ഡൽഹിയിൽ കല്ലേറ് നിർത്തിക്കാൻ വന്നവർ തിരിച്ചുപോയീന്ന് കേട്ടു; കൃഷ്ണകുമാറിനെതിരെ ചന്തു,പേളിക്കും ട്രോൾ

#Movies Desk
പേളി മാണി, ചന്തു സലിംകുമാർ, കൃഷ്ണകുമാർ | Photo: Facebook/ Pearle Maaney, Chandu Salimkumar, Krishna kumar
പേളി മാണി, ചന്തു സലിംകുമാർ, കൃഷ്ണകുമാർ | Photo: Facebook/ Pearle Maaney, Chandu Salimkumar, Krishna kumar

കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭത്തെ തുടർന്ന് കേന്ദ്രവിദ്യാഭ്യാസ മന്ത്രി രാജിവെച്ചതിന് പിന്നാലെ ട്രോളുമായി നടൻ ചന്തു സലിംകുമാർ. പ്രക്ഷോഭത്തിനെതിരെ രംഗത്തെത്തിയ നടനും ബി.ജെ.പി. നേതാവുമായ കൃഷ്ണകുമാറിനും അഴകൊഴമ്പൻ നിലപാട് സ്വീകരിച്ച പേളിക്കുമാണ് ചന്തുവിന്റെ ട്രോൾ. ഇരുവരുടെയും മുൻനിലപാടുകൾ സൂചിപ്പിച്ചായിരുന്നു ട്രോൾ.

'കശ്മീരിൽ കല്ലേറ് നിർത്തിച്ചവർ ഡൽഹിയിൽ കല്ലേറ് നിർത്തിക്കാൻ വന്നിട്ട് തിരിച്ചുപോയീന്ന് കേട്ടു. ശരിയാണോ ഗയ്‌സ്', എന്നായിരുന്നു ചന്തുവിന്റെ ഇൻസ്റ്റഗ്രാം സ്‌റ്റോറി. താഴെ ചെറിയ അക്ഷരങ്ങളിൽ 'കാവി എന്റെ ഇഷ്ടനിറമാണ്' എന്നും ചന്തു കുറിച്ചു.

'കശ്മീരിലെ കല്ലേറ് നിർത്താൻ അറിയാമെങ്കിൽ പിന്നെയാ ഡൽഹി', എന്ന് കൃഷ്ണകുമാർ സമരത്തിനിടെ സാമൂഹികമാധ്യമങ്ങൾ വഴി പ്രതികരിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രമടങ്ങുന്ന പോസ്റ്റർ പങ്കുവെച്ചായിരുന്നു പ്രതികരണം. ഇതിനെയാണ് ചന്തു ട്രോളിയത്.

നേരത്തെ, സമരത്തെ പിന്തുണച്ച പേളി മാണി, അക്രമസംഭവങ്ങളിൽനിന്ന് വിദ്യാർഥികൾ വിട്ടുനിൽക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു. ജീവൻ അപകടത്തിലാണെങ്കിൽ വീട്ടിലേക്ക് മടങ്ങുക. സ്വന്തം ജീവൻ നഷ്ടപ്പെടുത്താൻ മാത്രം വലുതായി ഒരു ലക്ഷ്യവുമില്ല. ഏതൊരു ജനകീയ പ്രസ്ഥാനവും വലുതാവുമ്പോൾ വികാരങ്ങൾ ആഞ്ഞടിക്കുകയും വ്യത്യസ്ത ശബ്ദങ്ങൾ ഉയർന്നുവരുകയും ചെയ്യും. പ്രക്ഷോഭത്തിന്റെ യഥാർഥ ലക്ഷ്യം ഒരിക്കലും വഴിതിരിഞ്ഞുപോവരുതെന്നും പേളി കുറിച്ചിരുന്നു.

മറ്റൊരു പോസ്റ്റിൽ പേളി തന്റെ ഇഷ്ടനിറം കാവിയാണെന്ന് കുറിച്ചിരുന്നു. ഇത് സൂചിപ്പിച്ചാണ് ചന്തുവിന്റെ ട്രോൾ.

Content Highlights: Actor Chandhu Salimkumar mocked BJP leader Krishnakumar and media personality Pearle Maaney following the resignation of the Union Education Minister triggered by the Cockroach Janata Party protest. In an Instagram story, Chandhu took a satirical jab at Krishnakumar by asking if those who went to stop stone-pelting in Delhi had returned empty-handed. This was a direct response to Krishnakumar's earlier social media post featuring Prime Minister Narendra Modi, where he claimed expertise in stopping Kashmir's stone-pelting incidents. Chandhu also targeted Pearle Maaney by writing "Saffron is my favorite color" in small font at the bottom of his story, echoing her previous controversial statement. Pearle Maaney had earlier faced backlash for taking a neutral stance on the student protest while advising students to return home if their lives were in danger