'ആ ഹീറോയോട് കഥപറഞ്ഞു'; എ.ആർ.എമ്മിന് ശേഷം വീണ്ടും ഫാന്റസി-ഫോക്‌ലോറുമായി ജിതിൻലാൽ

#Movies Desk
സംവിധായകൻ ജിതിൻ ലാൽ | ഫോട്ടോ: അറേഞ്ച്ഡ്
സംവിധായകൻ ജിതിൻ ലാൽ | ഫോട്ടോ: അറേഞ്ച്ഡ്

ണ്ടുവർഷം മുമ്പ് തിയേറ്ററിലെത്തി വലിയ വിജയമായി മാറിയ ടൊവിനോ തോമസ് ചിത്രമായിരുന്നു 'എ.ആർ.എം' (അജയന്റെ രണ്ടാം മോഷണം). നവാഗതനായ ജിതിൻലാൽ സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ രചിച്ചത് സുജിത് നമ്പ്യാരാണ്. ചിത്രത്തിന് രണ്ടാംഭാഗമോ സ്പിൻ-ഓഫോ ഒരുങ്ങുമെന്ന സൂചന പല തവണ ജിതിൻലാൽ നൽകിയിരുന്നു. എന്നാൽ, അതിന് മുമ്പ് മറ്റൊരു സിനിമയുമായി താനും സുജിത് നമ്പ്യാരും എത്തുമെന്ന് അറിയിച്ചിരിക്കുകയാണ് ജിതിൻലാൽ. തിരക്കഥ പൂർത്തിയായെന്നും മലയാളത്തിലെ പ്രധാന നായകനടനോട് കഥ പറഞ്ഞതായും ജിതിൻ വിനായക ചതുർഥി ദിവസം പങ്കുവെച്ച സാമൂഹികമാധ്യമ കുറിപ്പിൽ വ്യക്തമാക്കി. സുജിത് നമ്പ്യാരെ ടാഗ് ചെയ്ത് പങ്കുവെച്ച കുറിപ്പിൽ, ചിത്രം ഫാന്റസി ഫോക്‌ലോർ ഗണത്തിൽപ്പെടുന്നതാണെന്നും അടുത്തവർഷം ചിത്രീകരണം തുടങ്ങാൻ കഴിഞ്ഞേക്കുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു.

'ഓം ഗം ഗണപതയേ നമഃ, പുതിയ അധ്യായം തുടങ്ങുന്നു', എന്ന മുഖവുരയോടെയാണ് ജിതിന്റെ കുറിപ്പ് ആരംഭിക്കുന്നത്. 'കഴിഞ്ഞ രണ്ടുവർഷങ്ങൾ കയറ്റിറക്കങ്ങളുടേതായിരുന്നു. ഞങ്ങളെ പിന്തുണച്ചവർക്കും, വിശ്വസിച്ചവർക്കും ഞങ്ങൾക്കൊപ്പം ആഘോഷിച്ചവർക്കും ക്ഷമാപൂർവം ഒപ്പം നിന്നവർക്കും നന്ദി. എ.ആർ.എം. കേവലം ഒരു സിനിമ ആയിരുന്നില്ല. അതൊരു സ്വപ്‌നമായിരുന്നു. ഓരോ അംഗീകാരങ്ങളും ചലച്ചിത്രമേളകളും പുരസ്‌കാരങ്ങളും പ്രദർശനങ്ങളും ആ സ്വപ്‌നത്തിന്റെ ഓരോ അധ്യായങ്ങളായിരുന്നു. പ്രേക്ഷകരോടും സുഹൃത്തുക്കളോടും കുടുംബത്തോടും ഒപ്പം നിന്ന എല്ലാവരോടും അതിയായ കടപ്പാടുണ്ട്', ജിതിൻ കുറിച്ചു.

