രണ്ടാമത്തെ മകൾക്ക് പേരിട്ട് ദീപികയും രൺവീറും; ആദ്യ ചിത്രം പങ്കുവെച്ചു

#മൂവീസ് ഡെസ്‌ക്
രൺവീറും ദീപികയും മക്കളും, ദീപികയുടെ മറ്റേണിറ്റി ഫോട്ടോ ഷൂട്ട് | Photo: Deepika Padukone
രൺവീറും ദീപികയും മക്കളും, ദീപികയുടെ മറ്റേണിറ്റി ഫോട്ടോ ഷൂട്ട് | Photo: Deepika Padukone

വിജയദശമി ദിനത്തിൽ തങ്ങളുടെ രണ്ടാമത്തെ മകളുടെ പേര് വെളിപ്പെടുത്തി ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങ്ങും. 'ദേവി പദുകോൺ സിങ്' എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. രണ്ടാമത്തെ കുഞ്ഞ് ജനിച്ച ശേഷമുള്ള ആദ്യ കുടുംബചിത്രവും താരങ്ങൾ ഇൻസ്റ്റാഗ്രാമിലൂടെ പുറത്തുവിട്ടു.

'സ്‌നേഹത്തിന്റെയും സമൃദ്ധിയുടെയും... ദേവി പദുകോൺ സിങ്' എന്ന കുറിപ്പോടെയാണ് ദീപിക ചിത്രം പങ്കുവെച്ചത്. ചിത്രത്തിൽ രൺവീറും ദീപികയും മൂത്തമകൾ ദുവയും ദേവിയും ഒരേനിറത്തിലുള്ള വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നത്. രൺവീർ ദുവയെയും ദീപിക ദേവിയെയും കൈയിൽ ചേർത്തുപിടിക്കുന്നതായി ഫോട്ടോയിൽ കാണാം. ദുവ അനിയത്തിക്ക് ഉമ്മ നൽകുന്നതും ചിത്രത്തിലുണ്ട്.

പോസ്റ്റിന് താഴെ കരീന കപൂർ, ആലിയ ഭട്ട്, ഷർവരി, മൃണാൾ ഠാക്കൂർ, ഭൂമി പഡ്‌നേക്കർ, നീൽ നിതിൻ മുകേഷ്, സാറാ അർജുൻ, ബിപാഷ ബസു തുടങ്ങി നിരവധി ചലച്ചിത്ര താരങ്ങളും ആരാധകരും ആശംസകളറിയിച്ചു. നെറ്റ്ഫ്‌ളിക്‌സ് ഇന്ത്യയുടെ ഔദ്യോഗിക അക്കൗണ്ടിൽനിന്നും ആശംസയുണ്ട്.

സെപ്റ്റംബർ 19-നാണ് ദമ്പതികൾക്ക് രണ്ടാമത്തെ മകൾ പിറന്നത്. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ 2018 നവംബർ 14-ന് ഇറ്റലിയിലെ ലേക്ക് കോമോയിലായിരുന്നു ദീപികയുടെയും രൺവീറിന്റെയും വിവാഹം. കൊങ്കണി, സിന്ധി ആചാരപ്രകാരമായിരുന്നു ചടങ്ങുകൾ നടന്നിരുന്നത്. 2024 സെപ്റ്റംബർ എട്ടിനാണ് ഇവരുടെ ആദ്യത്തെ മകൾ ദുവ ജനിച്ചത്.

Content Highlights: Deepika Padukone and Ranveer Singh announced the name of their second daughter as Devi Padukone Singh. The news was shared on Vijayadashami along with their first family picture featuring both daughters, Dua and Devi. The couple welcomed their second daughter on September 19, following the birth of their first daughter Dua in September 2024. Prominent celebrities including Kareena Kapoor, Alia Bhatt, and Bipasha Basu congratulated the couple on social media.