'ധുരന്ധറിലെ ആ ഡാൻസ് നമ്പർ ചിത്രീകരിച്ചത് എന്റെ ആർത്തവദിനങ്ങളിൽ'; അനുഭവം പറഞ്ഞ് അയേഷ ഖാൻ

രൺവീർ സിങ്ങിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത 'ധുരന്ധർ' ബോക്‌സ് ഓഫീസിൽ വലിയ ഓളമുണ്ടാക്കിയ ചിത്രമായിരുന്നു. ആഗോള തലത്തിൽ 1300 കോടിയോളമാണ് ചിത്രം നേടിയത്. ഒടിടിയിൽ പ്രദർശനത്തിനെത്തിയപ്പോഴും ചിത്രം വലിയ ചർച്ചയായി. ചിത്രത്തിലെ പാട്ടുകളും സാമൂഹികമാധ്യമങ്ങളിൽ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. അക്ഷയ് ഖന്നയുടെ കഥാപാത്രത്തിന്റെ എൻട്രിയിൽ ഉപയോഗിച്ച റാപ്പർ ഫ്ലിപ്പറാച്ചിയുടെ ഗാനവും ക്രിസ്റ്റൽ ഡിസൂസയുടേയും അയേഷ ഖാന്റേയും കിടിലൻ നൃത്തച്ചുവടുകളുമുള്ള 'ഷെറാറത്ത്' എന്ന പാട്ടും ഇൻസ്റ്റഗ്രാം റീലുകൾ 'ഭരിച്ചു'. ഗാനരംഗചിത്രീകരണത്തിനിടെയുള്ള അനുഭവങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ നടി അയേഷ ഖാൻ.
ഗാനരംഗത്തിന്റെ ചിത്രീകരണത്തിന് മാത്രമായി രണ്ടുദിവസമെടുത്തുവെന്ന് നടി പറഞ്ഞു. അന്ന് തന്റെ ആർത്തവദിവസങ്ങളായിരുന്നു. ശാരീരികബുദ്ധിമുട്ടില്ലായിരുന്നെങ്കിൽ തനിക്ക് അല്പംകൂടി നന്നായി ചെയ്യാൻ കഴിയുമായിരുന്നുവെന്നും അയേഷ ഖാൻ ഒരു അഭിമുഖത്തിൽ പറഞ്ഞു.
'രണ്ടുദിവസമായിരുന്നു ഷൂട്ടിങ്. പിടിപ്പത് പണിയുണ്ടായിരുന്നു. എന്റെ ആർത്തവദിനങ്ങളിലായിരുന്നു ഷൂട്ടിങ്. എന്റെ ഏറ്റവും മികച്ച അവസ്ഥയിലായിരുന്നില്ല ഞാൻ. വീർത്തിരിക്കുന്നതുകാരണം ഒട്ടും മികച്ചതായി എനിക്ക് തോന്നിയില്ല. കുറച്ചുകൂടെ നന്നായിരുന്നുവെങ്കിലെന്ന് എനിക്ക് തോന്നി. രണ്ടുദിവസത്തിനുള്ളിൽ തീർക്കാൻ ഒരുപാട് കാര്യങ്ങളുണ്ടായിരുന്നു'- അയേഷ ഖാൻ പറഞ്ഞുതുടങ്ങി.
'സെറ്റിൽ എന്താണ് സംഭവിക്കുന്നതെന്നും ആരൊക്കെയുണ്ടായിരുന്നുവെന്നുപോലും ഞങ്ങൾക്ക് അറിയില്ലായിരുന്നു. എനിക്കും ക്രിസ്റ്റലിനും എവിടേയും നോക്കാൻ പോലും സമയമുണ്ടായിരുന്നില്ല. ഈ രണ്ടുദിവസത്തിനുള്ളിൽ തന്നെ ആ വിവാഹരംഗങ്ങളും ഷൂട്ട് ചെയ്യേണ്ടിയിരുന്നു. ചെയ്യാൻ കുറേകാര്യങ്ങൾ ഉണ്ടായിരുന്നെങ്കിലും എനിക്കൊട്ടും സമയമുണ്ടായിരുന്നില്ല. ഞങ്ങൾ വല്ലാതെ ക്ഷീണിതരായിരുന്നു. ഒരുപാട് ഡാൻസ് ചെയ്ത് ഞങ്ങൾക്ക് അസ്ഥികൾ വേദനിക്കാൻ തുടങ്ങി'- നടി കൂട്ടിച്ചേർത്തു.
ശശ്വന്ത് സച്ച്‌ദേവിന്റെ സംഗീതസംവിധാനത്തിൽ മധുബന്തി ബാഗ്ച്ചിയും ജാസ്മിൻ സാൻഡ്ലാസും ചേർന്നാണ് 'ഷെറാറത്ത്' എന്ന് പാട്ട് പാടിയത്. വിജയ് ഗാംഗുലിയാണ് നൃത്തസംവിധാനം. പാട്ടിലെ നൃത്തരംഗത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. സെലിബ്രിറ്റികളടക്കം പാട്ടിന് ചുവടുവെച്ച് സാമൂഹികമാധ്യമങ്ങളിൽ റീലുകൾ പങ്കുവെച്ചിരുന്നു.
ടിവി പരമ്പരകളിൽ തുടങ്ങി ബോളിവുഡിൽ ശ്രദ്ധേയതാരമായി മാറിയ നടിയാണ് അയേഷ ഖാൻ. ബിഗ് ബോസ് 17-ാം സീസണിൽ മത്സരാർഥിയായിരുന്നു. തെലുങ്കിലാണ് ബിഗ് സ്‌ക്രീൻ അരങ്ങേറ്റം.
Content Highlights: 'I was on my period while shooting for 'Dhurandhar' song 'Shararat', reveals Ayesha Khan