'എല്ലാത്തിലും ഉപരിയായി, ഈ യാത്രയിൽ നേർവഴി കാണിക്കുകയും അനുഗ്രഹിക്കുകയും ചെയ്ത പ്രപഞ്ചത്തോടും പരമമായ സൃഷ്ടാവിനോടും ദൈവങ്ങളോടും ദൈവിക ശക്തികളോടും ഹൃദയം നിറഞ്ഞ കൃതജ്ഞത. റിലീസിന് ശേഷവും തുടർച്ചയായ എ.ആർ.എം പോസ്റ്റുകൾക്കൊണ്ട് നിങ്ങളിൽ പലരേയും ഞാൻ ശല്യപ്പെടുത്തി എന്നെനിക്കറിയാം. ഇത് ഞങ്ങളുടെ ഒരു സ്വപ്‌നമായിരുന്നതിനാൽ, ഓരോ നേട്ടങ്ങളും ഞങ്ങൾക്ക് വലുതെന്തെങ്കിലുമായിരുന്നു. ഒരു വാണിജ്യ സിനിമയ്ക്ക് അതിന്റെ അതിരുകൾക്കപ്പുറത്തേക്ക് സഞ്ചരിക്കാൻ കഴിയുമന്നും ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്കും ചലച്ചിത്രമേളകളിലേക്കും എത്താൻ കഴിയുമെന്നും ഞങ്ങൾ വിശ്വസിച്ചു. അത് യാഥാർഥ്യമായി. നവാഗതൻ എന്ന നിലയിൽ ഇതിൽക്കൂടുതൽ എന്താണ് ആഗ്രഹിക്കാൻ കഴിയുക?', സംവിധായകൻ ചോദിച്ചു.

'പലരും പറഞ്ഞു, 'ബ്രോ, എ.ആർ.എം കഴിഞ്ഞു. അടുത്തതിൽ ശ്രദ്ധകേന്ദ്രീകരിക്കൂ', എന്ന്. സത്യത്തിൽ ഞങ്ങൾ അത് തുടങ്ങിയിരുന്നു. ഞങ്ങളുടെ മറ്റൊരു സ്വപ്‌നം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. സ്‌ക്രിപ്റ്റ് പൂർത്തിയായി. നിങ്ങളുടെയും ഞങ്ങളുടെയും പ്രിയപ്പെട്ട നായകനടനോട് കഥ പറഞ്ഞു. ഇതും ഒരു ഫാന്റസി ഫോക്‌ലോർ ആണ്', ജിതിൻ വ്യക്തമാക്കി.

ALSO READ | 'നിഗൂഢതകളുടെ താഴുകൾ തുറക്കാൻ മണിയൻ വരും'; ARM സ്പിൻഓഫ് വരുമെന്ന സൂചന നൽകി സംവിധായകൻ

'ഈ ചിത്രത്തിന് ഒരുപാട് മുന്നൊരുക്കം ആവശ്യമാണ്. കഴിഞ്ഞ രണ്ടുവർഷം പഠനങ്ങളുടെതും യാത്രകളുടെതും പുതിയ കാര്യങ്ങൾ കണ്ടെത്തുന്നതിന്റെതും പുതിയ ലോകത്തിനായി തയ്യാറെടുക്കുന്നതിന്റെതും കൂടിയായിരുന്നു. ഞങ്ങൾ മറ്റൊരു ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്, അടുത്ത വർഷം ഷൂട്ടിങ് തുടങ്ങാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു', സംവിധായകൻ കുറിച്ചു.

'സിനിമ ശരിക്കും ഒരിക്കലും അവസാനിക്കുന്നില്ല. എ.ആർ.എമ്മിനും അവസാനമില്ല. രണ്ടുവർഷത്തിന് ശേഷവും ചിത്രത്തെക്കുറിച്ച് ആളുകൾ സംസാരിക്കുന്നതിലും ഓർത്തിരിക്കുന്നതിലും തങ്ങൾക്കൊപ്പം കൊണ്ടുനടക്കുന്നതിലും ഞാൻ സന്തോഷവാനാണ്. ഉറപ്പായും നിങ്ങളുടെ പ്രിയപ്പെട്ട കഥാപാത്രവുമായി തിരികെയെത്തും. അഭിനയത്തിലും സംവിധാനത്തിലും അവസരങ്ങൾക്കായി കാത്തിരിക്കുന്നവരോട്, ഔദ്യോഗിക പ്രഖ്യാപനം വരെ കാത്തിരിക്കുക. ശരിയായ സമയത്ത് വിവരങ്ങൾ പങ്കുവെക്കും. യാത്ര തുടരുന്നു', ജിതിൻലാൽ കൂട്ടിച്ചേർത്തു.

Content Highlights: ARM director Jithin Laal announced his next project with writer Sujith Nambiar. The script for the upcoming film, categorized under the fantasy folklore genre, is fully completed. The director revealed that the story has been pitched to a leading Malayalam actor. Pre-production works are underway, with plans to begin shooting next year. Jithin Laal also hinted at a potential future return for a character or sequel related to ARM.