‘ദുരിതം പരിഹരിച്ചില്ലെങ്കിൽ ബോളിവുഡ് സ്തംഭിപ്പിക്കും’; മുന്നറിയിപ്പുമായി തൊഴിലാളി സംഘടന

#Movies Desk
ബി.എന്‍. തിവാരി | Photo: ANI
ബി.എന്‍. തിവാരി | Photo: ANI

ബോളിവുഡിൽ പിന്നണി പ്രവർത്തകർ നേരിടുന്നത് കടുത്ത അവഗണനയാണെന്ന് ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യ സിനി എംപ്ലോയീസ്. തൊഴിലാളികൾ നേരിടുന്ന പ്രശ്‌നങ്ങളിൽ പരിഹാരമുണ്ടായില്ലെങ്കിൽ സിനിമാ നിർമാണം തന്നെ നിർത്തിവെക്കേണ്ടിവരുമെന്ന് ഫെഡറേഷൻ അധ്യക്ഷൻ ബി.എൻ. തിവാരി മുന്നറിയിപ്പ് നൽകി. തൊഴിലില്ലായ്മ, കുറഞ്ഞ വേദനം, അമിത ജോലിഭാരം എന്നിവ തൊഴിലാളികളുടെ ജീവിതം ദുസ്സഹമാക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പലപ്പോഴും ജോലിക്കുള്ള പ്രതിഫലം ലഭിക്കാൻ മാസങ്ങളോളം കാത്തിരിക്കേണ്ടി വരുന്നുവെന്ന് ബി.എൻ. തിവാരി ചൂണ്ടിക്കാട്ടി.ഒടിടി പ്ലാറ്റ്ഫോമുകൾക്കായി ചെയ്യുന്ന പ്രൊജക്റ്റുകളിൽ പണം ലഭിക്കുമ്പോഴേക്കും അത് നിർമിച്ച കമ്പനിയെയോ നിർമാതാവിനെയോ കണ്ടെത്താൻ പോലും കഴിയാത്ത അവസ്ഥയുണ്ടാകുന്നു. തൊഴിലാളികളെക്കൊണ്ട് ദിവസം 20 മണിക്കൂർ വരെ തുടർച്ചയായി ജോലി ചെയ്യിപ്പിക്കുന്നു. എന്നാൽ ഇത്രയധികം നേരം പണിയെടുത്താലും അടിസ്ഥാനപരമായ എട്ട് മണിക്കൂർ ജോലിക്കുള്ള വേതനം പോലും പലർക്കും കൃത്യമായി ലഭിക്കുന്നില്ലെന്നും തിവാരി ആരോപിച്ചു.

കുടുംബം പുലർത്താൻ മറ്റ് വഴികളില്ലാത്തതിനാൽ, കുറഞ്ഞ വേതനത്തിന് ജോലി ചെയ്യാൻ തൊഴിലാളികൾ നിർബന്ധിതരാകുന്നു. ഒടിടി പ്ലാറ്റ്ഫോമുകളുടെയും മറ്റും കടന്നുവരവോടെ കൂടുതൽ ഉൽപ്പന്നങ്ങൾ പുറത്തിറക്കുന്നതിലാണ് എല്ലാവരും ശ്രദ്ധിക്കുന്നത്. ഇത് ജോലിയുടെ ഗുണനിലവാരത്തെ ബാധിക്കുകയും സ്‌പോട്ട് ബോയ്‌സ്, ലൈറ്റ് മെൻ, ആർട്ട് ഡയറക്ടർമാർ തുടങ്ങിയ ദിവസവേതനക്കാരുടെ വരുമാനത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തൊഴിലാളികൾ നേരിടുന്ന പ്രതിസന്ധികൾ പരിഹരിച്ചില്ലെങ്കിൽ ബോളിവുഡ് സിനിമാ വ്യവസായം വലിയ പ്രതിസന്ധി നേരിടേണ്ടിവരുമെന്ന് തിവാരി മുന്നറിയിപ്പ് നൽകി. തൊഴിലാളികളുടെ ദുരിതം തുടരുകയാണെങ്കിൽ ബോളിവുഡ് മുഴുവനായി സ്തംഭിക്കും. സാഹചര്യം തുടർന്നാൽ തൊഴിലാളികൾക്ക് തെരുവിലിറങ്ങേണ്ടിവരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Content Highlights: FWICE warns of a complete Bollywood shutdown if labor grievances are ignored. Workers face issues like wage theft, unemployment, and excessive 20-hour work shifts. OTT projects lack payment accountability, leaving daily wage earners unpaid for months. Systemic exploitation is driving workers to consider public protests