ആദ്യ സിനിമ കണ്ട് കരഞ്ഞപ്പോൾ ചേർത്തുപിടിച്ചു; കരിയറിലെ ഏറ്റവും വലിയ സിനിമ ഇറങ്ങുംമുമ്പ് ഭാര്യയുടെ വിയോഗം

#സ്വന്തം ലേഖകന്‍
ഷാജികുമാറിന്റെ മൃതദേഹത്തിനരികില്‍ മക്കള്‍ സൂര്യനും ആര്യനും, ഷാജികുമാര്‍ | Photo: Mathrubhumi, Instagram
ഷാജികുമാറിന്റെ മൃതദേഹത്തിനരികില്‍ മക്കള്‍ സൂര്യനും ആര്യനും, ഷാജികുമാര്‍ | Photo: Mathrubhumi, Instagram

കൊച്ചി: എറണാകുളത്തെ സരിത തിയേറ്ററിൽ ഭാര്യ സ്മിതയ്ക്കും സുഹൃത്തുക്കൾക്കും ഒപ്പമിരുന്ന് 'ഉത്തമൻ' എന്ന സിനിമ കാണുമ്പോൾ ഷാജികുമാറിന്റെ മിഴികൾ നിറഞ്ഞൊഴുകുകയായിരുന്നു. താൻ ആദ്യമായി സ്വതന്ത്ര ഛായാഗ്രാഹകനാകുന്ന സിനിമയിൽ സ്‌ക്രീനിൽ പേരെഴുതി കാണിക്കുമ്പോൾ അയാൾ കരയുന്ന നേരത്ത് ഭാര്യ ആ കൈകളിൽ പിടിച്ചു. കുറച്ചുനേരം ഔട്ട് ഓഫ് ഫോക്കസിലായിരുന്നു ആ സിനിമ കണ്ടതെന്ന് ഷാജി പിന്നീട് പറഞ്ഞിട്ടുണ്ട്. 'ഉത്തമൻ' എന്ന സിനിമയുടെ ഛായാഗ്രാഹകനായി തുടങ്ങിയ ഷാജി ഉത്തമനായൊരു ഛായാഗ്രാഹകനായി വളർന്നതും അതിവേഗത്തിലായിരുന്നു.

ഭാര്യയെയും മക്കളെയും ഒരുപാട് സ്നേഹിച്ച ഒരാൾ കൂടിയായിരുന്നു ഷാജികുമാർ എന്ന മനുഷ്യൻ. 'പുലിമുരുകൻ' സിനിമയിലെ കടുവയുമായുള്ള ഷൂട്ടിങ്, ജീവിതത്തിലെ ഒരിക്കലും മറക്കാനാകാത്ത അനുഭവമായാണ് ഷാജി എന്നും പറഞ്ഞിരുന്നത്. സിനിമയുടെ ചിത്രീകരണത്തിനിടയിൽ ഓരോ നിമിഷവും കടുവയുടെ പരിശീലകർ മുന്നറിയിപ്പ് നൽകിക്കൊണ്ടിരുന്നു. എപ്പോൾ വേണമെങ്കിലും എന്തും സംഭവിക്കാമെന്ന ഭീതിപ്പെടുത്തുന്ന അന്തരീക്ഷത്തിലായിരുന്നു ആ സിനിമയുടെ ഷൂട്ടിങ്.

കരിയറിലെ ഏറ്റവും വലിയ സിനിമയുടെ റിലീസ് പക്ഷേ, ഷാജിക്ക് വലിയൊരു വേദനയുടെ കൂടി നിമിഷമായിരുന്നു. 'പുലിമുരുകൻ' റിലീസ് ചെയ്യുമ്പോൾ ഷാജിക്കൊപ്പമിരുന്ന് അത് കാണാൻ ഭാര്യ സ്മിതയുണ്ടായിരുന്നില്ല. അർബുദ ചികിത്സയ്ക്കിടെ 2014-ലാണ് സ്മിത മരിക്കുന്നത്. ഭാര്യയുടെ മരണത്തോടെ കുറച്ചുകാലം സിനിമയിൽനിന്ന് വിട്ടുനിന്നിരുന്ന ഷാജിയെ പിന്നീട് സിനിമയിലെ സുഹൃത്തുക്കൾ തന്നെയാണ് ക്യാമറയുടെ പിന്നിലേക്ക് തിരികെയെത്തിച്ചത്.

