'എസ് ഐ ആന്‍റണി'യെ നായകനാക്കിയുള്ള ചിത്രമെന്തായെന്ന് ആന്റണി പെരുമ്പാവൂർ, 'തീ പാറു'മെന്ന് പൃഥ്വിരാജ്

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയുടെ ജനുവരി 26ന് റിലീസിന് തയ്യാറെടുത്തിരിക്കുകയാണ്. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെ ചിത്രം പുറത്തിറങ്ങാൻ മണിക്കൂറുകൾ മാത്രം ശേഷിക്കേ നടൻ മോഹൻലാൽ പങ്കുവച്ച ട്വീറ്റും അതിന് താഴെ പൃഥ്വിരാജും നിർമാതാവ് ആന്റണി പെരുമ്പാവൂരും നൽകിയ കമന്റുകളുമാണ് ആരധകരുടെ ഇടയിൽ ശ്രദ്ധ നേടുന്നത്.
ജോൺ കാറ്റാടി എന്ന കഥാപാത്രമായി മോഹൻലാൽ എത്തുന്ന ചിത്രത്തിൽ മകൻ ഈശോ ജോൺ കാറ്റാടിയായാണ് പൃഥ്വിരാജ് എത്തുന്നത്.
'ഈശോ ജോണ്‍ കാറ്റാടിയെപ്പോലെ ഒരു മകന്‍ ഏതൊരു അച്ഛന്‍റെയും സ്വപ്‍നമാണ്. ഞാന്‍ തമാശ പറയുകയല്ല' എന്നായിരുന്നു മോഹന്‍ലാലിന്‍റെ ട്വീറ്റ്. ഈ ട്വീറ്റിനു താഴെ ചിത്രത്തിന്‍റെ നിര്‍മ്മാതാവായ ആന്‍റണി പെരുമ്പാവൂരും പൃഥ്വിരാജും നടത്തിയിരിക്കുന്ന പ്രതികരണങ്ങളാണ് ഏറെ രസകരം. ചിത്രത്തിൽ എസ്.ഐ ആന്റണി എന്ന കഥാപാത്രമായി ആന്റണി പെരുമ്പാവൂരും വേഷമിടുന്നുണ്ട്.
'എസ് ഐ ആന്‍റണി'യെ നായകനാക്കിയുള്ള ചിത്രത്തെക്കുറിച്ചുള്ള ആന്‍റണി പെരുമ്പാവൂരിന്റെ ചോദ്യത്തിന് "സെറ്റ് ആക്കാം അണ്ണാ. തീ പാറും. ബൈ ദി ബൈ ആ എമ്പുറാൻ ബജറ്റില്‍ ഒന്നൂടെ ഇരിക്കണം", എന്നാണ് പൃഥ്വിരാജ് നല്‍കിയിരിക്കുന്ന പ്രതികരണം. ജോൺ കാറ്റാടിയുടെ ഭാഗത്ത് നിന്നും ലഭിച്ച അഭിനന്ദനം തന്നെ ഞെട്ടിച്ചെന്നും പൃഥ്വി ട്വീറ്റ് ചെയ്യുന്നുണ്ട്.
കല്യാണി പ്രിയദർശൻ, ഉണ്ണി മുകുന്ദൻ, സൗബിൻ ഷാഹിർ, ജാഫർ ഇടുക്കി, ലാലു അലക്സ്, ജഗദീഷ്, മീന, നിഖില വിമൽ, കനിഹ, കാവ്യ എം ഷെട്ടി, മല്ലിക സുകുമാരൻ തുടങ്ങിയവരാണ് മറ്റുതാരങ്ങൾ.
ശ്രീജിത്ത് എൻ, ബിബിൻ ജോർജ് എന്നിവരുടേതാണ് തിരക്കഥ. അഭിനന്ദൻ രാമാനുജം ഛായാഗ്രഹണവും ദീപക് ദേവ് സംഗീത സംവിധാനവും നിർവഹിക്കുന്നു.ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമാണം. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഈ മാസം 26ന് ചിത്രം പ്രദർശനത്തിനെത്തും.
Content Highlights : Bro Daddy Prithviraj Mohanlal Antony Perumbavoor Funny Tweet
Content Highlights: