'ദ താജ് സ്റ്റോറി' നിരോധിക്കണം; പരാതിയുമായി BJP നേതാവ്, സിനിമയ്ക്കാധാരം തന്റെ ഹർജിയെന്ന് വാദം

പരേഷ് റാവല്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ദ താജ് സ്റ്റോറി' നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ്. താൻ ഹൈക്കോടതിയിൽ സമർപ്പിച്ച വിഷയത്തെ അടിസ്ഥാനമാക്കിയാണ് ചിത്രമെന്ന് ആരോപിച്ചാണ് നടപടി. വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിനും സിബിഎഫ്സിക്കും ഇദ്ദേഹം പരാതി നൽകിയതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
താജ്മഹൽ യഥാർഥത്തിൽ ക്ഷേത്രമായിരുന്നുവെന്ന് അവകാശപ്പെട്ടുകൊണ്ട് അയോധ്യയിൽ നിന്നുള്ള ബിജെപി വക്താവായ രജനീഷ് സിങ് 2022-ൽ അലഹബാദ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. താജ് മഹലിനുള്ളിൽ അടച്ചിട്ട 22 മുറികൾ തുറക്കണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ, ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ ഒരു സമിതി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട ഹർജി ഹൈക്കോടതി തള്ളുകയായിരുന്നു.
'ചരിത്രപരമായ വസ്തുതകൾ പരിശോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹർജി സമർപ്പിച്ചത്. 'ദി താജ് സ്റ്റോറി' എന്ന ചിത്രം ഈ ഹർജിയിലെ വിഷയത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് മനസ്സിലാക്കുന്നു. തന്നിൽ നിന്ന് അനുമതി വാങ്ങാതെ പുറത്തുവിട്ട ചിത്രത്തിന്റെ പോസ്റ്ററുകൾ, കഥാതന്തു എന്നിവ തന്റെ ഹർജിയുമായി ബന്ധപ്പെട്ട വിഷയത്തെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പരാമർശിക്കുന്നു', രജനീഷ് പരാതിയിൽ പറയുന്നു.
അതേസമയം, ചിത്രത്തിൽ ഏതെങ്കിലും മതപരമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുകയോ, താജ് മഹലിനുള്ളില്‍ ശിവക്ഷേത്രമുണ്ടെന്ന് അവകാശപ്പെടുകയോ ചെയ്യുന്നില്ലെന്ന് നിര്‍മാതാക്കള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. സ്വര്‍ണിം ഗ്ലോബല്‍ സര്‍വീസസിന്റെ ബാനറില്‍ സി.എ. സുരേഷ് ഝായാണ് 'ദി താജ് സ്റ്റോറി' നിര്‍മിക്കുന്നത്. തുഷാര്‍ അമരിഷ് ഗോയല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പരേഷ് റാവല്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. വികാസ് രാധേശ്യാം ആണ് ക്രീയേറ്റീവ് പ്രൊഡ്യൂസര്‍.
Content Highlights: A BJP leader demands a ban on `The Taj Story`, alleging the film is based on his petition claiming the Taj Mahal was originally a temple. Producers deny religious content.