'ബ്രോ ഡാഡി'യുടെ റീമേക്കിലല്ല ചിരഞ്ജീവി അഭിനയിക്കുന്നത്- കല്യാണ്‍ കൃഷ്ണ

ചിരഞ്ജീവി | ഫോട്ടോ: എ.എഫ്.പി
ചിരഞ്ജീവി | ഫോട്ടോ: എ.എഫ്.പി

പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി വേഷമിട്ട 'ബ്രോ ഡാഡി' തെലുങ്കില്‍ റീമേക്ക് ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കല്യാണ്‍ കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച വേഷത്തില്‍ ചിരഞ്ജീവിയും പൃഥ്വിരാജ് അവതരിപ്പിച്ച വേഷത്തില്‍ ഷര്‍വാനന്ദും മീന അവതരിപ്പിച്ച കഥാപാത്രമായി തൃഷയും കല്യാണി പ്രിയദര്‍ശന്‍ എത്തിയ റോളില്‍ ശ്രീലീലയും എത്തുമെന്നായിരുന്നു ഏതാനും സിനിമാ ട്രേഡ് അനലിസ്റ്റുകള്‍ ട്വീറ്റ് ചെയ്തത്. എന്നാല്‍, താനുമായി ചിരഞ്ജീവി ചെയ്യാനിരിക്കുന്ന ചിത്രം 'ബ്രോ ഡാഡി'യുടെ റീമേക്ക് അല്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ കല്യാണ്‍ കൃഷ്ണ. തന്റെ ചിത്രം മധ്യവയസ്‌കനായ പിതാവിനെയും മകനെയും ചുറ്റിപ്പറ്റിയാണെന്നത് ശരിയാണെന്നും എന്നാല്‍ അത് 'ബ്രോ ഡാഡി' അല്ലെന്നും കല്യാണ്‍ കൃഷ്ണ വ്യക്തമാക്കി.

''ഞാന്‍ ചെയ്യുന്ന സിനിമ റീമേക്ക് അല്ല. മധ്യവയസ്‌കനായ പിതാവിന്റെയും മകന്റെയും ഹൃദയസ്പര്‍ശിയായ കഥയാണിത്. വളരെ വ്യത്യസ്തമായ സിനിമയാണ്. റിയലിസ്റ്റിക് ചിത്രങ്ങള്‍ ചെയ്യുന്നതിലാണ് അദ്ദേഹം ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ആരാധകര്‍ അതാണ് അദ്ദേഹത്തില്‍നിന്ന് പ്രതീക്ഷിക്കുന്നത്. ചിരഞ്ജീവിയുടെ മകന്‍ രാംചരണ്‍ ആണ് 'ബ്രോ ഡാഡി'യുടെയും 'ഡ്രൈവര്‍ ലൈസന്‍സി'ന്റെയും റീമേക്ക് അവകാശങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത്. അതുകൊണ്ടാണ് പലരും തെറ്റിദ്ധരിച്ച് പോയത്. 'ബ്രോ ഡാഡി'യുടെ റീമേക്കില്‍ ചിരഞ്ജീവി ഭാവിയില്‍ അഭിനയിച്ചേക്കാം. എന്നാല്‍ എന്റെ സിനിമ അതല്ല''- കല്യാണ്‍ കൃഷ്ണ പറഞ്ഞു.

സമീപകാല തെലുങ്ക് സിനിമയില്‍ ഏറ്റവുമധികം റീമേക്കുകള്‍ ചെയ്യുന്ന നടന്‍ ചിരഞ്ജീവിയാണ്. മോഹന്‍ലാല്‍ നായകനായ 'ലൂസിഫര്‍' റീമേക്ക് 'ഗോഡ്ഫാദര്‍' എന്ന പേരിലും അജിത്ത് നായകനായ 'വേതാളം' റീമേക്ക് ഭോല ശങ്കര്‍ എന്ന പേരിലും ചിരഞ്ജീവി ചെയ്തു. ഇതില്‍ 'ഗോഡ്ഫാദര്‍' 2022-ല്‍ പുറത്തിറങ്ങി. 'ലൂസിഫറി'ന്റേതിന് സമാനമായ വിജയം 'ഗോഡ്ഫാദറിന്' നേടാനായില്ലെന്ന് മാത്രമല്ല, വളരെ മോശം അഭിപ്രായങ്ങളാണ് ലഭിച്ചത്. 100 കോടി മുതല്‍മുടക്കില്‍ ഒരുക്കിയ ചിത്രത്തിന് 108 കോടി മാത്രമേ നേടാനായുള്ളൂ. 

'വേതാള'ത്തിന്റെ റീമേക്കായ 'ഭോല ശങ്കര്‍' ആഗസ്റ്റ് 11-നാണ് പുറത്തിറങ്ങിയത്. മോശം അഭിപ്രായങ്ങളാണ് ചിത്രത്തിന്  ലഭിച്ചുകൊണ്ടിരിക്കുന്നത്. ആദ്യദിനം 16.5 കോടിയാണ് വരുമാനം നേടിയത്. ശനിയാഴ്ച വരുമാനം 70% ഇടിഞ്ഞു. ആഗസ്റ്റ് 15-ന് അവധിദിനം ആയിരുന്നിട്ടുകൂടി ആദ്യദിനത്തേക്കാള്‍ വരുമാനം 90% കുറഞ്ഞു.  ആകെ 23 കോടിയാണ് 'ഭോല ശങ്കര്‍' നാല് ദിവസങ്ങള്‍ കൊണ്ട് നേടിയത്. ചിരഞ്ജീവിയുടെ കരിയറിലെ ഏറ്റവും വലിയ പരാജയമായിരിക്കുകയാണ് 'ഭോല ശങ്കര്‍'. 

രജിനികാന്തിന്റെ 'ജയിലറി'നൊപ്പം റിലീസ് ചെയ്തതാണ് 'ഭോല ശങ്കറി'ന് കൂടുതല്‍ വിനയായത്. ആദ്യദിനത്തില്‍ തന്നെ 'ജയിലര്‍' ആന്ധ്രയിലേയും തെലങ്കാനയിലേയും കളക്ഷനില്‍ 'ഭോല ശങ്കറി'നെ പിന്നിലാക്കി. ആദ്യ നാല് ദിനങ്ങള്‍ കൊണ്ട് 32 കോടി രൂപയാണ് 'ജയിലര്‍' ആന്ധ്രയില്‍നിന്നും തെലങ്കാനയില്‍ നിന്നുമായി നേടിയത്.

ചിരഞ്ജീവിയ്ക്ക് പുറമേ തമന്ന ഭാട്ടിയ, കീര്‍ത്തി സുരേഷ് എന്നിവരാണ് 'ഭോല ശങ്കറി'ല്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കീര്‍ത്തിയാണ് ചിരഞ്ജീവിയുടെ കഥാപാത്രമായ ശങ്കറിന്റെ അനുജത്തിയായി വേഷമിടുന്നത്. തമന്ന പ്രണയിനിയായി വേഷമിടുന്നു. ശങ്കര്‍ എന്ന കഥാപാത്രം ചിരഞ്ജീവിയുടെ പ്രായത്തിന് ചേരുന്നതല്ലെന്നാണ് പ്രധാന വിമര്‍ശനം.
 

Content Highlights: chiranjeevi, Bro Daddy, Mohanlal, prithviraj sukumaran, Bhola sankar collection,