ചലച്ചിത്ര അക്കാദമി അധ്യക്ഷസ്ഥാനം: വനിതാപ്രാതിനിധ്യം ചർച്ചയിൽ, പരിഗണനയിൽ ബീനാപോളും

ബീന പോൾ | photo: SAJAN V NAMBIAR/MATHRUBHUMI
ബീന പോൾ | photo: SAJAN V NAMBIAR/MATHRUBHUMI

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി അധ്യക്ഷസ്ഥാനത്ത് വനിതാപ്രാതിനിധ്യം വേണമെന്ന ആവശ്യത്തിൽ സി.പി.എമ്മിലും ചർച്ച. അക്കാദമി നിലവിൽവന്നിട്ട് കാൽനൂറ്റാണ്ടായിട്ടും സംവിധായകർമാത്രമാണ് അധ്യക്ഷസ്ഥാനത്ത് എത്തിയിട്ടുള്ളത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്നുണ്ടായ വെളിപ്പെടുത്തലുകളുടെയും ചെയർമാനായിരുന്ന രഞ്ജിത്തിന്റെ രാജിയുടെയും പശ്ചാത്തലത്തിലാണ് വനിതയെ നിയമിക്കണമെന്ന ആവശ്യം.

വൈസ് ചെയർമാനും അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ആർട്ടിസ്റ്റിക് ഡയറക്ടറുമായിരുന്ന എഡിറ്റർ ബീനാപോളിനെ അധ്യക്ഷയാക്കണമെന്ന് ആവശ്യപ്പെട്ട് വനിതകളുടെ കൂട്ടായ്മ സർക്കാരിനെ സമീപിച്ചിരുന്നു. സിനിമയിലെ വനിതാപ്രവർത്തകരുടെ കൂട്ടായ്മ ഡബ്ല്യു.സി.സി.യും ഇതേ ആവശ്യമുന്നയിച്ചു.

ചലച്ചിത്രമേളയുടെ ആർട്ടിസ്റ്റിക് ഡയറക്ടറായി പ്രവർത്തിച്ചിട്ടുള്ള ദീപിക സുദർശനുവേണ്ടിയും ഒരുവിഭാഗം വാദിക്കുന്നുണ്ട്. നിയമനത്തിൽ സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റിന്റെയും മുഖ്യമന്ത്രിയുടെയും സാംസ്കാരികമന്ത്രിയുടെയും നിലപാടും നിർണായകമാകും. സി.പി.എം. ബന്ധവും പരിഗണയിൽവരും.

Content Highlights: chalachithra academy president Women representation in consideration