'മന്ത്രിമാർക്ക് ജനറേറ്ററും ഇൻവെർട്ടറും, ഒന്നും അറിയേണ്ട'; വൈദ്യുതി നിയന്ത്രണത്തെ വിമർശിച്ച് ഭാഗ്യലക്ഷ്മി

സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണത്തെ വിമർശിച്ച് ചലച്ചിത്ര പ്രവർത്തക ഭാഗ്യലക്ഷ്മി. സാമൂഹികമാധ്യമങ്ങളിലൂടെയാണ് ഭാഗ്യലക്ഷ്മിയുടെ അമർഷവും പരിഹാസവും. വൈദ്യുതി നിയന്ത്രണത്തെത്തുടർന്ന് ദുരിതത്തിലായവരുടെ റീലുകൾ ഉൾപ്പെടെ ഭാഗ്യലക്ഷ്മി പങ്കുവെച്ചു.
'മന്ത്രിമാർക്ക് ജനറേറ്ററും ഇൻവെർട്ടറും ഉള്ളതുകൊണ്ട് ഒന്നും അറിയേണ്ട', ഭാഗ്യലക്ഷ്മി കുറിച്ചു. 'കേരളം ഇരുട്ടിൽ' എന്നൊരു പോസ്റ്ററും അവർ പങ്കുവെച്ചിട്ടുണ്ട്.
വൈദ്യുത നിരക്ക് വർധനയ്‌ക്കെതിരെ പ്രതിപക്ഷ നേതാവായിരിക്കെ മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തിയ പ്രതികരണം പങ്കുവെച്ചുള്ള ട്രോൾ റീലും ഭാഗ്യലക്ഷ്മി ഷെയർ ചെയ്തു. വൈദ്യുത നിയന്ത്രണത്തിനെതിരെ കുട്ടികളും വീട്ടമ്മമാരും യുവാക്കളും പ്രതികരിക്കുന്ന റീലുകളും അവർ പങ്കുവെച്ചു.
സെപ്റ്റംബറിൽ മുഴുവൻ വൈദ്യുതി നിയന്ത്രണമുണ്ടാവുമെന്ന് കഴിഞ്ഞദിവസം മന്ത്രി സണ്ണി ജോസഫ് അറിയിച്ചിരുന്നു. നിയന്ത്രണമുള്ള സമയം വ്യാഴാഴ്ച മുതൽ കെ.എസ്.ഇ.ബി. മുൻകൂട്ടി അറിയിക്കും. ജനത്തിനുണ്ടാവുന്ന ബുദ്ധിമുട്ടുകളിൽ ഖേദം പ്രകടിപ്പിച്ച മന്ത്രി, എല്ലാവരും സഹകരിക്കണമെന്നും അഭ്യർഥിച്ചിരുന്നു.
Content Highlights: Dubbing artist and dubbing technician Bhagyalakshmi publicly criticized the ongoing power crisis in Kerala. She posted on social media highlighting the struggles of common citizens due to frequent power cuts. Bhagyalakshmi remarked that ministers remain indifferent as they rely on generators and inverters. She shared viral reels and posters, including the headline 'Kerala in Darkness' and political troll videos. Electricity Minister Sunny Joseph recently announced month-long power restrictions across the state.