റോജ ലഭിക്കുന്നത് 300 സിനിമയ്ക്ക് കീബോര്‍ഡ് വായിച്ചശേഷം; ഇതൊന്നും സാങ്കേതികവിദ്യ തന്നതല്ല-എ.ആര്‍.റഹ്‌മാന്‍

എ.ആര്‍.റഹ്‌മാൻ | ഫോട്ടോ: മാതൃഭൂമി
എ.ആര്‍.റഹ്‌മാൻ | ഫോട്ടോ: മാതൃഭൂമി

അബുദാബി: മികച്ച സംഗീതജ്ഞന്റെ ജനനം കഠിനാധ്വാനത്തിലൂടെ മാത്രമേ സാധ്യമാകുവെന്ന് ഓസ്‌കാര്‍ ജേതാവ് എ.ആര്‍.റഹ്‌മാന്‍. സാങ്കേതിക വിദ്യകള്‍ക്ക് കൃത്രിമ സംഗീതം മാത്രമേ സൃഷ്ടിക്കാനാവൂവെന്നും യഥാര്‍ഥ കലാകാരനെ രൂപപ്പെടുത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

നിര്‍മ്മിതബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) എന്നത് ഒരു ഉപകരണം മാത്രമാണ്. അതിന് പാട്ടോ പാട്ടുകാരനെയോ നിര്‍മ്മിക്കാനാവില്ല. ശാക്തീകരിക്കാന്‍ മാത്രമേ സാധിക്കു. മനുഷ്യന്‍ ഭംഗിയായി ചെയ്യുന്ന കാര്യങ്ങള്‍ ഇല്ലാതാക്കുന്ന സാങ്കേതികവിദ്യകളോട് തനിക്ക് താല്‍പര്യമില്ലെന്നും എ.ആര്‍ റഹ്‌മാന്‍ അഭിപ്രായപ്പെട്ടു.

അബുദാബിയില്‍ ബുര്‍ജീല്‍ ഹോള്‍ഡിങ്സിന്റെ നേതൃത്വത്തില്‍ റഹ്‌മാന്റെ സംഗീതത്തില്‍ പിറന്ന ജമാല്‍ എന്ന സംഗീത ആല്‍ബം പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 10 വര്‍ഷം 300 ഓളം സിനിമകളില്‍ കീബോര്‍ഡ് വായിച്ച് അധ്വാനിച്ചശേഷമാണ് റോജ എന്ന ചിത്രം വരുന്നത്. ആ അധ്വാനം മറക്കാനാവില്ല. അതൊന്നും സാങ്കേതികവിദ്യകള്‍ കൊണ്ട് ഉണ്ടായതല്ലെന്നും അദ്ദേഹം പറഞ്ഞു.

ജമാല്‍ എന്ന വാക്കിനര്‍ഥം പ്രതീക്ഷയുടെ പാട്ട് എന്നാണ്. രണ്ട് വര്‍ഷം മുന്‍പ് ആല്‍ബം പൂര്‍ത്തിയായിരുന്നു. പാശ്ചാത്യ ശൈലിയിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. പൂര്‍ണമായും ഇംഗ്ലീഷിലാണ്. ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ് ചെയര്‍മാന്‍ ഡോ. ഷംഷീര്‍ വയലില്‍, ബുര്‍ജീല്‍ ഹോള്‍ഡിങ്​സ്  ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് അംഗം ഉംറാന്‍ അല്‍ ഖോറി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. സായിദ് ഫെസ്റ്റില്‍ പാട്ട് അവതരിപ്പിച്ചു.

Content Highlights: AR Rahman emphasizes hard work over technology for true musical artistry. Learn why AI can`t replace human creativity and his views on `Jamal` album.