സ്റ്റൈലിഷ് 'പട്ടി ഷോ'; 'അതിരടി'യിലെ പുതിയ ഗാനമെത്തി; ചിത്രം മേയ് 14-ന്

ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന മൾട്ടിസ്റ്റാർ ചിത്രം 'അതിരടി'യിലെ പുതിയ ഗാനം പുറത്ത്. വിഷ്ണു വിജയ് സംഗീതം നൽകിയ ഗാനം രചിച്ചത് സുഹൈൽ കോയ, അറിവ് എന്നിവർ ചേർന്നാണ്. 'പട്ടി ഷോ' എന്ന വരികളോടെ ശ്രദ്ധ നേടുന്ന ഗാനം ആലപിച്ചത് ഡബ്സി, അറിവ്, സുഹൈൽ കോയ എന്നിവർ ചേർന്നാണ്. ഗാനത്തിന്റെ ലിറിക് വീഡിയോ ആണ് പുറത്തു വിട്ടിരിക്കുന്നത്.
ബേസിൽ, ടൊവിനോ, വിനീത് ശ്രീനിവാസൻ എന്നിവർ പ്രധാനവേഷങ്ങൾ ചെയ്യുന്ന ചിത്രം മേയ് 14-നാണ് ആഗോള റിലീസായി തിയേറ്ററുകളിലെത്തുക. ഒരു മാസ് കോമഡി കാംപസ് ആക്ഷൻ എന്റർടെയ്നറായൊരുങ്ങുന്ന ചിത്രം നിർമിക്കുന്നത് ഡോ. അനന്തു എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഡോ. അനന്തു എസും, ബേസിൽ ജോസഫ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ബേസിൽ ജോസഫും ചേർന്നാണ്. നവാഗതനായ അരുൺ അനിരുദ്ധൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകനും ഛായാഗ്രാഹകനുമായ സമീർ താഹിറും ടൊവിനോ തോമസുമാണ് കോ-പ്രൊഡ്യൂസർമാർ.
നേരത്തെ പുറത്തുവന്ന ആദ്യ ഗാനമായ 'തേടി നടന്നൊരു തേനീച്ച' മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഫെജോ, പൂർണിമ കണ്ണൻ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചത്. ചിത്രത്തിന്റെ ഫൺ മൂഡ് പ്രേക്ഷകരിലെത്തിക്കുന്ന തരത്തിലാണ് ഗാനം ഒരുക്കിയിരിക്കുന്നത്. വളരെ സ്റ്റൈലിഷ് ഗെറ്റപ്പിൽ ബേസിൽ ജോസഫിനെ അവതരിപ്പിക്കുന്ന ഗാനം, അതീവ രസകരമായ കാംപസ് പശ്ചാത്തത്തിലാണ് ഒരുക്കിയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.
സാംകുട്ടി എന്ന കഥാപാത്രമായാണ് ബേസിൽ ജോസഫ് ചിത്രത്തിലെത്തുന്നത്. റിയ ഷിബു, സരിൻ ഷിഹാബ് എന്നിവരാണ് ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബേസിൽ ജോസഫ്- ടൊവിനോ തോമസ്- വിനീത് ശ്രീനിവാസൻ ടീമിന്റെ തകർപ്പൻ പ്രകടനമായിരിക്കും ചിത്രത്തിന്റെ ഹൈലൈറ്റെന്നാണ് റിപ്പോർട്ട്. പ്രേക്ഷകരുടെ ഇഷ്ടതാരമായ ബേസിൽ ജോസഫിന്റെ ആദ്യ നിർമാണ സംരംഭം എന്ന നിലയിലും ചിത്രത്തെ കുറിച്ച് പ്രേക്ഷക പ്രതീക്ഷകൾ ഏറെ വലുതാണ്.
