'റോഷാക്കിന്റെ കഥ കേട്ട് പകുതിയായപ്പോൾ ആകാംക്ഷകൊണ്ട് എന്നിട്ട് എന്താ എന്നുചോദിച്ചിരുന്നു'

#ബിന്ദു പണിക്കർ \ ബെറിൽ തെരേസ
ബിന്ദു പണിക്കർ | ഫോട്ടോ: ശ്രീജിത്ത് പി രാജ് \ മാതൃഭൂമി
ബിന്ദു പണിക്കർ | ഫോട്ടോ: ശ്രീജിത്ത് പി രാജ് \ മാതൃഭൂമി

സ്വാഭാവിക അഭിനയത്തിന്റെ സൗന്ദര്യംകൊണ്ട് ബിന്ദു പണിക്കർ മലയാളിയെ ഒരുപാട് ചിരിപ്പിച്ചിട്ടുണ്ട്, ജോക്കർ പോലുള്ള സിനിമകളിൽ അവരൊന്ന് വിതുമ്പിയപ്പോൾ കൂടി മലയാളിയുടെയും ഉള്ളുലഞ്ഞിരുന്നു. പോയവർഷം മമ്മൂട്ടി ചിത്രം റോഷാക്കിൽ സൈക്കോ അമ്മയായി ഗംഭീര തിരിച്ചുവരവുനടത്തിയ ബിന്ദു പണിക്കരെ കൈയടികളോടെയാണ് മലയാളി വീണ്ടും വരവേറ്റത്. മധുര മനോഹര മോഹത്തിൽ സൈക്കോത്തരംമാറ്റി നല്ല ക്യൂട്ട് അമ്മയായി ബിന്ദു പണിക്കർ വീണ്ടും മലയാളിപ്രേക്ഷകരിലേക്ക് എത്തുകയാണ്. പ്രമുഖ കോസ്റ്റ്യൂം ഡിസൈനർ സ്റ്റെഫി സേവ്യർ ആദ്യമായി സംവിധാനംചെയ്യുന്ന ഈ സിനിമയിൽ കേന്ദ്രകഥാപാത്രമായാണ് ബിന്ദു പണിക്കരെത്തുന്നത്. സിനിമാവിശേഷങ്ങളെക്കുറിച്ച് ബിന്ദു പണിക്കർ സംസാരിക്കുന്നു:

കൂടുതൽ ചെറുപ്പമായിത്തോന്നി

മധുര മനോഹര മോഹത്തിൽ ഷറഫുദ്ദീനും രജിഷയുമാണ് എന്റെ മക്കളായി അഭിനയിക്കുന്നത്. ആർഷ, അൽതാഫ് തുടങ്ങി കൂടുതലും യുവതാരങ്ങളാണ് മറ്റുകഥാപാത്രങ്ങളാകുന്നത്. അതുകൊണ്ടാകാം അവരുടെ കൂടെ അഭിനയിച്ചപ്പോൾ ഞാൻ കൂടുതൽ ചെറുപ്പമായതായിത്തോന്നി. സിനിമ ഒരു കംപ്ലീറ്റ് ഫാമിലി എന്റർടെയിനറാണ്. നമ്മുടെയൊക്കെ കുടുംബത്തിൽ നടക്കുന്ന കാര്യങ്ങളാണ് സിനിമയിലും. ഒരു അമ്മയുടെയും മക്കളുടെയും കഥ. ഞാനും രജിഷയും ഇതുവരെ ഒന്നിച്ചഭിനയിച്ചിട്ടില്ല. അതിന്റെ ഒരു പുതുമയുണ്ടായിരുന്നു. അതുപോലെ സംവിധായികയായ സ്റ്റെഫി എനിക്ക് നേരത്തേയറിയാവുന്ന കുട്ടിയാണ്. അവൾ കഥപറഞ്ഞപ്പോഴേക്കും എനിക്കിഷ്ടപ്പെട്ടു. അങ്ങനെയാണ് ഈ സിനിമ ചെയ്യുന്നത്.

ഡാൻസ് വൈറലായല്ലോ...

