'ഒരുപാട് തിരിച്ചടികൾ നേരിട്ടു, ഒരുനാൾ ഒരുമിച്ച് ആഘോഷിക്കാം'; അമ്മയെ ഓർത്ത് അർജുൻ കപൂർ

#Movie Desj
അർജുൻ കപൂർ, അർജുനും അമ്മ മോന ഷൂരിയും | Photo: ANI, Instagram: arjunkapoor
അർജുൻ കപൂർ, അർജുനും അമ്മ മോന ഷൂരിയും | Photo: ANI, Instagram: arjunkapoor

അമ്മ മോന ഷൂരിയുടെ ജന്മദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ച് ബോളിവുഡ് താരം അർജുൻ കപൂർ. അടുത്തിടെ ജീവിതം തന്നോട് ക്രൂരമായി പെരുമാറി. മുമ്പും തിരിച്ചടികൾ നേരിടേണ്ടി വന്നിട്ടുണ്ട് എല്ലാം അതിജീവിക്കുമെന്നാണ് വിശ്വാസമെന്നും അർജുൻ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

'ജന്മദിനാശംസകൾ, അമ്മയെ ഞാൻ ഒരുപാട് മിസ് ചെയ്യുന്നു. ഈയിടെയായി ജീവിതം എന്നോട് അൽപ്പം ക്രൂരമായിരുന്നു. പക്ഷേ അതൊന്നും പ്രശ്നമല്ല. മുമ്പും ഒരുപാട് തിരിച്ചടികൾ നേരിട്ടിട്ടുണ്ട്. ഇനിയും അതിന് തയ്യാറാണ്. ഞാൻ വീണ്ടും ഉയർത്തെഴുന്നേൽക്കും.

ജീവിതത്തെ മുഖാമുഖം നേരിടാനും എല്ലാ സാഹചര്യങ്ങളിലും മര്യാദയും അഭിമാനവും കൈവിടാതെ പോരാടാനുമാണ് അമ്മയെന്നെ പഠിപ്പിച്ചത്.

നമ്മൾ ഒരുമിച്ച് ഇതും അതിജീവിക്കും. ഒരുനാൾ ഞാൻ അമ്മയെ വീണ്ടും കാണും. അന്ന് നാം ഒരുമിച്ച് അമ്മയുടെ ജന്മദിനം ആഘോഷിക്കും', അർജുൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

അമ്മ മോന ഷൂരിയോടായിരുന്നു അർജുൻ കപൂറിന്റെ ഏറ്റവും വലിയ ആത്മബന്ധം. അർജുന് വെറും 11 വയസുള്ളപ്പോൾ മോനയുമായി വേർപിരിഞ്ഞ പിതാവ് ബോണി കപൂർ, നടി ശ്രീദേവിയെ വിവാഹം കഴിച്ചിരുന്നു. ശ്രീദേവിയെ രണ്ടാനമ്മയായി അംഗീകരിക്കാൻ അർജുൻ തയ്യാറായിരുന്നില്ല. 2012ൽ കാൻസർ ബാധിച്ച് അമ്മ അന്തരിച്ച ശേഷവും അർജുനും സഹോദരി അൻഷുലയും പിതാവിനെ ആശ്രയിക്കാൻ തയ്യാറായിരുന്നില്ല. ശ്രീദേവി തന്റെ അമ്മയല്ലെന്നും ജാൻവിയും ഖുശിയും തന്റെ സഹോദരങ്ങൾ അല്ലെന്നുംവരെ അർജുൻ അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു.

എന്നാൽ ശ്രീദേവിയുടെ മരണശേഷം കാര്യങ്ങളുടെ ഗതിമാറി. ശ്രീദേവിയുടെ മരണാനന്തര ചടങ്ങുകളിൽ മകനെ പോലെ ഓടി നടന്ന് കാര്യങ്ങൾ ചെയ്ത അർജുൻ അച്ഛനെയും തന്റെ സഹോദരങ്ങളെയും ചേർത്ത് നിർത്തി അവർക്ക് താങ്ങായി മാറി. എന്റെ അമ്മ ഒരുപക്ഷേ ആഗ്രഹിച്ചിരുന്നതും ഇതു തന്നെയായിരിക്കുമെന്നാണ് അന്ന് അർജുൻ പറഞ്ഞത്.

Content Highlights: Bollywood actor Arjun Kapoor shared an emotional note on his late mother Mona Shourie’s birthday.