ബഹിഷ്കരണ ആഹ്വാനം തുടരുന്നതിനിടയിലും ഇന്ത്യൻ ബോക്സോഫീസിൽ കുതിച്ച് 'ഓപ്പൻഹെെമർ'

ചിത്രത്തിൽ നിന്നും
ചിത്രത്തിൽ നിന്നും

ഇന്ത്യൻ ബോക്സോഫീസിൽ കുതിപ്പ് തുടർന്ന് ക്രിസ്റ്റഫർ നോളൻ ഒരുക്കിയ 'ഓപ്പൻഹെെമർ'. 84 കോടിയിലധികം രൂപയാണ് ഈ ചിത്രം ഇന്ത്യയിൽ നിന്നും നേടിയത്. രാജ്യത്ത് ചിത്രം ബ​ഹിഷ്കരണ ആഹ്വാനം നേരിടുന്നതിനിടെയാണ് കളക്ഷനിൽ കുതിപ്പെന്നതാണ് ശ്രദ്ധേയം. ചിത്രം ഇന്ത്യയിൽ നൂറുകോടി ക്ലബില്‍ വെെകാതെ എത്തുമെന്നാണ് അനലിസ്റ്റുകളുടെ പ്രവചനം.

'ഓപ്പൻഹെെമർ' ഹിന്ദുമത വികാരം വ്രണപ്പെടുത്തിയെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. ചിത്രത്തിലെ ഓപ്പന്‍ഹൈമറെ അവതരിപ്പിക്കുന്ന സിലിയന്‍ മര്‍ഫിയും കാമുകിയായ ജീന്‍ ടാറ്റ്‌ലോക്കിനെ അവതരിപ്പിക്കുന്ന ഫ്ലോറൻസ് പ്യൂവും തമ്മിലുള്ള ഒരു രംഗമാണ് വിവാദമായത്. ലൈംഗിക ബന്ധത്തിനിടെ കഥാപാത്രങ്ങള്‍ ഭഗവദ്‌ഗീതയിലെ രണ്ടു വരികൾ വായിക്കുന്നതാണ് വിവാദത്തിന് വഴി വച്ചത്.

ചിത്രം റിലീസ് ചെയ്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ബഹിഷ്കരണ കാമ്പയിനുകള്‍ ആരംഭിച്ചു. ഓപ്പന്‍ഹൈമര്‍ നിരോധിക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. 2023 ജൂലെെ 21-നാണ് ചിത്രം റിലീസ് ചെയ്തത്. ആ​ഗോളതലത്തിലും മികച്ച കളക്ഷനുമായി ചിത്രം മുന്നേറുകയാണ്. 

2020-ൽ‍ പുറത്തിറങ്ങിയ ടെനെറ്റിനു ശേഷം നോളൻ ഒരുക്കുന്ന ചിത്രം കൂടിയാണ് ’ഓപ്പൻഹൈമർ’. ‘അണുബോംബിന്റെ പിതാവെ’ന്നറിയപ്പെടുന്ന അമേരിക്കൻ ശാസ്ത്രജ്ഞൻ ജെ. റോബർട്ട് ഓപ്പൻഹൈമറുടെ ജീവിതം പറയുകയാണ് ചിത്രത്തിലൂടെ.

2005-ലെ പുലിറ്റ്‌സർ സമ്മാനത്തിന് അർഹമായ ‘അമേരിക്കൻ പ്രൊമിത്യൂസ്: ദി ട്രയംഫ് ആൻഡ് ട്രാജഡി ഓഫ് ജെ. റോബർട്ട് ഓപ്പൺഹൈമർ’ എന്ന പുസ്തകത്തെ ആധാരമാക്കിയാണ് ചിത്രം ഒരുക്കുന്നത്. രണ്ടാം ലോകയുദ്ധവും അണുബോംബ് കണ്ടുപിടിച്ചതുമാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം. കിലിയൻ മർഫിയാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എമിലി ബ്ലണ്ട്, റോബർട്ട് ഡൗണി ജൂനിയർ, മാറ്റ് ഡാമൺ, ഫ്ലോറൻസ് പഗ്, റാമി മാലെക്ക് തുടങ്ങിയവരും ചിത്രത്തിലുണ്ട്.
 

Content Highlights: christopher nolan movie oppenheimer box office collection in india