ചിത്രത്തിലെ പ്രൊമോ സോങ്ങിലെ എന്റെ ഡാൻസ് കണ്ട് പലരും വിളിച്ചിരുന്നു. മകൾ കല്യാണി പാട്ട് റിലീസുചെയ്യുന്നതിന്റെ മുമ്പേ ത്രില്ലിലായിരുന്നു. കാരണം, സിനിമയിൽ ഇങ്ങനെയൊരു സംഭവമുണ്ടെന്ന് അവൾക്കറിയാം. അവളിപ്പോൾ നാട്ടിലില്ലാത്തതിനാൽ ഷൂട്ടിങ് സമയത്ത് വീഡിയോകോൾ വിളിക്കുമ്പോൾ കോസ്റ്റ്യൂം കണ്ടിരുന്നു. ‘ഡാൻസ് ചെയ്യുന്നുണ്ടോ അമ്മാ?’ എന്ന് ഒരുപാട്‌ കൗതുകത്തോടെയാണ് അവൾ ചോദിച്ചത്. പ്രൊമോ വീഡിയോ ഇറങ്ങിയപ്പോഴും അവൾക്ക് വളരെയിഷ്ടപ്പെട്ടു. മോളാണ് സായിച്ചേട്ടനെ വിളിച്ച് പ്രൊമോ വീഡിയോ ഇറങ്ങിയകാര്യം ആദ്യംപറഞ്ഞത്. പ്രൊമോയിലെ കോസ്റ്റ്യൂമെല്ലാം സ്റ്റെഫിയുടെതന്നെ ഐഡിയയായിരുന്നു. ‘ചേച്ചി അങ്ങനൊരു കോസ്റ്റ്യൂം ഇടുന്നതിന് കുഴപ്പമുണ്ടോ’യെന്ന് ചോദിച്ചു. എനിക്ക് കുഴപ്പമൊന്നുമില്ലായിരുന്നു. റൊഷാക്ക് കണ്ട് ഈ സിനിമ കാണുന്നവർക്ക് വിശ്വസിക്കാൻ കുറച്ചധികം ബുദ്ധിമുട്ടായിരിക്കും. ഇതിനുമുമ്പ് 1998-ൽ പുറത്തിറങ്ങിയ ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം എന്ന സിനിമയിലെ പാട്ടിലാണ് വർഷങ്ങൾക്കുമുമ്പ് ഇത്തരത്തിലുള്ള വേഷം ധരിച്ചത്. ഈ പ്രായത്തിൽ ഇതാദ്യമായാണ്.

‘റോഷാക്കി’ലെ സൈക്കോ അമ്മയെ ഇപ്പോൾ എങ്ങനെയാണ് ഓർക്കുന്നത്‌

ചെയ്യുന്ന റോളുകൾ നെഗറ്റീവ് അല്ലെങ്കിൽ പോസിറ്റീവ് എന്നൊന്നും ഞാൻ നോക്കിയിട്ടില്ല. കഥ പറഞ്ഞുകേൾക്കുമ്പോൾത്തന്നെ ഒരു ക്യൂരിയോസിറ്റിയുണ്ടായിരുന്നു. ഇന്റർവെൽ ആയപ്പോൾ ‘എന്നിട്ട് എന്താ’ എന്നുചോദിച്ചിരുന്നു. ആയൊരു കൗതുകംതന്നെയാണ് ആ സിനിമയുടെ വിജയം. എന്റെ കഥാപാത്രത്തിന്റെ ട്രാൻസ്ഫോമേഷൻ വളരെ ഇഷ്ടപ്പെട്ടിരുന്നു. ആ കഥാപാത്രത്തിന് ഒരുപാട് അഭിനന്ദനങ്ങൾ കിട്ടി. പൃഥ്വിരാജിന്റെ കൂടെ ഒരു സിനിമയാണ് ഇപ്പോൾ ചെയ്യുന്നത്. വിപിൻദാസ് സംവിധാനംചെയ്യുന്ന സിനിമയുടെ പേര് ഗുരുവായൂരമ്പലനടയിൽ എന്നാണ്.

Content Highlights: bindu panicker interview, bindu panicker about new movies, madhura manohara moham movie