നാടിന്റെ യാത്രാമൊഴി

പെരുമ്പാവൂർ: മലയാള സിനിമയ്ക്ക് വിസ്മയദൃശ്യങ്ങൾ സമ്മാനിച്ച ഛായാഗ്രാഹകൻ ഷാജികുമാറിന് (57) നാടിന്റെ യാത്രാമൊഴി. ജനിച്ചത് തിരുവനന്തപുരത്താണെങ്കിലും ഷാജി വളർന്നതും പഠിച്ചതുമെല്ലാം പെരുമ്പാവൂരിലാണ്.

പെരുമ്പാവൂർ ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂളിൽ എസ്.എസ്.എൽ.സി.യും ഐരാപുരം എസ്.എസ്.വി. കോളേജിൽ പ്രീഡിഗ്രിയും പൂർത്തിയാക്കിയശേഷം ഷാജി ഫോട്ടോഗ്രാഫി പഠിക്കാനിറങ്ങി. വിദ്യാർഥിയായിരിക്കേതന്നെ സിനിമാ ഛായാഗ്രാഹകനാകണമെന്ന സ്വപ്‌നം മനസ്സിൽ ഉറപ്പിച്ചിരുന്നുവെന്ന് പെരുമ്പാവൂരിലെ വിജയ് ഫോട്ടോസ് ഉടമ പി. മനോഹരൻ ഓർക്കുന്നു.

'തുടക്കത്തിൽ ക്യാമറയെക്കുറിച്ചൊക്കെ ഷാജി പഠിച്ചത് വിജയ് സ്റ്റുഡിയോയിൽ നിന്നാണ്. പിന്നീട് ഷാജിയിൽനിന്ന് ഞങ്ങൾ പഠിക്കാൻ തുടങ്ങി', മനോഹരൻ പറഞ്ഞു.

അക്കാലത്ത് തിരുവനന്തപുരത്തുണ്ടായിരുന്ന ജഗതി എൻ.കെ. ആചാരി ഇൻസ്റ്റിറ്റ്യൂട്ടിൽ ഛായാഗ്രഹണം പഠിച്ചു. പിന്നീട് അഡയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ഛായാഗ്രഹണത്തിൽ ഹ്രസ്വകാല കോഴ്സും പൂർത്തിയാക്കി. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിൽ ജോലിയുണ്ടായിരുന്ന അടുത്ത ബന്ധു, ഛായാഗ്രാഹകൻ വിപിൻമോഹനെ പരിചയപ്പെടുത്തിയതാണ് ഷാജിയുടെ ജീവിതത്തിൽ വഴിത്തിരിവായത്. തുടർന്ന് അദ്ദേഹത്തിന്റെ സിനിമകളിൽ സഹായിയായി. 2001-ൽ ജയറാം നായകനായ 'ഉത്തമൻ' എന്ന ചിത്രത്തിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനായി. പിന്നീട് മലയാളത്തിൽ ചരിത്രം തിരുത്തിയ 'പുലിമുരുകൻ' ഉൾപ്പെടെ മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായി 50-ഓളം ഹിറ്റ് സിനിമകൾക്കുപിന്നിൽ ഷാജിയുടെ ക്യാമറക്കണ്ണുകളുണ്ടായിരുന്നു.

ഭാര്യ സ്മിതയെ അകാലത്തിൽ അർബുദം കവർന്നത് ഷാജിയുടെയും രണ്ടുമക്കളുടേയും ജീവിതത്തിൽ ദുഃഖത്തിന്റെ നിഴൽവീഴ്ത്തി. പെരുമ്പാവൂരിൽ മുനിസിപ്പൽ കൗൺസിലറായിരിക്കേയായിരുന്നു 2014-ൽ സ്മിതയുടെ വിയോഗം.

