ഡി.കെ. ശിവകുമാര്‍ ഇടപെട്ടു; ബിഗ് ബോസ് കന്നഡ പതിപ്പ് ചിത്രീകരണം പുനരാരംഭിച്ചു

ബെംഗളൂരു: കര്‍ണാടക മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നടപടിയെത്തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന കന്നഡ ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ചിത്രീകരണം പുനരാരംഭിച്ചു. പാരിസ്ഥിതിക മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ഷോ ചിത്രീകരിക്കുന്ന സ്റ്റുഡിയോയുടെ പ്രവര്‍ത്തനമെന്ന് വിലയിരുത്തിയ ബോര്‍ഡ് സ്റ്റുഡിയോ അടച്ചുപൂട്ടുകയായിരുന്നു.
എന്നാല്‍ പാരിസ്ഥിതിക മാനദണ്ഡങ്ങള്‍ പാലിച്ചു അനുമതിനേടാന്‍ ഇപ്പോള്‍ 10 ദിവസംകൂടി അനുവദിക്കുകയായിരുന്നു. ഇതോടെ സ്റ്റുഡിയോ വീണ്ടുംതുറന്നു. ഷോയിലെ താരങ്ങള്‍ തിരിച്ചെത്തി. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ ഇടപെടലിനെത്തുടര്‍ന്നാണ് സ്റ്റുഡിയോയ്ക്ക് വീണ്ടും പ്രവര്‍ത്തിക്കാന്‍ അനുമതിലഭിച്ചത്. ഷോ അവതാരകനും കന്നഡ സൂപ്പര്‍താരവുമായ കിച്ച സുദീപ്, ശിവകുമാറിനും സര്‍ക്കാരിനും നന്ദി അറിയിച്ചു.
Don’t Miss: ബിഗ് ബോസിന് എട്ടിന്റെ പണി; 'ചിക്ക്‌നി ചമേലി' അനുമതി ഇല്ലാതെ ഉപയോഗിച്ചതിന് രണ്ട് കോടിയുടെ വക്കീല്‍ നോട്ടീസ്
ബെംഗളൂരുവിലെ ബിദഡിയിലെ അമ്യൂസ്മെന്റ് പാര്‍ക്കില്‍ സജ്ജമാക്കിയ സ്റ്റുഡിയോയിലാണ് ബിഗ് ബോസ് കന്നഡ പതിപ്പ് ചിത്രീകരണം നടക്കുന്നത്. ഹരിതമേഖലയില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ക്ക് പ്രവര്‍ത്തിക്കുന്നതിനുള്ള പ്രത്യേകാനുമതി നേടിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സ്റ്റുഡിയോയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉത്തരവിട്ടത്.
പരിസ്ഥിതിമാനദണ്ഡങ്ങള്‍ ലംഘിച്ചാണ് സ്റ്റുഡിയോ പ്രവര്‍ത്തിക്കുന്നത്. മാലിന്യനിര്‍മാര്‍ജനമടക്കമുള്ള മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്നും കഴിഞ്ഞദിവസം ബോര്‍ഡ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായി. ഇവിടെനിന്നുള്ള മാലിന്യങ്ങള്‍ പാരിസ്ഥിതികപ്രശ്‌നങ്ങളുണ്ടാക്കുന്നെന്നും ചൂണ്ടിക്കാട്ടി. കന്നഡ കളേഴ്സ് ചാനലില്‍ സംപ്രേക്ഷണംചെയ്യുന്ന ബിഗ് ബോസ് ഷോയുടെ 12-ാം സീസണ്‍ രണ്ടാഴ്ചപിന്നിടുമ്പോഴാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഉത്തരവ്.
സ്റ്റുഡിയോ പൂട്ടാന്‍ ഉത്തരവിട്ടതിനാല്‍ ഷോയുടെ ചിത്രീകരണം പ്രതിസന്ധിയിലായെങ്കിലും പിഴയടയ്ക്കാനും പുതുതായി അനുമതിനേടി സ്റ്റുഡിയോ ഇവിടെത്തന്നെ തുടരാനും ശ്രമംനടക്കുന്നെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇതേസമയം, ഇനി പ്രവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ട് പരിസ്ഥിതിപ്രവര്‍ത്തകര്‍ സ്റ്റുഡിയോക്കുമുന്നില്‍ പ്രതിഷേധപ്രകടനം നടത്തി. കന്നഡസിനിമയിലെ സൂപ്പര്‍താരമായ കിച്ചാ സുദീപ് അവതാരകനായ ബിഗ് ബോസ് കന്നഡ കര്‍ണാടകത്തില്‍ ഏറെ ജനപ്രീതിയുള്ള റിയാലിറ്റിഷോയാണ്.
Content Highlights: Bigg Boss Kannada 12 studio reopens after deputy CM intervenes in sealing row