മൈക്കിളപ്പന്റെ 'ചാമ്പിക്കോ' ട്രെന്റ് ഏറ്റെടുത്ത് പി ജയരാജനും സംഘവും; വീഡിയോ

മമ്മൂട്ടി-അമൽ നീരദ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഭീഷ്മ പർവത്തിലെ 'ചാമ്പിക്കോ' ട്രെൻഡിന്റെ ഭാഗമായി സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജന്‍. ജയരാജന്റെ മകൻ ജെയിന്‍ രാജാണ് വീഡിയോ ഫെയ്സ്ബുക്കിൽ പങ്കുവച്ചത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പമാണ് പി. ജയരാജന്‍ ‘മൈക്കിളപ്പ’നായി വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്.
മമ്മൂട്ടി മൈക്കിളപ്പൻ എന്ന കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ കുടുംബക്കാർക്കൊപ്പമിരുന്ന് ചിത്രമെടുക്കുന്ന രംഗവും 'ചാമ്പിക്കോ' എന്ന മമ്മൂട്ടിയുടെ ഡയലോഗുമാണ് ട്രെൻഡായി മാറിയത്. സിനിമാ രംഗത്തുള്ളവരടക്കം നിരവധി പേർ ഈ ട്രെൻഡിന്റെ ഭാഗമാവുകയും സമൂഹമാധ്യമങ്ങളിൽ വീഡിയോ പങ്കുവയ്ക്കുകയും ചെയ്തു. കേരളത്തിന് പുറത്തും ഈ ഡയലോഗ് ട്രെൻഡായി മാറി.
അടുത്തിടെ റിലീസായതില്‍ മികച്ച പ്രതികരണം നേടിയ മെഗാസ്റ്റാര്‍ ചിത്രമാണ് ഭീഷ്മപര്‍വ്വം. മാർച്ച് മൂന്നിനാണ് ചിത്രം തീയേറ്ററുകളിലെത്തിയത്. ബിഗ് ബി എന്ന സൂപ്പര്‍ഹിറ്റ് സിനിമയ്ക്ക് ശേഷം അമല്‍ നീരദും മമ്മൂട്ടിയും ഒന്നിക്കുന്ന സിനിമ എന്ന നിലയില്‍ നിര്‍മാണത്തിന്റെ പ്രാരംഭഘട്ടം മുതല്‍ ഭീഷ്മപര്‍വ്വം ശ്രദ്ധ നേടിയിരുന്നു.
തിയേറ്ററുകളിൽ നിന്ന് കോടികൾ വാരിയതിന് പിന്നാലെ ചിത്രത്തിന്റെ ഓടിടി റിലീസും പ്രഖ്യാപിക്കപ്പെട്ടിരുന്നു. ഡിസ്നി പ്ലസ് ഹോട്ട്‌സ്റ്റാറിലൂടെ ഏപ്രില്‍ ഒന്ന് മുതലാണ് ചിത്രത്തിന്റെ സ്ട്രീമിങ്.