ഷാജിയുടെ മൃതദേഹം ചൊവ്വാഴ്ച വൈകീട്ട് മൂന്നു മണിയോടെ പെരുമ്പാവൂർ കാഞ്ഞിരക്കാട്ടെ സരോവരം വീട്ടിലെത്തിച്ചു. സിനിമാരംഗത്തെ പ്രമുഖർ ഉൾപ്പെടെ നിരവധിപേർ വീട്ടിൽ അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. സുരേഷ് ഗോപി, മകൻ ഗോകുൽ സുരേഷിനൊപ്പമെത്തി അന്ത്യാഞ്ജലിയർപ്പിച്ചു. മനോജ് മൂത്തേടൻ എം.എൽ.എ.യും അന്ത്യാഞ്ജലിയർപ്പിച്ചു.

കണ്ണീരോടെ സിനിമാലോകം

കൊച്ചി: അപ്രതീക്ഷിതമായി വിടവാങ്ങിയ മലയാളത്തിന്റെ പ്രിയ ഛായാഗ്രാഹകൻ ഷാജി കുമാറിന് കണ്ണീരോടെ ആദരാഞ്ജലി അർപ്പിച്ച് മലയാള സിനിമാ ലോകം. കലൂർ ഗോകുലം പാർക്ക് കൺവെൻഷൻ സെന്ററിലും പെരുമ്പാവൂർ കാഞ്ഞിരക്കാട്ടെ 'സരോവരം' വീട്ടിലും പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ സിനിമ, രാഷ്ട്രീയ, സാംസ്‌കാരിക മേഖലയിലെ ഒട്ടേറെപ്പേർ ആദരാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു.

അഭിനേതാക്കളായ മോഹൻലാൽ, സുരേഷ് ഗോപി, കുഞ്ചാക്കോ ബോബൻ, ഇടവേള ബാബു, ഹരിശ്രീ അശോകൻ, ജഗദീഷ്, സിദ്ദിഖ്, ശിവദ, ലാൽ, ലാലു അലക്‌സ്, ജോജു ജോർജ്, മനോജ് കെ. ജയൻ, ദിലീപ്, ശ്രീകാന്ത് മുരളി, കുക്കു പരമേശ്വരൻ, സരയു, അനന്യ, ചിപ്പി, മാലാ പാർവതി, സംവിധായകരായ ബി. ഉണ്ണികൃഷ്ണൻ, തരുൺ മൂർത്തി, സിബി മലയിൽ, ലാൽ ജോസ്, വിനയൻ, മേജർ രവി, ജോണി ആന്റണി, നിർമാതാക്കളായ ആന്റണി പെരുമ്പാവൂർ, എം. രഞ്ജിത്ത്, ലിസ്റ്റിൻ സ്റ്റീഫൻ, ജി. സുരേഷ്‌കുമാർ, ഗോകുലം ഗോപാലൻ, ആന്റോ ജോസഫ്, എം. ബാദുഷ തുടങ്ങിയവർ ആദരാഞ്ജലി അർപ്പിച്ചു.

ഷാജികുമാറിന്റെ നിര്യാണത്തിൽ നടൻ മമ്മൂട്ടിയും അനുശോചനം അറിയിച്ചു. ഫെയ്സ്ബുക്കിൽ ഷാജികുമാറിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് 'ഷാജികുമാറിന് ആദരാഞ്ജലികൾ' എന്നായിരുന്നു മമ്മൂട്ടി കുറിച്ചത്.

Content Highlights: Prominent cinematographer Shajikumar was laid to rest at his residence 'Sarovaram' in Kanjirakkad, Perumbavoor. He made his independent debut with the 2001 film 'Uthaman' starring Jayaram and went on to crank the camera for over 50 films including 'Pulimurugan'. Shajikumar's wife, Smitha (a former Perumbavoor municipal councillor), passed away in 2014 after fighting cancer, prior to the release of his biggest hit 'Pulimurugan'. Leading stars and filmmakers including Suresh Gopi, Mohanlal, Mammootty, Kunchacko Boban, Dilip, and Lal Jose paid their final respects. Shajikumar started his career after studying photography at the Jagathy N.K. Achari Institute and serving as an assistant to veteran DP Vipin Mohan.