ഒതുക്കാനുള്ള പരിപാടിയല്ലേയെന്ന് നസ്ലിൻ, സംവിധാനംചെയ്യാൻ പോയിക്കൂടേയെന്ന് സന്ദീപ്; മറുപടിയുമായി ബേസിൽ

ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന അരുൺ അനിരുദ്ധൻ സംവിധാനംചെയ്യുന്ന ചിത്രമാണ് 'അതിരടി'. 2026 ഓണം റിലീസായി എത്തുന്ന ചിത്രം നിർമിക്കുന്നത് ഡോ. അനന്തു എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഡോ. അനന്തു എസും, ബേസിൽ ജോസഫ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ബേസിൽ ജോസഫും ചേർന്നാണ്. ചിത്രത്തിൽ ബേസിൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ ബേസിൽ പങ്കുവെച്ച ചിത്രത്തിന് നസ്ലിൻ ഉൾപ്പെടെ പങ്കുവെച്ച രസകരമായ കമന്റാണ് ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ ചർച്ച.
ബേസിൽ ജോസഫ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ മാസ് ലുക്കിലുള്ള പോസ്റ്റർ ആണ് പുറത്തുവന്നിരിക്കുന്നത്. കോളേജ് വിദ്യാർഥിയുടെ ലുക്കിലാണ് ക്യാരക്ടർ പോസ്റ്ററിൽ ബേസിൽ ജോസഫിനെ അവതരിപ്പിച്ചിരിക്കുന്നത്. 'സാം കുട്ടി' അഥവാ 'സാം ബോയ്' എന്ന കഥാപാത്രമായെത്തുന്ന ബേസിൽ, അതേ വേഷത്തിലുള്ള ചിത്രമാണ് പങ്കുവെച്ചത്. 'സാം ബോയ്- റോൾ നമ്പർ 31, ബിടെക് ഫസ്റ്റ് ഇയർ, സിവിൽ എൻജിനിയറിങ്, ബിസിഇടി', എന്ന ക്യാപ്ഷനോടെയാണ് ചിത്രം.
ചിത്രത്തിന് താഴെ നസ്രിയയും ആന്റണി വർഗീസ് പെപ്പേയും ഗുരു സോമസുന്ദരവും ഉൾപ്പെടെയുള്ളവർ കമന്റുമായെത്തി. 'ഞങ്ങളെ ഒതുക്കാനുള്ള പരിപാടി ആണല്ലേ, ചതിയായിപ്പോയി' എന്ന നസ്ലിന്റെ കമന്റാണ് രസകരമായ കൊടുക്കൽ വാങ്ങലുകൾക്ക് തുടക്കമിട്ടത്. ഇതിന് മറുപടിയുമായി ബേസിലും സന്ദീപും ടൊവിനോയും എത്തിയതോടെ കമന്റ് ബോക്‌സ് കൊഴുത്തു.
'നിന്റേയും ആ സന്ദീപിന്റേയും അഹങ്കാരം കുറച്ചുകൂടുന്നുണ്ട്, ശരിയാക്കിത്തരാം', എന്നായിരുന്നു സന്ദീപിനെക്കൂടി മെൻഷൻ ചെയ്ത് നസ്ലിന് ബേസിലിന്റെ മറുപടി. 'മുട്ട വെക്കേണ്ട ആളുകളുടെ എണ്ണം രണ്ടായി', എന്നായി നസ്ലിൻ. പിന്നാലെ വന്ന ടൊവിനോ നസ്ലിനെ മെൻഷൻ ചെയ്ത്, 'നീയാണ് അവന്റെ മെയിൻ ലക്ഷ്യം', എന്ന് കമന്റിട്ടു. 'നമ്മൾ ഒരു ടീമല്ലേ', എന്നായിരുന്നു ടൊവിനോയോട് ബേസിലിന്റെ ചോദ്യം. 'ലാസ്റ്റ് ഞാൻ മാത്രമേ കാണൂ, ഓർത്തോ', എന്നും ബേസിൽ ടൊവിനോയ്ക്ക് 'മുന്നറിയിപ്പ്' നൽകി. പിന്നാലെയെത്തിയ സന്ദീപ്, 'പടം ഡയറക്ട് ചെയ്യാൻ പൊയ്ക്കൂടെ', എന്ന് ബേസിലിനോട് ചോദിച്ചു. താരങ്ങൾക്ക് പുറമേ ആരാധകരും രസകരമായ കമന്റുകളുമായെത്തി.
മാസ്- കളർഫുൾ- കാംപസ് എന്റർടെയ്‌നറായാണ് 'അതിരടി' ഒരുങ്ങുന്നത്. സംവിധായകനും ഛായാഗ്രാഹകനുമായ സമീർ താഹിറും ടൊവിനോ തോമസും ആണ് ചിത്രത്തിന്റെ കോ-പ്രൊഡ്യൂസർമാർ.
ബേസിൽ ജോസഫ് ഒരുക്കിയ മിന്നൽ മുരളിയുടെ രചയിതാക്കളിൽ ഒരാളായ അരുൺ അനിരുദ്ധന്റെ സംവിധായകനായുള്ള അരങ്ങേറ്റ ചിത്രമാണ് അതിരടി. മിന്നൽ മുരളിക്ക് ശേഷം ടൊവിനോ തോമസ്, ബേസിൽ ജോസഫ്, സമീർ താഹിർ, അരുൺ അനിരുദ്ധൻ എന്നിവർ വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. പോൾസൺ സ്‌കറിയ, അരുൺ അനിരുദ്ധൻ എന്നിവർ ചേർന്നാണ് ചിത്രം രചിച്ചത്.
Content Highlights: Basil Joseph`s `Athiradi` character poster goes viral, leading to witty exchanges with Naslen, Tovino, and Sandeep