ഈസ്റ്റ് കോസ്റ്റ് വിജയന്റെ സംവിധാനത്തിൽ ‘ഭീഷ്മർ’, ഓഡിയോ ലോഞ്ച് കൊച്ചിയിൽ നടന്നു; മാർച്ച് 20-ന് റിലീസ്

#Movies Desk
'ഭീഷ്മര്‍' ഓഡിയോ ലോഞ്ച് ചടങ്ങില്‍നിന്ന്‌
'ഭീഷ്മര്‍' ഓഡിയോ ലോഞ്ച് ചടങ്ങില്‍നിന്ന്‌

ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന 'ഭീഷ്മർ' ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കൊച്ചി ഐഎംഎ ഹാളിൽ പ്രൗഢഗംഭീരമായി നടന്നു. സിനിമാ- സാംസ്‌കാരിക മേഖലയിലെ പ്രമുഖർ പങ്കെടുത്തു. നടൻ ദിലീപ് മുഖ്യാതിഥിയായി എത്തിയ ചടങ്ങിൽ ചലച്ചിത്രരംഗത്തെ നിരവധി പ്രമുഖർ അണിനിരന്നു. രഞ്ജിൻ രാജിന്റെ ഗണപതി സ്തുതിയോടുകൂടി ആരംഭിച്ച ചടങ്ങിൽ ജസ്‌ന ജയദീഷിന്റെ നൃത്തം വേദിയെ ഭക്തിനിർഭരമാക്കി. ദിലീപ്, ഈസ്റ്റ് കോസ്റ്റ് വിജയന് 'ഭീഷ്മർ' ചിത്രത്തിന്റെ മ്യൂസിക്ക് സീഡി കൈമാറിയാണ് ഓഡിയോ പ്രകാശനം നിർവ്വഹിച്ചത്.

ഓഡിയോ ലോഞ്ചിൽ പ്രധാന ആകർഷണങ്ങളിലൊന്ന് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ധ്യാൻ ശ്രീനിവാസൻ, വിഷ്ണു ഉണ്ണികൃഷ്ണൻ എന്നിവർ ചേർന്ന് വേദിയിൽ 'കാട്ടുപുലി' എന്ന 'ഭീഷ്മറി'ലെ ഗാനം ആലപിച്ചതായിരുന്നു. ഒരു ശ്ലോകം ഉൾപ്പെടെ ആറുഗാനങ്ങളാണ് സിനിമയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. രഞ്ജിൻ രാജ്, കെ.എ. ലത്തീഫ് എന്നിവർ ഈണം നൽകിയ ഗാനങ്ങൾക്ക് ഹരിനാരായണൻ ബി.കെ, സന്തോഷ് വർമ, ഒ.എം. കരുവാരക്കുണ്ട് എന്നിവർ രചന നിർവഹിക്കുന്നു.

വിനീത് ശ്രീനിവാസൻ, അനില രാജീവ്, ദാന റാസിഖ്, രഞ്ജിൻ രാജ്, ബിനു തൃക്കാക്കര എന്നിവർക്ക് പുറമെ ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പിന്നണി ഗായകരായി എത്തുന്നുവെന്നതും ചിത്രത്തിന്റെ പ്രത്യേകതകളിൽ ഒന്നാണ്.

രണ്ട് പ്രണയഗാനങ്ങളാണ് 'ഭീഷ്മറി'ൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അനില രാജീവ് ആലപിച്ച 'ഇത്തിരി പോന്നൊരു' എന്ന ഗാനം ഒരു കാംപസ് പ്രണയഗാനമായാണ് അവതരിപ്പിച്ചിരിക്കുന്നത്. ധ്യാൻ ശ്രീനിവാസന് വേണ്ടി അദ്ദേഹത്തിന്റെ സഹോദരൻ വിനീത് ശ്രീനിവാസൻ ആലപിക്കുന്ന ഗാനമാണ് 'അമ്പല പ്രാവിന്റെ'. വിനീതിനൊപ്പം അനില രാജീവ് തന്നെയാണ് ഈ ഗാനവും ആലപിച്ചിരിക്കുന്നത്. രഞ്ജിൻ രാജ് സംഗീതം നൽകുന്ന രണ്ടുഗാനങ്ങൾക്കും വരികൾ രചിച്ചിരിക്കുന്നത് ബി.കെ. ഹരിനാരായണനാണ്.

ഈസ്റ്റ് കോസ്റ്റിന്റെ എക്കാലത്തെയും സൂപ്പർഹിറ്റ് മാപ്പിളപ്പാട്ടായ 'പാൽ നിലാ പുഞ്ചിരി' 'ഭീഷ്മറി'ൽ വീണ്ടുമെത്തുന്നതും ചിത്രത്തിലെ മറ്റൊരു പ്രത്യേകതയാണ്. ഒ.എം. കരുവാരക്കുണ്ടിന്റെ വരികൾക്ക് കെ.എ. ലത്തീഫ് സംഗീതം നൽകിയ എവർഗ്രീൻ ഗാനം ആലപിച്ചത് ദാന റാസിഖ് ആണ്.

