'ബട്ടർലഹേം കുടുംബ യൂണിറ്റ്'; ‘ബെത്‌ലഹേം’ റഫറൻസുമായി അമുൽ പരസ്യം

തിയേറ്ററിൽ കളക്ഷൻ റെക്കോർഡുകൾ തിരുത്തിക്കുറിച്ചുകൊണ്ട് മുന്നേറുന്ന മലയാള ചിത്രം 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' റഫറൻസുമായി അമുൽ. നിവിൻ പോളിയും മമിത ബൈജുവും പ്രധാന കഥാപാത്രങ്ങളായി എത്തി ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ചിത്രത്തെ പരാമർശിച്ചാണ് പോസ്റ്റർ.
നിവിനും മമിതയും അവതരിപ്പിച്ച കഥാപാത്രങ്ങൾ റെയിൽവേ പ്ലാറ്റ്‌ഫോമിലിരുന്ന് അമുൽ ബട്ടറിനൊപ്പം ബ്രഡ് കഴിക്കുന്നതാണ് പരസ്യത്തിൽ ആവിഷ്‌കരിച്ചിരിക്കുന്നത്. കഥാപാത്രങ്ങളുടെ കാരിക്കേച്ചർ രൂപങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. 'ബെത്‌ലഹേം കുടുംബ യൂണിറ്റി'നെ പരിഷ്‌കരിച്ച് 'ബട്ടർലഹേം കുടുംബ യൂണിറ്റ്' എന്ന് ക്യാപ്ഷൻ മാറ്റിയിട്ടുണ്ട്.
'അമുൽ സൂപ്പർഹിറ്റ് ടേസ്റ്റ്' എന്നും പരസ്യത്തിലുണ്ട്. 'മലയാളം റോം- കോം ഫിലിം ഹൃദയങ്ങൾ കീഴടക്കുന്നു', എന്നാണ് സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച പരസ്യ പോസ്റ്ററിന് ക്യാപ്ഷനായി നൽകിയിരിക്കുന്നത്.
അമുലിന്റെ പരസ്യം വൈറലായതിന് പിന്നാലെ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഉൾപ്പെടെ പോസ്റ്റിൽ കമന്റുമായി എത്തി. നിവിൻ പോളിയും ചിത്രത്തിന്റെ നിർമാതാക്കളായ ഭാവന സ്റ്റുഡിയോസ് ഉൾപ്പെടെ കമന്റ് ചെയ്തിട്ടുണ്ട്.
ഓണം റിലീസായി എത്തിയ 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളിൽ ആളുകളെ നിറച്ച് പ്രദർശനം തുടരുകയാണ്. ഭാവന സ്റ്റുഡിയോസ് നിർമിച്ച ആറാമത്തെ ചിത്രമാണിത്.
സൂപ്പർഹിറ്റായ 'പ്രേമലു'വിനുശേഷം ഭാവന സ്റ്റുഡിയോസ് നിർമിച്ച ചിത്രമെന്ന പ്രത്യേകതയും 'ബെത്‌ലഹേം കുടുംബ യൂണിറ്റി'നുണ്ട്. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്‌കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. ഗിരീഷ് എ.ഡിയും കിരൺ ജോസിയും ചേർന്നാണ് സിനിമയുടെ രചന നിർവഹിച്ചിരിക്കുന്നത്.
സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ, പാർവതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രൻ തുടങ്ങി വലിയ താരനിര ചിത്രത്തിലുണ്ട്.
Content Highlights: Amul released a topical ad featuring characters played by Nivin Pauly and Mamitha Baiju from the film 'Bethlehem Kudumba Unit'. The ad creatively renames the film's title to 'Butterlehem Kudumba Unit' on a train platform setup. Nivin Pauly and the film's production banner, Bhavana Studios, reacted positively to the viral post. Directed by Girish AD, the romantic comedy was released as an Onam festival release to strong box office response. The film is produced jointly by Dileesh Pothan, Fahadh Faasil, and Syam Pushkaran under Bhavana Studios.