'45 കോടി മുടക്കിയ സിനിമക്ക് ലഭിച്ചത് ഒരു ലക്ഷം, അതിൽനിന്ന് എങ്ങനെ കര കയറണമെന്ന് അറിയില്ലായിരുന്നു'

ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ബോക്‌സോഫീസ് പരാജയങ്ങളിലൊന്നായിരുന്നു അർജുൻ കപുറും ഭൂമി പഡ്‌നേക്കറും പ്രധാന വേഷത്തിലെത്തിയ 'ദ ലേഡി കില്ലർ'. ഏകദേശം 45 കോടി രൂപ ചെലവഴിച്ച് നിർമിച്ച ചിത്രത്തിന് ആകെ ലഭിച്ചത് ഒരു ലക്ഷത്തിൽ താഴെ രൂപ മാത്രമാണ്. റിലീസ് ചെയ്ത ആദ്യ ദിനം ഇന്ത്യയൊട്ടാകെ വിറ്റതാകട്ടെ വെറും 293 ടിക്കറ്റുകൾ മാത്രവും.
അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ ഈ ചിത്രം തന്റെ കരിയറിനെ എങ്ങനെ ബാധിച്ചുവെന്ന് നടി ഭൂമി പഡ്‌നേക്കർ തുറന്നുസംസാരിച്ചു. തിയേറ്ററുകളിൽ എത്തിയത് സ്‌ക്രിപ്റ്റിൽ നിന്ന് വ്യത്യസ്തമായ ചിത്രമായിരുന്നുവെന്നും കഥയുടെ ഒരു വലിയ ഭാഗം ഷൂട്ട് പോലും ചെയ്തിട്ടില്ലെന്നും മിഡ് ഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ ഭൂമി പറഞ്ഞു. തന്റെ കരിയറിലെ ഏറ്റവും പ്രയാസമേറിയ ഘട്ടങ്ങളിൽ ഒന്നായിരുന്നു അതെന്നും അവർ വ്യക്തമാക്കി.
'ഞങ്ങൾ വായിച്ച തിരക്കഥ പൂർണ്ണമായിരുന്നു. എന്നാൽ അതിന്റെ വലിയൊരു ഭാഗം ചിത്രീകരിച്ചിട്ടില്ല. പുറത്തിറങ്ങിയത് ഒരു അപൂർണ്ണ ചിത്രമായിരുന്നു. ഒരുപക്ഷേ ഞാൻ സിസ്റ്റത്തിന്റെ ഭാഗമായിരുന്നെങ്കിൽ കാര്യങ്ങൾ മറ്റൊരു തരത്തിൽ ഞാൻ കൈകാര്യം ചെയ്യാമായിരുന്നു. ഞാൻ ആകെ അമ്പരന്നുപോയി. എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ലായിരുന്നു. കാരണം ഇതുപോലൊന്ന് മുമ്പ് ഒരിക്കലും സംഭവിച്ചിരുന്നില്ല. ഇതൊരു പാഠമാണെന്നും ഇനി ആവർത്തിക്കരുതെന്നും ഞാൻ തിരിച്ചറിഞ്ഞു.
ചിത്രത്തിന്റെ ഏകദേശം 35 ശതമാനം ഷൂട്ട് ചെയ്തിട്ടില്ല. യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല. പെട്ടെന്ന് ചിത്രം റിലീസ് ചെയ്യുകയാണെന്ന് എന്നോട് പറഞ്ഞത് ഇപ്പോഴും എനിക്ക് ഒരു നിഗൂഢത പോലെയാണ് തോന്നുന്നത്. ബജറ്റ് വിചാരിച്ചതിലും കൂടുതലായെന്നും കൂടുതൽ സമയമെടുത്തെന്നും എന്നോട് പറഞ്ഞു. അഭിനേതാക്കൾ എന്ന നിലയിൽ ആ സാഹചര്യത്തിൽ ഞങ്ങൾക്കൊന്നും ചെയ്യാനാകില്ല, കാരണം ഇതൊന്നും ഞങ്ങളുടെ ഭാഗത്തുനിന്നല്ല സംഭവിച്ചത്'-ഭൂമി വിശദീകരിച്ചു.
ഈ അനുഭവം വ്യക്തിപരമായും തൊഴിൽപരമായും വേദനാജനകമായിരുന്നുവെന്നും അവർ വ്യക്തമാക്കി. 'അതൊരു ഹൃദയഭേദകമായ സമയമായിരുന്നു എന്റെ ജീവിതത്തിൽ. ഞാൻ പൂർണ്ണമായും തളർന്നുപോയി. അതിൽ നിന്ന് എങ്ങനെ കരകയറുമെന്ന് എനിക്കറിയില്ലായിരുന്നു. ഒരു ഇരുണ്ട കാലഘട്ടമായാണ് ഇപ്പോൾ അതിനെ കാണുന്നത്. ഈ ആശയക്കുഴപ്പത്തിന് ആരാണ് കുറ്റക്കാരനെന്ന കാര്യത്തിൽ എനിക്ക് ഇപ്പോഴും വ്യക്തതയില്ല. ഞാനാണോ അതോ മറ്റൊരാളാണോ ഇതിന് കാരണമായതെന്ന് ഞാൻ ചിന്തിച്ചുകൊണ്ടിരിക്കും. എന്നാൽ അന്ന് നിർമാതാക്കൾ എടുത്ത തീരുമാനമായിരുന്നു. അത് അവർക്ക് ശരിയാണെന്ന് തോന്നി. മഹാമാരിയിൽ നിന്ന് വ്യവസായം പൂർണ്ണമായി കരകയറിയിരുന്നില്ല അപ്പോൾ.'-ഭൂമി പറയുന്നു.
2023-ൽ പുറത്തിറങ്ങിയ 'ദ ലേഡി കില്ലർ' സംവിധാനം ചെയ്തത് അജയ് ബെഹൽ ആണ്. ചിത്രം തിയേറ്ററുകളിൽ അപൂർണ്ണമായ രൂപത്തിലാണ് റിലീസ് ചെയ്തതെന്നും, പ്രേക്ഷകർക്ക് അത് പല കഷ്ണങ്ങളായി തോന്നിയതിൽ അത്ഭുതമില്ല എന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. പിന്നീട് അദ്ദേഹം ആ പ്രസ്താവന പിൻവലിച്ചു. തന്റെ മുൻ പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കപ്പെട്ടുവെന്നും സിനിമ പൂർണമായും ചിത്രീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlights: bhumi pednekar recalls heartbreak of india’s biggest flop film