'അട്ടപ്പാടി ദി വാലി ഓഫ് ഡിവൈന്‍ ഹിലീങ്ങ് '; ഒമാനില്‍ ചിത്രീകരണം ആരംഭിക്കും

അട്ടപ്പാടിയിലെ ഗോത്ര വൈദ്യത്തെ അടിസ്ഥാനമാക്കി വിജീഷ് മണി സംവിധാനം ചെയ്യുന്ന 'അട്ടപ്പാടി ദി വാലി ഓഫ് ഡിവൈന്‍ ഹിലീങ്ങ് '(ATTAPPADI- The Valley of Divine Healing) എന്ന ഇന്ത്യാ-ഒമാന്‍ ഡോക്യൂഫിക്ഷന്‍ സിനിമയുടെ ചിത്രീകരണത്തിന് ഒമാനിലെ ഇന്ത്യന്‍ എംബസിയില്‍ സംഘടിപ്പിച്ച പ്രൗഢ ഗംഭീരമായ ചടങ്ങില്‍ ഇന്ത്യന്‍ അംബാസിഡര്‍ വെങ്കിട്ട് ശ്രീനിവാസന്‍ തുടക്കം കുറിച്ചു.
ഭാരതവും ഒമാനുമായി ആയുര്‍വേദം, ഗോത്ര വൈദ്യം തുടങ്ങിയ പൈതൃക ചികിത്സാ അറിവുകളുടെ വിനിമയവും പ്രോത്സാഹനവും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്നമാണെന്ന് അംബാസഡര്‍ പറഞ്ഞു. അട്ടപ്പാടി താഴ്‌വരയില്‍ മറഞ്ഞു കിടക്കുന്ന ദൈവിക സാന്ത്വനമായ ഗോത്ര വൈദ്യ വിജ്ഞാനം പുറം ലോകത്ത് അറിയപ്പെടേണ്ടതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ സ്വഛ്ഭാരത് അഭിയാന്‍ പദ്ധതിയെക്കുറിച്ച് അറബിയില്‍ കവിതയെഴുതിയതിന് പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷണിച്ച് നേരില്‍ കണ്ട് അഭിനന്ദിച്ച ഒമാനി കവിയും, നടനുമായ സുല്‍ത്താന്‍ അഹമ്മദ് അല്‍ മെഹ്‌മൂദി, സംവിധായകന്‍ വിജീഷ് മണി, ഒമാനി സിനിമ പ്രവര്‍ത്തകരായ അബ്ദുല്‍ റഹ്‌മാന്‍ അല്‍ അസ്റി, പിസാ ഹസന്‍, അഹമ്മദ് ബഷീര്‍,എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
അട്ടപ്പാടിയിലെ മൂന്ന് ഗോത്രഭാഷകളില്‍ ( ഇരുള, കുറുമ്പ, മുഡുക) സിനിമകള്‍ ചെയ്ത് ഓസ്‌കറിലുള്‍പ്പെടെ നിരവധി ദേശീയ അന്തര്‍ദേശീയ അവാര്‍ഡുകള്‍ നേടിയ സംവിധായകനാണ് വിജിഷ് മണി. അട്ടപ്പാടിയിലെ ഗോത്രവൈദ്യം ആസ്പദമാക്കി ഒരുക്കുന്ന ഈ ഡോക്യുഫിക്ഷന്‍ സിനിമയുടെ തിരക്കഥ സംഭാഷണം അജിത്ത് ഷോളയൂര്‍ എഴുതുന്നു. എഡിറ്റിംഗ്-ബി ലെനിന്‍,സൗണ്ട് ഡിസൈന്‍-ഗണേഷ് മാരാര്‍, ഛായാഗ്രഹണം-പി മുരുകേശ്വരന്‍, ഗാനരചന- സുല്‍ത്താന്‍ അഹമ്മദ് അല്‍ മെഹ്‌മൂദി, മണികണ്ഠന്‍ അട്ടപ്പാടി, സംഗീതം-വിജിഷ് മണി, പശ്ചാത്തല സംഗീതം- മിഥുന്‍ മലയാളം, മേക്കപ്പ്-ശേഖര്‍, വസ്ത്രാലങ്കാരം-ഭാവന, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-റോജി പി കുര്യന്‍,ലോക്കേഷന്‍ മാനേജര്‍-രാമദാസ് അട്ടപ്പാടി.
സുല്‍ത്താന്‍ അഹമ്മദ് അല്‍ മെഹ്‌മൂദിയോടൊപ്പം അട്ടപ്പാടിയിലെ ഗോത്ര കലാകാരന്മാരും ഈ ആ ഒന്നിക്കുന്നു. ഒമാനില്‍ ചിത്രീകരണം പുരോഗമിക്കുന്ന സിനിമയുടെ പ്രധാന ഭാഗങ്ങള്‍ ഡിസംബര്‍ ആദ്യവാരം അട്ടപ്പാടിയില്‍ പൂര്‍ത്തിയാക്കും. പി ആര്‍ ഒ-എ എസ് ദിനേശ്.