'3D ബാലേ, ഉറങ്ങിപ്പോയി, ഞെട്ടി വശംകെട്ടു'; ‘രാമായണ’യ്ക്കെതിരെ വിമർശനവുമായി ശാരദക്കുട്ടി

#മൂവി ഡെസ്ക്
എസ്. ശാരദക്കുട്ടി, രാമായണ എന്ന ചിത്രത്തിന്റെ പോസ്റ്റർ | ഫോട്ടോ: മധുരാജ്\ മാതൃഭൂമി, X
എസ്. ശാരദക്കുട്ടി, രാമായണ എന്ന ചിത്രത്തിന്റെ പോസ്റ്റർ | ഫോട്ടോ: മധുരാജ്\ മാതൃഭൂമി, X

ബോളിവുഡ് ചിത്രം രാമായണയ്ക്കെതിരെ അതിരൂക്ഷ വിമർശനവുമായി സാഹിത്യകാരി എസ്. ശാരദക്കുട്ടി. സിനിമ കണ്ടുകൊണ്ടിരുന്നപ്പോൾ ഉറങ്ങിപ്പോയെന്ന് അവർ സോഷ്യൽ മീഡിയാ പോസ്റ്റിൽ തുറന്നടിച്ചു. 3D ബാലെ ആയിട്ടാണ് ചിത്രം അനുഭവപ്പെട്ടത്. യഷും സായി പല്ലവിയും ശോഭനയും ഒഴികെ ആരും ആകർഷണീയമായി തോന്നിയില്ല. രണ്ടാം ഭാഗം കാണുവാനുള്ള ഒരു തോന്നലും ഉണ്ടാക്കാത്ത ഒന്നാം ഭാഗമാണിതെന്നും അവർ വ്യക്തമാക്കി.

ശാരദക്കുട്ടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

രാമായണം കണ്ടു. വെട്ടിലും കുത്തിലും അക്രമങ്ങളിലും ആരംഭിക്കൽ ചെറു സിനിമകൾ മുതൽ ബ്രഹ്മാണ്ഡ സിനിമകൾ വരെ ഒരു ഫാഷനാക്കിയിരിക്കുന്നു. 3D യിൽ പലപ്പോഴും തലയും കഴുത്തും വെട്ടിച്ചു കൊണ്ടിരുന്നു. കുന്തമൊക്കെ മുഖത്തേക്ക് വരുന്നത് പണ്ടേ കണ്ടതെങ്കിലും ഞെട്ടി ഞെട്ടി വശം കെട്ടു.

രാക്ഷസരൂപങ്ങളിൽ രാവണനൊഴികെ എല്ലാവരും ഒരു ബാലേയിൽ കാണുന്നതു പോലെ വികൃതരൂപങ്ങളായേ എനിക്കു തോന്നിയുള്ളു. തികച്ചും ഒരു 3D ബാലേ. രാവണൻ അന്യായ പേഴ്‌സനാലിറ്റി !!

ദശരഥൻ്റെ പുത്രകാമേഷ്ടിയും രാവണൻ്റെ സീതയെ തട്ടിക്കൊണ്ടു പോകലും ഒന്നും വിസ്തരിക്കാതെ ഒതുക്കത്തിൽ കാണിച്ചത് നന്നായി. ഇടക്കൊന്നു മയങ്ങിപ്പോയതു കൊണ്ട് മണ്ഡോദരി വന്ന ഭാഗവും മാരീചൻ്റെ മാൻ രൂപം വന്ന ഭാഗവുമൊക്കെ ശ്രദ്ധിക്കാൻ പറ്റിയില്ല. പരശുരാമ ശ്രീരാമ സംഘട്ടനവും ഉറക്കത്തിനിടയിലാണ് സംഭവിച്ചത്. 35 വർഷം മുൻപ് കണ്ട രാമായണത്തിൽ നിന്ന് വ്യത്യസ്തമായി ടെക്നിക്കലി അല്ലാതെ പുതുതായി മാറ്റമൊന്നും സംഭവിക്കുന്നില്ല എന്ന് മനസ്സിലായി കഴിഞ്ഞിരുന്നു.

യാഷും സായി പല്ലവിയും ശോഭനയും ഒഴികെ ആരും ആകർഷണീയമായി തോന്നിയില്ല. പുഷ്പകവിമാനവും ജടായുവും വനങ്ങളും കാഴ്ചയിൽ അതീവ ഭംഗിയായി. രണ്ടാം ഭാഗം കാണുവാനുള്ള ഒരു തോന്നലും ഉണ്ടാക്കാത്ത ഒന്നാം ഭാഗം.

1000 കോടി കളക്ഷൻ പിന്നിട്ട് രാമായണ

1000 കോടിയാണ് ചിത്രം ഇതുവരെ ആഗോളതലത്തിൽ നേടിയത്. ഏറ്റവും വേഗത്തിൽ 1,000 കോടി ക്ലബ്ബിൽ എത്തുന്ന മൂന്നാമത്തെ ഇന്ത്യൻ ചിത്രമാണ് രാമായണം. വലിയ താരനിര സാന്നിധ്യമറിയിച്ച ഈ ചിത്രത്തിൽ ശ്രീരാമനായി രൺബീർ കപൂറും സീതയായി സായ് പല്ലവിയുമാണ് പ്രധാന വേഷങ്ങളിൽ എത്തിയത്. രാവണനായി യഷും, ലക്ഷ്മണനായി രവി ദുബെയും അഭിനയിച്ചു. നമിത് മൽഹോത്രയും യഷും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗം 2027 ദീപാവലിക്ക് റിലീസ് ചെയ്യാനാണ് പദ്ധതി.

Content Highlights: Noted Malayalam writer S. Sharadakutty sharply criticized Nitesh Tiwari's blockbuster Ramayana, dismissing the film as a "mere 3D ballet" that put her to sleep mid-screening, while praising only Yash, Sai Pallavi, and Shobhana even as the film crosses ₹1,000 crore globally.