ബ്രിക്സ് ഉച്ചകോടിക്കിടെ കിഷോർ ഗാനം ആലപിച്ച് മലേഷ്യൻ പ്രധാനമന്ത്രി, കയ്യടി

ന്യൂഡൽഹിയിൽ നടക്കുന്ന 18-ാമത് ബ്രിക്സ് ഉച്ചകോടിക്കിടെ ഹിന്ദി ഗാനം ആലപിച്ച് കയ്യടിനേടി മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം. കിഷോർകുമാർ ആലപിച്ച ക്ലാസിക് ഹിറ്റ് ഗാനമായ "ഖ്വാബ് ഹോ തും യാ കോയി ഹഖീഖത്ത്" ആണ് അൻവർ ഇബ്രാഹിം പാടിയത്. അദ്ദേഹം തന്നെയാണ് ഗാനം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. നിരവധി സംഗീത പ്രേമികളാണ് വീഡിയോക്ക് അഭിനന്ദനവുമായെത്തിയത്.
ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനാണ് മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം രാജ്യതലസ്ഥാനത്ത് എത്തിയത്. ഉച്ചകോടിക്കിടെ ഒരു അനൗദ്യോഗിക പരിപാടിക്കിടെയായിരുന്നു അദ്ദേഹം ഹിന്ദി ഗാനം ആലപിച്ചത്.
1965-ൽ പുറത്തിറങ്ങിയ തീൻ ദേവിയാം എന്ന ചിത്രത്തിനുവേണ്ടി എസ്.ഡി. ബർമൻ ചിട്ടപ്പെടുത്തിയ ഗാനമാണ് ഖ്വാബ് ഹോ തും. ഒരു പിയാനോയുടെ അകമ്പടിയിലാണ് മലേഷ്യൻ പ്രധാനമന്ത്രി ഈ ഗാനം ആലപിച്ചത്. ഒരു പാട്ടുപാടാൻ അവസരം തരാമോ എന്നർത്ഥമുള്ള മലായ് വരികളാണ് അദ്ദേഹം വീഡിയോക്കൊപ്പം കുറിച്ചത്.
ഇതാദ്യമായല്ല ഇൻവർ ഇബ്രാഹിം ഇന്ത്യയോടും ഹിന്ദി ഗാനങ്ങളോടുമുള്ള തന്റെ ഇഷ്ടം വ്യക്തമാക്കുന്നത്. ഇന്ത്യയിലേക്കുള്ള മുൻ സന്ദർശനവേളകളിൽ കിഷോർ കുമാറിന്റെയും മുകേഷിന്റെയും ഗാനങ്ങൾ അദ്ദേഹം ആലപിച്ചിട്ടുണ്ട്. ഔദ്യോഗിക നയതന്ത്ര ചർച്ചകളിൽ മലേഷ്യയും ഇന്ത്യയും തമ്മിലുള്ള ചരിത്രപരവും സാംസ്കാരികവുമായ ബന്ധങ്ങൾ മലേഷ്യൻ പ്രധാനമന്ത്രി സ്ഥിരമായി എടുത്തുപറയാറുണ്ട്.
Content Highlights: Malaysian Prime Minister Anwar Ibrahim brought a touch of soft-power diplomacy to the 18th BRICS Summit in New Delhi by performing Kishore Kumar’s classic song “Khwaab Ho Tum Ya Koi Haqeeqat,” captivating social media users across India and Southeast Asia.