മേയ് രണ്ടിന് കോഴിക്കോട് നടന്ന, അതിരടി ഫെസ്റ്റ് എന്ന ചിത്രത്തിന്റെ പ്രൊമോഷണൽ ഇവന്റും വലിയ ജനപിന്തുണ നേടി. ഇവന്റിൽനിന്നുള്ള ചിത്രങ്ങളും വീഡിയോയും ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ വൈറലാണ്. ടൊവിനോ തോമസ്, ബേസിൽ ജോസഫ്, റിയ ഷിബു എന്നിവർക്കൊപ്പം, ഡബ്സി, അറിവ്, ജോബ് കുര്യൻ, ഫെജോ എന്നിവരുടെ സംഗീത പരിപാടിയും അവിടെ കാണികളെ ഇളക്കി മറിച്ചു. മിന്നൽ മുരളിക്ക് ശേഷം ബേസിൽ ജോസഫും ടൊവിനോ തോമസും വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന നിലയിലും പ്രേക്ഷക ശ്രദ്ധയാകർഷിക്കുന്നുണ്ട്.
കാംപസിന്റെ പശ്ചാത്തലത്തിൽ ആക്ഷനും കോമഡിയും കോർത്തിണക്കി ഒരുക്കുന്ന ഫെസ്റ്റിവൽ ചിത്രമായാണ് 'അതിരടി' ഒരുങ്ങുന്നത്. ബേസിൽ ജോസഫ് ഒരുക്കിയ മിന്നൽമുരളിയുടെ രചയിതാക്കളിൽ ഒരാളായ അരുൺ അനിരുദ്ധന്റെ സംവിധായകനായുള്ള അരങ്ങേറ്റ ചിത്രമാണ് 'അതിരടി'. മിന്നൽ മുരളിക്ക് ശേഷം ടൊവിനോ തോമസ്, ബേസിൽ ജോസഫ്, സമീർ താഹിർ, അരുൺ അനിരുദ്ധൻ എന്നിവർ വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. പോൾസൺ സ്കറിയ, അരുൺ അനിരുദ്ധൻ എന്നിവർ ചേർന്നാണ് ചിത്രം രചിച്ചത്. മലയാളം കൂടാതെ, തമിഴ്, തെലുങ്കു, കന്നഡ ഭാഷകളിലും ചിത്രം പ്രദർശനത്തിനെത്തും. ചിത്രത്തിന്റെ ഗൾഫിലെ വിതരണാവകാശം സ്വന്തമാക്കിയത് ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ആണ്.
ഛായാഗ്രഹണം: സാമുവൽ ഹെന്റി, സംഗീതം: വിഷ്ണു വിജയ്, എഡിറ്റർ: ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ: മാനവ് സുരേഷ്, കോസ്റ്റ്യൂം: മഷർ ഹംസ, മേക്കപ്പ്: റൊണക്സ് സേവ്യർ, സൗണ്ട് ഡിസൈനർ: നിക്സൺ ജോർജ്, വരികൾ: സുഹൈൽ കോയ, പ്രൊഡക്ഷൻ കൺട്രോളർ: ആന്റണി തോമസ്, എക്സികുട്ടീവ് പ്രൊഡ്യൂസർ: നിഖിൽ രാമനാഥ്, അമൽ സേവ്യർ മനക്കത്തറയിൽ, ഫിനാൻസ് കൺട്രോളർ: ഐഡൻചാർട്ട്സ്, വിഎഫ്എക്സ്: മൈൻഡ്സ്റ്റെയിൻ സ്റ്റുഡിയോസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സുകു ദാമോദർ, സോഹിൽ, സ്റ്റിൽസ്: രോഹിത് കെ. സുരേഷ്, ടൈറ്റിൽ ഡിസൈൻ: സർക്കാസനം, പബ്ലിസിറ്റി ഡിസൈൻ: റോസ്റ്റഡ് പേപ്പർ, പിആർഒ: വൈശാഖ് സി. വടക്കെവീട്, ജിനു അനിൽകുമാർ.
Content Highlights: New song 'Patti Show' released from the movie Athiradi. Film stars Basil Joseph, Tovino Thomas, and Vineeth Sreenivasan. Global theatrical release scheduled for May 14., Directed by debutant Arun Anirudhan. A mass comedy campus action entertainer with multi-language release