ചാപ്ലിന്റെ പ്രവചനാത്മക സൃഷ്ടി; 90-ന്റെ നിറവിൽ 'മോഡേൺ ടൈംസ്'

#എം.സി. രാജനാരായണന്‍
'മോഡേൺ ടൈംസ്' എന്ന ചിത്രത്തിൽനിന്ന് | Photo: Screen grab/ YouTube: Charlie Chaplin
'മോഡേൺ ടൈംസ്' എന്ന ചിത്രത്തിൽനിന്ന് | Photo: Screen grab/ YouTube: Charlie Chaplin

ചാർലി ചാപ്ലിന്റെ ക്ലാസിക് 'മോഡേൺ ടൈംസ്' 90-ന്റെ നിറവിൽ. അക്കാലത്തേക്കാൾ സമൂഹവും മാനവരാശിയും യന്ത്രങ്ങളെ കൂടുതലായി ആശ്രയിക്കുന്ന കാലമാണിത്. കമ്പ്യൂട്ടറും റോബോയും മറികടന്ന് എ.ഐ, എസ്.ഐ. തുടങ്ങിയ ഏറ്റവും നൂതനസങ്കേതങ്ങളിൽ എത്തിനിൽക്കുന്ന ഇന്നത്തെ ലോകത്തെ കുറിച്ചുള്ള ചാപ്ലിന്റെ പ്രവചനാത്മകമായ രചനയാണ് 'മോഡേൺ ടൈംസ്'. കാലത്തിന്റെ കഥയാകവേ തന്നെ കാലാതീതമായ സൃഷ്ടി. ചാർലി ചാപ്ലിന്റെ എക്കാലത്തെയും ഇഷ്ടകഥാപാത്രമായ തെണ്ടി (Tramp) തന്നെയാണ് മോഡേൺ ടൈംസിലെയും പ്രധാന കഥാപാത്രം.

സത്യജിത് റായിയുടെ പ്രിയ സംവിധായകരിൽ ഒരാളായിരുന്നു ചാപ്ലിൻ. ചാർലി ചാപ്ലിൻ സിനിമകളെ കുറിച്ച് സംവിധായകനാകുന്നതിന് മുമ്പും ശേഷവും എഴുതിയിട്ടുണ്ട് റായി. റായിയുടെ അവർ ഫിലിംസ് ദേയർ ഫിലിംസ് എന്ന ഗ്രന്ഥത്തിൽ ചാപ്ലിന്റെ ‘ഗോൾഡ് റഷി’നെ കുറിച്ച് ദീർഘമായിതന്നെ എഴുതിയിട്ടുണ്ട്.

ചാപ്ലിന്റെ 'മോഡേൺ ടൈംസ്' അന്നും ഇന്നും ഏറെ പ്രസക്തം തന്നെ. വ്യവസായവത്കരണത്തിന്റെ പാർശ്വഫലങ്ങളെ കുറിച്ചും യന്ത്രങ്ങളെ അമിതമായി ആശ്രയിക്കുന്നതിനെ കുറിച്ചും ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടിയോടെ ചാപ്ലിൻ വിലയിരുത്തുമ്പോൾ അതിന്റെ പ്രസക്തിയും അർഥവും കാലാതീതമായി തുടരുന്നു. അന്നത്തെപ്പോലെ ഇന്നും യന്ത്രവത്കരണത്തിന്റെ ഗുണഫലങ്ങൾ എന്നപോലെ ദൂഷ്യവശങ്ങളും മാനവജീവിതത്തെ ബാധിക്കുന്നുണ്ട്. രജനീഷ് ഒരിക്കൽ പറഞ്ഞു 'യന്ത്രങ്ങൾ മനുഷ്യനുവേണ്ടി എന്നതിലുപരി യന്ത്രങ്ങൾക്ക് വേണ്ടി യജ്ഞിക്കുന്ന മനുഷ്യരെയാണ് ഇന്നു നാം കാണുന്നത്'.