ടൈറ്റിൽ ഗാനമായി അണിയിച്ചൊരുക്കിയ 'കാട്ടുപുലി' എന്ന ഗാനം ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും ചേർന്ന് ചിത്രത്തിനായി ആലപിക്കുന്നു. ഇവർക്കൊപ്പം ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ഉണ്ണിലാലു, ജിബിൻ ഗോപിനാഥ്, ബിനു തൃക്കാക്കര, അഖിൽ കവലയൂർ, ഷാജു ശ്രീധർ എന്നിവർ കോറസ് ഗായകരായും എത്തുന്നു. കല്യാണപശ്ചാത്തലത്തിൽ ഒരുക്കിയ 'കല്യാണം' എന്ന ഗാനം ആലപിച്ചിരിക്കുന്നത് ബിനു തൃക്കാക്കരയാണ്. രണ്ടുഗാനങ്ങൾക്കും വരികൾ ഒരുക്കിയത് സന്തോഷ് വർമ്മയാണ്. രഞ്ജിൻ രാജിന്റെ ശബ്ദത്തിലെ ഭക്തിനിർഭരമായ ശ്ലോകവും 'ഭീഷ്മർ' സിനിമയുടെ സംഗീതത്തിന് മാറ്റ് കൂട്ടുന്നു. വിനീത് ശ്രീനിവാസനും അനില രാജീവും ചേർന്ന് ആലപിച്ച 'അമ്പല പ്രാവിന്റെ' എന്ന ഗാനം ഉടൻ യൂട്യൂബിൽ റിലീസ് ചെയ്യും.

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും ആദ്യമായി ഒരുമിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 'കള്ളനും ഭഗവതിയും' എന്ന ചിത്രത്തിന് ശേഷം ഈസ്റ്റ് കോസ്റ്റ് വിജയൻ വിഷ്ണു ഉണ്ണികൃഷ്ണനുമായി ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണിത്.

ദിവ്യ പിള്ളയും അമ്മേരയും നായികമാരായി എത്തുന്ന ചിത്രത്തിൽ മലയാളത്തിലെ പ്രമുഖ താരനിരതന്നെ അണിനിരക്കുന്നു. ഇന്ദ്രൻസ്, ഉണ്ണി ലാലു, ഷാജു ശ്രീധർ, അഖിൽ കവലയൂർ, സെന്തിൽ കൃഷ്ണ, ജിബിൻ ഗോപിനാഥ്, വിനീത് തട്ടിൽ, സന്തോഷ് കീഴാറ്റൂർ, ബിനു തൃക്കാക്കര, മണികണ്ഠൻ ആചാരി, അബു സലിം, ജയൻ ചേർത്തല, സോഹൻ സീനുലാൽ, വിഷ്ണുഗ്രൂവി, ശ്രീരാജ്, ഷൈനി വിജയൻ, സ്മൃതി പാണ്ഡേ തുടങ്ങിയവരാണ് മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ നിർമിക്കുന്ന എട്ടാമത്തെ ചിത്രമാണിത്. അൻസാജ് ഗോപിയുടേതാണ് കഥ. രതീഷ് റാം ഛായാഗ്രഹണവും ജോൺകുട്ടി എഡിറ്റിങ്ങും നിർവഹിക്കുന്നു.

കലാസംവിധാനം: ബോബൻ, വസ്ത്രാലങ്കാരം: മഞ്ജുഷ രാധാകൃഷ്ണൻ, മേക്കപ്പ്: സലാം അരൂക്കുറ്റി, സംഘട്ടനം: ഫിനിക്‌സ് പ്രഭു, മാഫിയ ശശി, സൗണ്ട് ഡിസൈൻ: സച്ചിൻ സുധാകരൻ, സൗണ്ട് മിക്‌സിങ്: വിഷ്ണു സുജാതൻ, വിഎഫ്എക്‌സ്: നിതിൻ നെടുവത്തൂർ, കളറിസ്റ്റ്: ലിജു പ്രഭാകർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സുഭാഷ് ഇളമ്പൽ, ഡിസൈനർ: മാമി ജോ, സ്റ്റിൽസ്: അജി മസ്‌കറ്റ് എന്നിവരാണ് മറ്റണിയറ ശില്പികൾ. സജിത്ത് കൃഷ്ണൻ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറും രാജീവ് പെരുമ്പാവൂർ പ്രൊഡക്ഷൻ കൺട്രോളറുമാണ്. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം തിയേറ്ററുകളിലേക്കെത്തിക്കുന്നത്. ചിത്രത്തിന്റെ പിആർഒ പ്രതീഷ് ശേഖറാണ്.

ഈസ്റ്റ് കോസ്റ്റ് ഓഡിയോ എന്റർടെയിൻമെന്റ്‌സാണ് ഓഡിയോ ലേബൽ. പാലക്കാടും പരിസരപ്രദേശങ്ങളിലുമായി ഒറ്റ ഷെഡ്യൂളിൽ 42 ദിവസത്തിനുള്ളിൽ ചിത്രീകരണം പൂർത്തിയാക്കിയ ഭീഷ്മർ മാർച്ച് 20-ന് തിയേറ്ററുകളിലേക്കെത്തും.

Content Highlights: Bhishmar movie audio launch in Kochi was a grand affair. Featuring Dhyan Sreenivasan and Vishnu Unnikrishnan singing live, the film releases March 20th