അവന്റെ നിറത്തെക്കുറിച്ച് വംശീയ പരാമര്‍ശം നടത്തുന്നത് ഒരിക്കലും നിര്‍ത്തില്ലേ?-കപിലിനെതിരേ ചിന്മയി

പ്രശസ്ത സംവിധായകന്‍ അറ്റ്‌ലീയെ കൊമേഡിയനും അവതാരകനുമായ കപില്‍ ശര്‍മ അടുത്തിടെ ഒരു പരിപാടിയിൽ വെച്ച് പരിഹസിച്ചതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. 'ഗ്രേറ്റ് ഇന്ത്യന്‍ കപില്‍ ഷോ'യില്‍ അതിഥിയായെത്തിയ അറ്റ്‌ലീയോട് കപില്‍ ശര്‍മ ചോദിച്ച ഒരു ചോദ്യമാണ് സാമൂഹികമാധ്യമങ്ങളില്‍ വിവാദത്തിന് തിരികൊളുത്തിയത്. കപില്‍ ശര്‍മയുടെ ചോദ്യം നിറത്തിന്റെ പേരില്‍ അപമാനിക്കുന്ന രീതിയിലുള്ളതാണെന്നാണ് സാമൂഹികമാധ്യമങ്ങളിലെ വിമര്‍ശനം. അതേസമയം കപിലിന്റെ ചോദ്യത്തിന് അറ്റ്‌ലീ നല്‍കിയ മറുപടിക്ക് സാമൂഹികമാധ്യമങ്ങളില്‍ നിറഞ്ഞ കൈയടിയാണ് ലഭിച്ചത്. ഇപ്പോഴിതാ വിവാദത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഗായിക ചിന്മയി ശ്രീപദ.
കപിലിന്റെ പരാമര്‍ശത്തെ രൂക്ഷമായി വിമര്‍ശിച്ച ചിന്മയി അദ്ദേഹത്തിന്റെ വാക്കുകള്‍ നിരാശപ്പെടുത്തിയെന്നും കൂട്ടിച്ചേര്‍ത്തു. എക്‌സിലൂടെയാണ് ചിന്മയിയുടെ പ്രതികരണം. സംഭവത്തില്‍ നിരവധി പേരാണ് കപിലിനെ വിമര്‍ശിച്ച് രംഗത്തെത്തിയത്.
കോമഡിയുടെ പേരില്‍ അവന്റെ നിറത്തെ കുറിച്ച് വംശീയ പരാമര്‍ശങ്ങള്‍ നടത്തുന്നത് ഒരിക്കലും നിര്‍ത്തില്ലേ? കപില്‍ ശര്‍മയെ പോലെ ഇത്രയധികം സ്വാധീനം ചെലുത്താൻ കഴിയുന്ന ഒരാള്‍ ഇങ്ങനെ പറയുന്നത് നിരാശാജനകമാണ്. നിര്‍ഭാഗ്യവശാല്‍ ഇതില്‍ അതിശയിക്കാനില്ല.- ചിന്മയി ശ്രീപാദ ട്വിറ്ററില്‍ കുറിച്ചു.
'നിങ്ങള്‍ ഒരു താരത്തെ കാണാന്‍ പോയപ്പോള്‍ അവര്‍ക്ക് നിങ്ങളെ തിരിച്ചറിയാന്‍ കഴിയാതിരുന്ന സംഭവമുണ്ടായിട്ടുണ്ടോ, അറ്റ്‌ലീ എവിടെയെന്ന് അവര്‍ ചോദിച്ചിട്ടുണ്ടോ' എന്നായിരുന്നു കപില്‍ ശര്‍മയുടെ വിവാദചോദ്യം. എന്നാല്‍, അറ്റ്‌ലീ ഇതിന് കൃത്യമായ മറുപടി നല്‍കി.
''സര്‍, താങ്കളുടെ ചോദ്യം ഒരുതരത്തില്‍ എനിക്ക് മനസിലായി. ഞാന്‍ ഉത്തരം പറയാന്‍ ശ്രമിക്കാം. എ.ആര്‍. മുരുഗദോസ് സാറിനോട് ഏറെ നന്ദിയുള്ളവനാണ് ഞാന്‍, കാരണം എന്റെ ആദ്യ ചിത്രം നിര്‍മിച്ചത് അദ്ദേഹമാണ്. അദ്ദേഹം എന്റെ സ്‌ക്രിപ്റ്റ് ചോദിച്ചപ്പോള്‍ എന്നെ കാണാന്‍ എങ്ങനെയുണ്ടെന്ന് അദ്ദേഹം നോക്കിയിട്ടില്ല. ഞാന്‍ കഴിവുള്ളവനാണോ അല്ലയോ എന്നതാണ് അദ്ദേഹം നോക്കിയത്. പക്ഷേ, അദ്ദേഹത്തിന് എന്റെ സ്‌ക്രിപ്റ്റ് ഇഷ്ടമായി. ലോകം അത് കാണണം. രൂപം കൊണ്ടല്ല, ഹൃദയം കൊണ്ടാണ് ഒരാളെ വിലയിരുത്തേണ്ടത്'', അറ്റ്‌ലീ പറഞ്ഞു.
സംവിധായകന്‍ നല്‍കിയ മറുപടിക്ക് പിന്നാലെ സദസ്സില്‍നിന്ന് കരഘോഷം മുഴങ്ങി. സാമൂഹികമാധ്യമങ്ങളില്‍ ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അവതാരകനായ കപില്‍ ശര്‍മയും അറ്റ്‌ലീയുടെ മറുപടിക്ക് കൈയടിക്കുന്നുണ്ട്.
Content Highlights: Chinmayi Sripaada slams Kapil Sharma for racist jibes on Atlee