വ്യവസായവത്കരണത്തിനു ശേഷം ലോകത്ത് സംഭവിച്ച വലിയ സാമ്പത്തിക മാന്ദ്യം സമ്പന്ന രാഷ്ട്രങ്ങളെ ബാധിച്ചതിന്റെ തിക്തഫലം അനുഭവിച്ചത് തൊഴിലാളികൾ തന്നെയായിരുന്നു. മാനവരാശിയെ തന്നെ, പ്രത്യേകിച്ചും തൊഴിലാളി വർഗത്തെ പ്രതികൂലമായി ബാധിച്ച സാമ്പത്തിക മാന്ദ്യത്തിനുശേഷം യന്ത്രവത്കരണം മനുഷ്യജീവിതം മാറ്റിമറിച്ചത് പരിശോധിക്കുകയാണ് 'മോഡേൺ ടൈംസി'ൽ ചാപ്ലിൻ. ഒരു വലിയ ഫാക്ടറിയിലാണ് ചാപ്ലിൻ അവതരിപ്പിച്ച തെണ്ടി എന്ന പതിവു കഥാപാത്രം ജോലി ചെയ്തിരുന്നത്. സി.സി.ടി.വി. സംവിധാനം അന്നേ ആ ഫാക്ടറിയിൽ ഉണ്ട്. അവിടെ നടക്കുന്നതെന്തും, തൊഴിലാളികളുടെ പ്രവർത്തനമടക്കം സ്‌ക്രീനിൽ വീക്ഷിക്കുന്ന മാനേജർമാരും അധികാരികളും. ഭാഗങ്ങളായി വരുന്ന യന്ത്രശകലങ്ങളെ കൂട്ടിയോജിപ്പിക്കുന്ന സ്‌ക്രൂ മുറുക്കുന്ന ജോലിയാണ് ചാപ്ലിൻ ചെയ്യുന്നത്.

പടത്തിന്റെ ആരംഭത്തിൽ ഒരുപറ്റം ആടുകളെ തെളിച്ചുകൊണ്ടുപോകുന്നത് പകർത്തിക്കൊണ്ട് തൊഴിലാളികൾ ഫാക്ടറിയിലേക്ക് പ്രവേശിക്കുന്ന സീനുമായി ഡിസോൾവ് ചെയ്തിരിക്കുന്നത് പ്രതീകാത്മവും അർഥഗർഭവും തന്നെ. തൊഴിലാളികൾ എന്നാൽ ആട്ടിൻപറ്റത്തെപ്പോലെ അനുസരിക്കുവാൻ മാത്രം പഠിച്ച വ്യക്തിത്വമോ ഇച്ഛാശക്തിയോ ഇല്ലാത്ത, അതൊന്നും പാടില്ലാത്ത ഒരു കൂട്ടം മാത്രമാണെന്നാണ് അധികാരികൾ കണക്കാക്കുന്നത്. ടോയ്ലറ്റിൽ പോകുന്ന ചാപ്ലിൻ സിഗരറ്റ് കൊളുത്താൻ തുടങ്ങുന്ന അവസരത്തിൽ ജോലിക്ക് തിരിച്ചു കയറുവാനുള്ള ഓർഡർ എത്തുന്നു. യന്ത്രങ്ങളും ചേർന്നതാണ് ആ ഫാക്ടറി. രംഗങ്ങളിൽ ചാപ്ലിൻ നർമം കലർത്തുന്നുണ്ടെങ്കിലും യഥാർഥത്തിൽ വളരെ ശോചനീയമായ അവസ്ഥയാണ് വെളിപ്പെടുന്നത്.

