'പറയാതെ ബാക്കിവെച്ചതെല്ലാം നമുക്ക് പുറത്തേക്ക് കൊണ്ടുവരാം'; ആസിഫ് അലിയുടെ 'ലെവൽക്രോസ്' ട്രെയിലർ

ലെവൽ ക്രോസ് എന്ന ചിത്രത്തിൽ അമലാ പോളും ആസിഫ് അലിയും | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്
ലെവൽ ക്രോസ് എന്ന ചിത്രത്തിൽ അമലാ പോളും ആസിഫ് അലിയും | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്

ആസിഫ് അലി, അമലാ പോൾ, ഷറഫുദ്ദീൻ  എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആകുന്ന ലെവൽ ക്രോസ് എന്ന ചിത്രത്തിന്റെ ട്രെയിലർ  പുറത്തിറങ്ങി. ജൂലൈ 26ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലർ മലയാള സിനിമയിൽ നിന്നും മമ്മൂട്ടി, ദുൽഖർ സൽമാൻ, തെലുങ്കിൽ നിന്ന് സൂപ്പർ താരമായ വെങ്കിടേഷ്, ഹിന്ദിയിൽ നിന്ന് രവീണ ഠണ്ടൻ എന്നിവർ സോഷ്യൽ മീഡിയയിലൂടെ റിലീസ് ചെയ്തു.  

ലിജോ ജോസ് പെല്ലിശ്ശേരി ദിലീഷ് പോത്തൻ ലിസ്റ്റിൻ സ്റ്റീഫൻ എന്നിവരുടെ സാന്നിധ്യത്തിൽ കുഞ്ചാക്കോ ബോബനും ബിജുമേനോനും ചേർന്ന്  ചിത്രത്തിന്റെ ട്രെയിലർ "തലവ"ന്റെ  65 -ാം ദിന ആഘോഷിച്ചടങ്ങിനിടയിൽ പുറത്തിറക്കി. സൂപ്പർ ഹിറ്റ് ചിത്രം കൂമന് ശേഷം ജിത്തു ജോസഫ് അവതരിപ്പിക്കുന്ന ആസിഫലി നായകനായ ചിത്രത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത മേക്കോവറിലാണ് താരം എത്തുന്നത്. 

ആസിഫലിയുടെ അവസാനം റിലീസ് ചെയ്ത ചിത്രം "തലവൻ" തിയേറ്ററുകളിൽ മികച്ച വിജയം നേടിയിരുന്നു. ടുണീഷ്യയിൽ ഷൂട്ട് ചെയ്ത ആദ്യ ഇന്ത്യൻ ചിത്രം എന്ന പ്രത്യേകതയും "ലെവൽ ക്രോസ്സ്"നുണ്ട്.  സംവിധായകൻ അർഫാസ് അയൂബിന്റെ സംവിധാനത്തിലാണ് ലെവൽ ക്രോസ്സ് ഒരുങ്ങിയിരിക്കുന്നത്. ജിത്തു ജോസഫിന്റെ  പ്രധാന സംവിധാന സഹായിയും ശിഷ്യനുമാണ് സംവിധായകൻ അർഫാസ് അയൂബ്. മോഹൻലാൽ നായകനായെത്തുന്ന "റാം" ന്റെ നിർമ്മാതാവും അഭിഷേക് ഫിലിംസിന്റെ  ഉടമയുമായ രമേഷ്  പി പിള്ളയുടെ  റിലീസിന് എത്തുന്ന ആദ്യ മലയാള ചിത്രമാണിത്. 

സീതാരാമം, കുറ്റം 23, ചിത്ത, കാളിദാസ് തുടങ്ങിയ ഹിറ്റ് സിനിമകളുടെ സംഗീത സംവിധായകനായ വിശാൽ ചന്ദ്രശേഖർ സംഗീതം ഒരുക്കുന്ന ആദ്യ മലയാള ചിത്രമാണിത്. ലെവൽ ക്രോസിന്‍റെ കഥയും തിരക്കഥയും അർഫാസിന്റേതാണ്. ത്രില്ലർ മൂഡിൽ ഒരുക്കിയ ചിത്രത്തിന്റെ  മ്യൂസിക് റൈറ്റ്സ് വമ്പൻ തുകയ്ക്ക്  തിങ്ക് മ്യൂസിക് സ്വന്തമാക്കിയിരുന്നു. ഛായാഗ്രഹണം അപ്പു പ്രഭാകർ. ജെല്ലിക്കെട്ട് ചുരുളി,നൻപകൽ നേരത്തു മയക്കം തുടങ്ങിയ ചിത്രങ്ങളുടെ എഡിറ്റർ ആയിരുന്ന ദീപു ജോസഫ് ആണ് എഡിറ്റിങ് നിർവഹിക്കുന്നത്.

സംഭാഷണം -ആദം അയൂബ്ബ്. സൗണ്ട് ഡിസൈനർ -ജയദേവ് ചക്കാടത്ത്. കോസ്റ്റ്യൂം -ലിന്റ ജീത്തു. മേക്കപ്പ് -റോണക്സ് സേവ്യർ. പ്രൊഡക്ഷൻ ഡിസൈനർ -പ്രേം നവാസ്. പി ആർ ഓ -മഞ്ജു ഗോപിനാഥ് വേഫേറർ ചിത്രം ജൂലൈ 26 ന് തിയേറ്ററുകളിലെത്തിക്കും.

Content Highlights: asif ali new movie level cross trailer out and release date announced