍ ചലേ ഹം സിനിമയുടെ സംവിധായകന്‍ ശ്രീകാന്ത് ഇ.ജി. രംഗത്തെത്തിയത്. കുട്ടികളുടെ വിഭാഗത്തില്‍ അവാര്‍ഡിനായി സമര്‍പ്പിക്കപ്പെട്ടസിനിമകളില്‍ കൂടുതലും മുതിര്‍ന്നവരുടെ കഥകളാണ് എന്ന അവകാശവാദത്തിനെതിരേയാണ് ശ്രീകാന്ത് വിമര്‍ശനമുന്നയിച്ചത്.
'സ്‌കൂള്‍ ചലേ ഹം സിനിമയില്‍ ഞങ്ങള്‍ പറഞ്ഞത് കുട്ടികളുടെ മാത്രം കഥയാണ്. എന്റെ അറിവില്‍ ഞങ്ങളുടെ 'സ്‌കൂള്‍ ചലേ ഹം' അടക്കം ചുരുങ്ങിയത് അഞ്ച് സിനിമകളെങ്കിലും ഈ വര്‍ഷം അവാര്‍ഡിനായി സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. അതില്‍നിന്ന് ഒന്നിനു പോലും ഒരു പ്രോത്സാഹന സമ്മാനം പോലും നല്‍കാതെ, ഇതുപോലുള്ള ആഹ്വാനങ്ങള്‍ മാത്രം നടത്തുമ്പോള്‍ കുട്ടികളുടെ സിനിമകള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന അവസാന വ്യക്തിയെയും നിങ്ങള്‍ തന്നെ ഇല്ലാതാക്കുകയാണ് സര്‍. ജനപ്രിയ താരങ്ങള്‍ക്കും സിനിമകള്‍ക്കും അവാര്‍ഡിനു പുറമെ ഒന്നും രണ്ടും സ്‌പെഷല്‍ മെന്‍ഷനും കൊടുത്ത് തുല്ല്യത ഉറപ്പ് വരുത്തിയപ്പോള്‍ ചോദിക്കാനും പറയാനും ആരും വരില്ലെന്നു കരുതി കുട്ടികളുടെ സിനിമകളെ തഴഞ്ഞത് തീര്‍ത്തും മോശമായിപ്പോയി സര്‍', എന്നായിരുന്നു ശ്രീജിത്തിന്റെ കുറിപ്പ്.
'സ്താനാര്‍ത്തി ശ്രീക്കുട്ടന്‍' ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചാണ് സഹതിരക്കഥാകൃത്തുകൂടിയായ ആനന്ദ് മന്മഥന്‍ വിമര്‍ശനം ഉന്നയിച്ചത്. പരോക്ഷപ്രതികരണവുമായി വിനേഷ് വിശ്വനാഥനുമെത്തി. ചിത്രം അവാര്‍ഡിന് അയച്ചിരുന്നതായും സംവിധായകന്‍ വ്യക്തമാക്കി.
Content Highlights: Child actor Devananda slams the film awards jury for ignoring children`s films and talent. Calls for rights and change, not denial