സ്‌ക്രൂ മുറുക്കുന്ന ജോലി ചെയ്തു കൊണ്ടിരിക്കുന്ന ചാപ്ലിൻ ജോലിസമയത്തിന് ശേഷവും കൈകൾ യാന്ത്രികമായി ചലിപ്പിക്കുന്നത് ചിന്തോദ്ദീപകമാണ്. ചിരിയിൽ പൊതിഞ്ഞ ചിന്തകളും അർഥസമ്പന്നമായ ആലോചനകളുമാണ് ചാപ്ലിൻ ചിത്രങ്ങളുടെ സവിശേഷത. കഥാപാത്രത്തിന്റെ തുടർച്ച പോലെതന്നെ ആക്ഷേപഹാസ്യവും പ്രകടമാകുന്നത് കുറിക്കുകൊള്ളുന്ന നിലയിൽ തന്നെ. സമൂഹത്തിലെ അനീതികൾക്കും വ്യവസ്ഥയ്ക്കും നേരെ തെണ്ടി എന്ന് അനശ്വര കഥാപാത്രം ചെയ്യുന്ന കൂരമ്പുകളാണ്‌ ഹാസ്യത്തിൽ പൊതിഞ്ഞു വരുന്നത്.

'മോഡേൺ ടൈംസി'ലെ ഏറ്റവും പ്രധാനപ്പെട്ട സീക്വൻസ് അധികാരികൾ ഭക്ഷണം കഴിപ്പിക്കുന്ന യന്ത്രത്തിൽ പരീക്ഷണ വിധേയനാക്കുന്നതാണ്‌. മെഷീനും മുന്നിലിരുന്നാൽ പിന്നെ എല്ലാം ദ്രുതഗതിയിൽ സംഭവിക്കുന്നു. സമയം ലാഭിക്കുകയാണ് ഉദ്ദേശ്യം. യന്ത്രത്തിന്റെ മുന്നിൽ മുഖംവയ്ക്കുന്ന ചാപ്ലിൻ, അരികിലേക്ക് യന്ത്രകൈകൾ നീണ്ടുവരുന്നത് വായിൽ ഭക്ഷണം നൽകുവാനാണ്. ഫാക്ടറി ഉടമയുടെ പുതിയ പരീക്ഷണം. യന്ത്രകൈകൾ സൂപ്പും മറ്റു ആഹാരപദാർഥങ്ങളും വായിലേക്ക് എത്തിക്കുമ്പോൾ വായ തുറന്നാൽ മതി. എല്ലാം നിരനിരയായി ഉള്ളിലെത്തുന്നു. പരീക്ഷണം തുടരുന്നതിനിടയിലാണ് അപകടം സംഭവിക്കുന്നത്. യന്ത്രത്തിന്റെ തലച്ചോറിന്‌ നിയന്ത്രണം നഷ്ടമാവുകയും സൂപ്പ് മുഖത്തേക്കും മറ്റ് ആഹാരപദാർഥങ്ങൾ പലഭാഗങ്ങളിലേക്കുമായി പതിക്കുന്നു. മുഖം തിരിക്കുവാനോ എഴുന്നേൽക്കുവാനോ സ്വാതന്ത്ര്യം ഇല്ലാത്ത ചാപ്ലിന് എല്ലാം സഹിക്കുകയേ നിർവാഹമുണ്ടായിരുന്നുള്ളൂ. പരാജയപ്പെട്ട പരീക്ഷണം.

അതുപോലെ തന്നെ ഭീകരമാണ് എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ട് കൺവെയർ ബെൽറ്റിലൂടെ ചാപ്ലിൻ യന്ത്രത്തിലുള്ള വലിച്ചിഴയ്ക്കപ്പെടുന്നത്. അതോടെ അയാളുടെ സ്വബോധം നഷ്ടപ്പെടുന്നു. ക്രമേണ സമനില തെറ്റുന്നു. ജോലി ചെയ്യാനാവാതെ അയാളെ ഭ്രാന്താശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഗം ഭേദമായി അവിടെനിന്ന് പുറത്തുകടക്കുന്ന ചാപ്ലിൻ മനസ്സിലാക്കുന്ന ദുരന്ത സത്യം ഫാക്ടറിയുടെ പ്രവർത്തനം നിലച്ചു എന്നതാണ്. ജോലി നഷ്ടപ്പെടുന്നു.

