ആസിഫ് അലി-ജിസ് ജോയ് ടീം വീണ്ടും; ഇത്തവണ ഫാമിലി ത്രില്ലർ, 'കോട്ടയം ബെൽറ്റി'ന് തൃശ്ശൂരിൽ തുടക്കം

മലയാള സിനിമയിൽ തുടർച്ചയായി വിജയചിത്രങ്ങൾ സമ്മാനിച്ച ആസിഫ് അലി - ജിസ് ജോയ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു. ‘കോട്ടയം ബെൽറ്റ്‘ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരു ഫാമിലി ത്രില്ലറായാണ് ഒരുങ്ങുന്നത് എന്നാണ് സൂചനകൾ. ഡ്രീംക്യാച്ചർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ടി.ആർ. ഷംസുദ്ധീനും കാലിഷ് പ്രൊഡക്ഷൻസിന്റെ ബാനറിൽ വേണു ഗോപാലകൃഷ്ണനും അഞ്ചാമതായി നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിങ് തൃശൂരിൽ ആരംഭിച്ചു.
'1983', 'ക്വീൻ', 'കാണെക്കാണെ' തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങളിലൂടെ മലയാള സിനിമാ പ്രേക്ഷകർക്ക് മികച്ച സിനിമാനുഭവങ്ങൾ നൽകിയ നിർമ്മാതാവാണ് ടി.ആർ. ഷംസുദ്ദീൻ. അദ്ദേഹത്തോടൊപ്പം വേണു ഗോപാലകൃഷ്ണനും ചിത്രത്തിൽ നിർമാണ പങ്കാളിയാവുന്നുണ്ട്. ഡ്രീം ക്യാച്ചർ പ്രൊഡക്ഷൻ കമ്പനിയുടെ അഞ്ചാം ചിത്രമാണ് ‘കോട്ടയം ബെൽറ്റ്.’
മലയാള സിനിമയിലെ ഹിറ്റ് കൂട്ടുകെട്ടുകളിൽ ഒന്നായ ആസിഫ് അലി-ജിസ് ജോയ് ടീം ബൈസിക്കിൾ തീവ്‌സ് (2013) എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി കൈകോർത്തത്. തുടർന്ന് 'സൺഡേ ഹോളിഡേ' (2017), 'വിജയ് സൂപ്പറും പൗർണ്ണമിയും' (2019), 'ഇന്നലെ വരെ' (2022), 'തലവൻ' (2024) എന്നീ ശ്രദ്ധേയമായ ചിത്രങ്ങളിലൂടെ ഇവർ പ്രേക്ഷകരുടെ പ്രിയപ്പെട്ട കൂട്ടുകെട്ടായി മാറുകയായിരുന്നു. കുടുംബപ്രേക്ഷകർക്കും യുവാക്കൾക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന ഈ കൂട്ടുകെട്ടിന്റെ പുതിയ ചിത്രവും വലിയ പ്രതീക്ഷയോടെയാണ് സിനിമാലോകം ഉറ്റുനോക്കുന്നത്.
വിജയരാഘവൻ, ജഗദീഷ്, ഷൈൻ ടോം ചാക്കോ, വിഷ്ണു അഗസ്ത്യ, ബോബി കുര്യൻ, അശോകൻ, പ്രേം പ്രകാശ്, ശ്രുതി രാമചന്ദ്രൻ, ശ്രീകാന്ത് മുരളി, അലൻസിയർ, ജിനു ജോസഫ്, ചെമ്പിൽ അശോകൻ, വിനീത്, സാന്ദ്ര ചന്ദ്രൻ, രഞ്ജിത്ത് ശേഖർ, ഐക ദേവ്, നിതിൻ പ്രസന്ന എന്നിവരടങ്ങുന്ന വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. ചൊവ്വാഴ്ച വൈകിട്ട് 7 മണിക്ക് കൊച്ചിയിലെ ഹോട്ടൽ ക്രൗൺ പ്ലാസയിൽ നടന്ന ചടങ്ങിലാണ് ചിത്രത്തിന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
സുരേഷ് ഗോപാലന്റേതാണ് തിരക്കഥ. സംഗീത സംവിധായാകനായി ഗോവിന്ദ് വസന്തയും, ഛായാഗ്രഹണത്തിൽ ബിനേന്ദ്ര മേനോനും പ്രവർത്തിക്കുന്ന ചിത്രത്തിന് ക്രിയേറ്റീവ് കോൺട്രിബ്യൂഷൻ നൽകുന്നത് ബോബി & സഞ്ജയ് ടീമാണ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ സാഗർ, കലാസംവിധാനം അജയൻ മങ്ങാട്, ചിത്രസംയോജനം സൂരജ് ഇ.എസ് വസ്ത്രാലങ്കാരം: സമീറ സനീഷ്, പ്രൊഡക്ഷൻ കണ്ട്രോളർ: ജാവേദ് ചെമ്പ്, ഡിസൈൻസ്: യെല്ലോടൂത്ത്സ്, മാർക്കറ്റിങ്: സ്നേക്ക്പ്ലാന്റ് എൽ എൽ പി, പി.ആർ.ഒ: ആതിര ദിൽജിത്ത് & ഹെയിൻസ്.
Content Highlights: The highly successful Malayalam director-actor duo Jis Joy and Asif Ali are collaborating for the sixth time on an upcoming family thriller titled Kottayam Belt, which officially commenced its shooting schedule in Thrissur.