"മാറ്റാണോ ടോമാണോ മികച്ചത്?" സദസ്സിനെ ഞെട്ടിച്ച് നോളന്റെ ചോദ്യം, ആവേശമായി ദി ഒഡിസി ഇന്ത്യൻ പ്രീമിയർ

പുതിയ ചിത്രമായ ദി ഒഡിസിയുടെ പ്രമോഷന്റെ ഭാഗമായി സംവിധായകൻ ക്രിസ്റ്റഫർ നോളൻ നടന്മാരായ മാറ്റ് ഡെയ്മണും ടോം ഹോളണ്ടിനുമൊപ്പം ഇന്ത്യയിൽ എത്തി. ഇന്ന് മുംബൈയിൽനടന്ന ദി ഒഡിസിയുടെ പ്രത്യേക പ്രദർശനത്തിന് ശേഷം നോളൻ ആരാധകരുമായി സംവദിച്ചു.
"ഇത് ഞാൻ ഇന്ത്യയിൽ എത്തുന്ന ആദ്യ അവസരമല്ല. എന്നാൽ ഒരു സിനിമയുടെ പ്രമോഷനായി ഇന്ത്യയിലെത്തുന്നത് ആദ്യമായാണ്. അതുകൊണ്ടുതന്നെ ലോകത്ത് ഈ ചിത്രം ആദ്യം കാണുന്ന പ്രേക്ഷകരിൽ ഒരുകൂട്ടം നിങ്ങളാണ്," നോളൻ പറഞ്ഞു.
നോളന്റെ ദി ഡാർക്ക് നൈറ്റ് റൈസസ്, ടെനെറ്റ് എന്നീ ചിത്രങ്ങളുടെ ഭാഗങ്ങൾ ഇന്ത്യയിൽ ചിത്രീകരിച്ചിട്ടുണ്ട്. എന്നാൽ അദ്ദേഹം ഒരു സിനിമയുടെ പ്രൊമോഷനു എത്തുന്നത് ഇതാദ്യമായാണ്.
താൻ രണ്ട് തവണ ഇന്ത്യയിൽ എത്തിയിട്ടുണ്ടെന്നും ഒരോ തവണയും ഇന്ത്യ ഓരോ അനുഭവങ്ങളാണെന്നും നോളൻ പറഞ്ഞു. ഇന്ത്യൻ പ്രേക്ഷകർ സിനിമയെക്കുറിച്ചു മികച്ച അറിവുള്ളവരാണെന്നും അവരോടൊപ്പം സംവദിക്കുക എന്നത് ഏറെ നാളത്തെ ആഗ്രഹമായിരുന്നു എന്നും നോളൻ പറഞ്ഞു.
"ചിത്രം ഇഷ്ടമായോ?" എന്ന് നോളൻ പ്രേക്ഷകരോട് ചോദിച്ചപ്പോൾ, നിറഞ്ഞ കൈയ്യടിയുമാണ് അവർ അദ്ദേഹത്തെ വരവേറ്റത്. " എങ്കിൽ, മാറ്റ് ആണോ ടോം ആണോ മികച്ചത്?" നോളന്റെ അടുത്ത ചോദ്യം സദസ്സിൽ പൊട്ടിച്ചിരികളും ആർപ്പുവിളികളും ഉയർത്തി.
ദി ഒഡിസിയിൽ നായക കഥാപാത്രത്തെ അവതരിപ്പിച്ച മാറ്റ് ഡെയ്മൺ, ചിത്രത്തിന് ഇന്ത്യൻ പ്രേക്ഷകർ നൽകിയ സ്വീകരണത്തിന് നന്ദി അറിയിച്ചു.
ചിത്രം കണ്ട യഥാർത്ഥ പ്രേക്ഷകരോടൊത്തുള്ള ഈ അനുഭവം വളരെ ആഹ്ലാദകരമെന്നു ഡെയ്മൺ പറഞ്ഞു. ആയിരകണക്കിന് ആളുകളുടെ അർപ്പണബോധവും കൂട്ടായ പരിശ്രമവുമാണ് ഈ സിനിമ. ഇന്ന് ഇവിടെ നിങ്ങളോടൊപ്പം ഉണ്ടായതിൽ സന്തോഷിക്കുന്നു. ഡെയ്മൺ പ്രേക്ഷകരോടായി പറഞ്ഞു.
സ്പൈഡർമാൻ ചിത്രങ്ങളിലൂടെ ലോകമെമ്പാടും ശ്രദ്ധ നേടിയ ടോം ഹോളണ്ട് സംസാരിക്കാൻ എഴുന്നേറ്റപ്പോൾ സദസാകെ "സ്പൈഡി ,സ്പൈഡി" എന്ന മുദ്രാവാക്യങ്ങളാൽ നിറഞ്ഞു. "ഇന്ത്യൻ പ്രേക്ഷകർ ഒരു സിനിമ തീയേറ്ററിനു നൽകുന്ന ഊർജം മറ്റൊരിടത്തും ലഭിക്കില്ല. നിങ്ങളുടെ പിന്തുണക്കു ഒരുപാട് നന്ദി" ടോം പറഞ്ഞു.
ഹോമറിന്റെ പ്രസിദ്ധമായ ഗ്രീക്ക് ഇതിഹാസത്തെ ആസ്പദമാക്കി ഒരുക്കിയ ദി ഒഡിസി, ട്രോജൻ യുദ്ധത്തിന് ശേഷം സ്വന്തം നാടായ ഇതാക്കയിലേക്ക് മടങ്ങാൻ ശ്രമിക്കുന്ന ഇതിഹാസ യോദ്ധാവായ ഒഡീസ്യസിന്റെ കഥയാണ് പറയുന്നത്. മാറ്റ് ഡെയ്മൺ അവതരിപ്പിക്കുന്ന ഈ കഥാപാത്രത്തിന്റെ യാത്ര ദേവന്മാരും ഭീകരജീവികളും ഐതിഹാസിക സൃഷ്ടികളും നിറഞ്ഞ അത്ഭുതലോകത്തിലൂടെയാണ് കടന്നുപോകുന്നത്. ദി ഒഡിസി ജൂലൈ 17 ന് ഇന്ത്യയിൽ റിലീസ് ചെയ്യും.
Content Highlights: Acclaimed director Christopher Nolan, along with Hollywood stars Matt Damon and Tom Holland, visited Mumbai for a special screening and promotional event of their upcoming epic film The Odyssey, releasing on July 17.