ചിലപ്പോഴൊക്കെ ജീവിതം കലയെ അനുകരിക്കുന്നതായി കാണാം. ജീവിതം കലാസൃഷ്ടിയെ പിന്തുടരുന്നതിന്റെ ഉദാഹരണമാണ് ചാപ്ലിന്റെ ജീവിതത്തിൽ സംഭവിച്ചത്. സിനിമയിൽ യാദൃച്ഛികമായി കിട്ടിയ ചുവന്ന കൊടിയുമായി ജാഥയ്ക്കൊപ്പം ചേർന്നതിന്റെ ശിക്ഷയായി ചാപ്ലിന് ജയിൽവാസം അനുഭവിക്കേണ്ടിവരുന്നു. ജീവിതത്തിൽ അമേരിക്കയിൽനിന്ന് ചാപ്ലിൻ നിഷ്കാസിതനാകാൻ കാരണം ഒരിക്കലും തെളിയിക്കപ്പെടാത്ത കമ്യൂണിസ്റ്റ് ബന്ധം തന്നെയായിരുന്നു. തടവറയിൽനിന്ന് മോചനം നേടുന്ന പടത്തിലെ ചാപ്ലിൻ താൻ രക്ഷിച്ച അനാഥയുവതിയുമൊത്ത് പുതിയൊരു ജീവിതം തുടങ്ങുന്നുണ്ടെങ്കിലും നിനവിൽ അല്ല, കിനാവിൽ മാത്രമാണ് അവർക്ക് സന്തോഷവും സംതൃപ്തിയും ലഭിക്കുന്നത്. അന്ത്യത്തിൽ ശുഭാപ്തി വിശ്വാസത്തോടെ ജീവിതത്തെ അഭിമുഖീകരിക്കുകയാണ് അവർ. നിശബ്ദ ചിത്രമാണെങ്കിലും ശബ്ദചിത്രത്തേക്കാൾ ആശയവിനിമയം സുസാധ്യമാകുന്ന പടമാണ് ചാപ്ലിന്റെ 'മോഡേൺ ടൈംസ്'.

അമേരിക്കയിൽനിന്ന് പുറത്താക്കപ്പെട്ട ചാപ്ലിൻ പിന്നീട് ജീവിച്ചത് സ്വിറ്റ്‌സർലൻഡിൽ ആയിരുന്നു. ദാരിദ്ര്യവും ദുരിതവും നിറഞ്ഞ ബാല്യ- കൗമാരങ്ങൾ മറികടന്ന് വിശ്വപ്രസിദ്ധനായ കലാകാരനായിരുന്നു ചാർലി ചാപ്ലിൻ. ഇന്നും ആബാലവൃദ്ധം ജനങ്ങൾ കണ്ട് ആസ്വദിക്കുന്ന പടങ്ങളാണ് ചാപ്ലിന്റേത്. 'ദി കിഡ്', 'ദി ഗ്രേറ്റ് ഡിക്റ്റേറ്റർ', 'ദി ഗോൾഡ് റഷ്', 'സിറ്റി ലൈറ്റ്‌സ്' എന്നിവയാണ് മറ്റ് ചാപ്ലിൻ ക്ലാസിക്കുകൾ. 'ലൈം ലൈറ്റ്' എന്ന അന്ത്യചിത്രത്തിൽ ചാപ്ലിൻ സ്വയം ചാർലി ചാപ്ലിൻ ആയി തന്നെ പ്രത്യക്ഷപ്പെടുന്നുണ്ട്‌.

Content Highlights: Modern Times reaches its 90th anniversary, remaining highly relevant in the age of AI and robotics. The film serves as a prophetic satire on industrialization and the dehumanization of the working class. Chaplin's 'Tramp' character symbolizes the struggle against mechanical constraints and economic instability. The film highlights the blurred lines between human autonomy and machine-led productivity. Despite being a silent film, its visual storytelling transcends time, offering deeper insights than many modern talkies.