സ്ത്രീവിരുദ്ധ പ്രസ്താവന നടത്തിയ അലൻസിയറുടെ അവാർഡ് തിരിച്ചെടുക്കണം- ബി ഗോപാലകൃഷ്ണൻ

അഡ്വ. ബി ഗോപാലകൃഷ്ണൻ, അലന്‍സിയർ | photo: mathrubhumi, facebook/alencier
അഡ്വ. ബി ഗോപാലകൃഷ്ണൻ, അലന്‍സിയർ | photo: mathrubhumi, facebook/alencier

ചലച്ചിത്ര പുരസ്‌കാര വേദിയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ നടന്‍ അലന്‍സിയറിനെതിരേ പ്രതികരണവുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി ഗോപാലകൃഷ്ണൻ. സാംസ്കാരിക മന്ത്രിക്ക് അന്തസുണ്ടങ്കിൽ സ്ത്രീവിരുദ്ധ പ്രസ്താവന നടത്തിയ അലൻസിയറുടെ അവാർഡ് പിൻവലിക്കണമെന്ന് ഗോപാലകൃഷ്ണൻ പറഞ്ഞു. 

'ജീവനില്ലാത്ത സ്ത്രീ ശിൽപ്പത്തിൽ പ്രലോഭനം കണ്ട അലൻസിയർ തുണി ഉരിഞ്ഞ് പ്രകടനം കാട്ടാതിരുന്നത് ഭാഗ്യം. ഇത്തരം അധമ ചിന്തകളുമായി നടക്കുന്നവർ ജീവനുള്ള സ്ത്രീകളെ എങ്ങനെയാണ് കാണുന്നതിന്റെ തെളിവാണ് അലൻസിയറുടെ മറുപടി. വേദിയിലെ പരാമർശത്തേക്കാൾ അപലപനീയമാണ് മറുപടി. ഇതൊക്കെ കേട്ടിട്ടും മിണ്ടാട്ടം മുട്ടുന്ന കേരളത്തിലെ സാംസ്കാരിക നായകരെ നിങ്ങളോട് പുച്ഛം തോന്നുന്നു. ഉത്തരേന്ത്യയിലെ ഇല്ലാത്ത പീഡന കഥകളിൽ ഒപ്പ് ശേഖരണം നടത്തി കേന്ദ്ര സർക്കാരിനെ പ്രതികൂട്ടിൽ നിർത്തി അവാർഡ് തിരസ്ക്കരിക്കുകയും തിരികെ കൊടുക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്ന കേരളത്തിലെ സാംസ്ക്കാരിക നായകരെ : നിങ്ങളുടെ കാതടഞ്ഞു പോയോ? അതൊ അലൻസിയർ മോദിക്കെതിരെ തുണി ഉരിഞ്ഞതിലെ ഐക്യദാർഢ്യമോ?

സാംസ്കാരിക മന്ത്രിക്ക് അന്തസുണ്ടങ്കിൽ സ്ത്രീവിരുദ്ധ അധമ പ്രലോഭന പ്രസ്താവന നടത്തിയ അലൻസിയറുടെ അവാർഡ് പിൻവലിക്കണം. ആത് പരസ്യമായി പറയാൻ ആത്മാഭിമാനം ഉണ്ടങ്കിൽ കേരളത്തിലെ സാംസ്കാരിക നായകർ തയ്യാറാകണം. ഇല്ലെങ്കിൽ നിങ്ങളെ അധമ സാംസ്കാരിക നായകരായി കണ്ടെത്തി നിങ്ങൾക്കെതിരെ ചീമുട്ടയുമായി സമൂഹം പ്രതികരിക്കേണ്ടിവരും', ബി ഗോപാലകൃഷ്ണൻ പറഞ്ഞു. 

'നല്ല ഭാരമുണ്ടായിരുന്നു അവാര്‍ഡിന്. സ്പെഷ്യല്‍ ജൂറി അവാര്‍ഡാണ് ലഭിച്ചത്. എന്നെയും കുഞ്ചാക്കോ ബോബനേയും ഇരുപത്തയ്യായിരം രൂപ തന്ന് അപമാനിക്കരുത്. പൈസ കൂട്ടിത്തരണം, അപേക്ഷയാണ്. സ്പെഷ്യല്‍ ജൂറിക്ക് സ്വര്‍ണം പൂശിയ പ്രതിമ തരണം. പെണ്‍പ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്. ആണ്‍കരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആണ്‍കരുത്തുള്ള ശില്പം വേണം. അത് എന്നുമേടിക്കാന്‍ പറ്റുന്നുവോ, അന്ന് അഭിനയം നിര്‍ത്തും', എന്നായിരുന്നു അലൻസിയറുടെ വാക്കുകൾ. ചലച്ചിത്ര പുരസ്‌കാര വേദിയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ നടന്‍ അലന്‍സിയറിനെതിരേ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. 

Content Highlights: bjp state vice president b gopalakrishnan in alencier controversial statement