ഓണമിങ്ങെത്താൻ ഒരാഴ്ച, 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' എത്താൻ നാലുദിവസം; അഡ്വാൻസ് ബുക്കിങ് തുടങ്ങി

#Movies Desk
'ബെത്‌ലഹേം കുടുംബ യൂണിറ്റ്' പോസ്റ്റര്‍
'ബെത്‌ലഹേം കുടുംബ യൂണിറ്റ്' പോസ്റ്റര്‍

നിവിൻ പോളി- മമിത ബൈജു- ഗിരീഷ് എ.ഡി. കൂട്ടുകെട്ട് ഒന്നിക്കുന്ന 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' അഡ്വാൻസ് ബുക്കിങ് ആരംഭിച്ചു. ഓൺലൈൻ ടിക്കറ്റ് ബുക്കിങ് സൈറ്റുകളിൽ മികച്ച ബുക്കിങ്ങാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. അന്യായ ഫൺ നിമിഷങ്ങളുമായാണ് ചിത്രമെത്തുന്നത് എന്നാണ് ട്രെയ്‌ലർ നൽകിയിരിക്കുന്ന സൂചന. ഓഗസ്റ്റ് 21-നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്.

നമ്മുടെയൊക്കെ അയൽപക്കങ്ങളിൽ കാണാവുന്ന കഥാപാത്രങ്ങളുമായി ഗ്രാമീണ പശ്ചാത്തലത്തിൽ രസകരമായ മുഹൂർത്തങ്ങളിലൂടെ കഥ പറയുന്ന ഗിരീഷ് എ.ഡി. ചിത്രത്തിൽ നായകനായി നിവിൻ പോളി എത്തുമ്പോൾ ഓണത്തിന് കുടുംബങ്ങൾ ഒന്നായി ബത്ലഹേമിലേക്ക് ടിക്കറ്റെടുക്കുമെന്ന് ഉറപ്പിക്കാം. ചിത്രം ഒരു കംപ്ലീറ്റ് ഓണം പാക്കേജ് തന്നെയായിരിക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ.

ശ്രദ്ധേയ സിനിമകളിലൂടെ മലയാളത്തിലെ ഹിറ്റ് സംവിധായകരുടെ നിരയിലേക്കുയർന്ന ഗിരീഷ് എ.ഡിയാണ് സംവിധായകൻ. 'തണ്ണീർ മത്തൻ ദിനങ്ങൾ', 'സൂപ്പർ ശരണ്യ', 'പ്രേമലു' എന്നീ സൂപ്പർഹിറ്റ് സിനിമകളിലൂടെയാണ് അദ്ദേഹം ശ്രദ്ധ നേടിയത്. മലയാളത്തിലെ ശ്രദ്ധേയ ബാനറായ ഭാവന സ്റ്റുഡിയോസും നിവിൻ പോളിയും ആദ്യമായി ഒരുമിക്കുമ്പോൾ പ്രേക്ഷകരും മികച്ചൊരു സിനിമ തന്നെയാണ് കാത്തിരിക്കുന്നത്.

ഭാവന സ്റ്റുഡിയോസ് ഒരുക്കുന്ന ആറാമത്തെ ചിത്രമാണിത്. സൂപ്പർഹിറ്റായ 'പ്രേമലു'വിനുശേഷം ഭാവന സ്റ്റുഡിയോസ് നിർമിക്കുന്ന ചിത്രമെന്ന പ്രത്യേകതയും 'ബെത്‌ലഹേം കുടുംബ യൂണിറ്റി'ന് ഉണ്ട്. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്‌കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഗിരീഷ് എ.ഡിയും കിരൺ ജോസിയും ചേർന്നാണ് സിനിമയുടെ രചന നിർവഹിച്ചിരിക്കുന്നത്.

സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ, പാർവതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രൻ തുടങ്ങി വലിയൊരു താരനിര തന്നെയാണ് ചിത്രത്തിലുള്ളത്. ചാലക്കുടി, പൊള്ളാച്ചി, ഗോവ, ഹൈദ്രബാദ്, കുട്ടിക്കാനം എന്നീ ലൊക്കേഷനുകളിലായി നൂറിലധികം ദിവസങ്ങൾ കൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായിട്ടുള്ളത്.

ഛായാഗ്രഹണം: അജ്മൽ സാബു, സംഗീതസംവിധാനം: വിഷ്ണു വിജയ്, എഡിറ്റർ: ആകാശ് ജോസഫ് വർഗീസ്. ഗാനരചന: വിനായക് ശശികുമാർ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ബെന്നി കട്ടപ്പന, ജോസ് വിജയ്, പ്രൊഡക്ഷൻ കൺട്രോളർ: റിച്ചാർഡ്, ആർട്ട് ഡയറക്ടർ: ആഷിക് എസ്, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്‌സ് സേവ്യർ, സംഘട്ടനം: ആക്ഷൻ സന്തോഷ്, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്: ജംഷീർ പുരക്കാട്ടിരി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഫിലിപ്പ് ഫ്രാൻസിസ്, സൗണ്ട് മിക്‌സിങ്: വിഷ്ണു സുജാതൻ, സൗണ്ട് ഡിസൈൻ: ശങ്കരൻ എ.എസ്, കെ.സി സിദ്ധാർഥൻ, വി.എഫ്.എക്‌സ്: എഗ്ഗ് വൈറ്റ് വി.എഫ്.എക്‌സ്, കളറിസ്റ്റ്: രമേഷ് സി.പി, സ്റ്റിൽസ്: റിൻസൺ എം.ബി, റിഷിലാൽ ഉണ്ണികൃഷ്ണൻ, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്‌സ്, പി.ആർ.ഒ: ആതിര ദിൽജിത്ത്.

Content Highlights: Advance booking for Bethlehem Kudumba Unit has officially started. The film stars Nivin Pauly and Mamitha Baiju, directed by Gireesh A.D. It is slated for a worldwide release on August 21 as a complete Onam package. Produced by Bhavana Studios in association with Nivin Pauly.