അച്ഛനേയും അമ്മയേയും അവർ തെരുവിലിറക്കിവിട്ടു, കുടുംബം പുലർത്താൻ അദ്ദേഹം ഒരേസമയം മൂന്ന് ജോലികൾ ചെയ്തു -എ.ആർ. റഹ്മാൻ

ചെറുപ്പകാലത്ത് ദിവസവും മാനസികസംഘർഷത്തിലൂടെ കടന്നുപോയതിനെക്കുറിച്ച് മനസ്സുതുറന്ന് എ.ആർ. റഹ്മാൻ. കുടുംബം പുലർത്താൻ പിതാവ് ആർ.കെ. ശേഖർ ഒരേ സമയം മൂന്ന് ജോലികൾ ചെയ്തിരുന്നുവെന്നും അദ്ദേഹം ഓർത്തെടുത്തു. നിഖിൽ കാമത്തിന്റെ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് റഹ്മാൻ ഇക്കാര്യം പറഞ്ഞത്. ദുരിതം നിറഞ്ഞ കുട്ടിക്കാലത്തെക്കുറിച്ച് ഇതിനുമുൻപും എ.ആർ. റഹ്മാൻ സംസാരിച്ചിട്ടുണ്ട്.
സംഗീതരംഗത്തേക്ക് വരാൻ പ്രോത്സാഹിപ്പിച്ചത് അമ്മയാണെന്ന് എ.ആർ. റഹ്മാൻ പറഞ്ഞു. തനിക്ക് ഒൻപത് വയസുള്ളപ്പോഴാണ് അച്ഛൻ മരിച്ചത്. അതിനുശേഷം കുടുംബത്തിന്റെ ഉത്തരവാദിത്തം താൻ ഏറ്റെടുത്തുവെന്നും റഹ്മാൻ വെളിപ്പെടുത്തി. കുട്ടിക്കാലത്തെ ഭൂരിഭാഗം സമയവും 40-ഉം 50-ഉം വയസ്സുള്ള സംഗീതജ്ഞർക്കൊപ്പം സ്റ്റുഡിയോകളിലായിരുന്നു ചെലവഴിച്ചത്. അതിനാൽ സ്കൂൾ ജീവിതം ആസ്വദിക്കാനോ സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കാനോ സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
"ഞാൻ വളർന്നുവന്നപ്പോൾ, അച്ഛന്റെയും മുത്തശ്ശിയുടെയും മരണങ്ങൾ പോലെ ഒരുപാട് കാര്യങ്ങളിലൂടെ കടന്നുപോയി. ഇത് സംഭവിക്കുമ്പോൾ എനിക്ക് വെറും ഒൻപത് വയസ്സായിരുന്നു, എല്ലാ ദിവസവും ഞാൻ ദുരന്തങ്ങൾ കണ്ടുകൊണ്ടിരുന്നു. എന്റെ അമ്മ ഒരു സിംഗിൾ മദർ ആയിരുന്നു, അവർ വളരെ ആത്മവിശ്വാസമുള്ള ഒരു സ്ത്രീയായിരുന്നു. അവർ എല്ലാ വേദനകളും സ്വയം ഏറ്റെടുത്തു, ഞങ്ങളെ സംരക്ഷിക്കാൻ ഒരുപാട് സഹിച്ചു. എല്ലാത്തരം അപമാനങ്ങളെയും അതിജീവിച്ച് ഞങ്ങളെ ഒറ്റയ്ക്ക് വളർത്തിക്കൊണ്ടുവന്ന ശക്തയായ ഒരു സ്ത്രീയായിരുന്നു അവർ." അമ്മയെക്കുറിച്ച് എ.ആർ. റഹ്മാൻ പറഞ്ഞതിങ്ങനെ.
അച്ഛന്റെ സാമ്പത്തിക ബുദ്ധിമുട്ടുകളെക്കുറിച്ചും റഹ്മാൻ ഓർത്തു. "എന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ഞാൻ ചെന്നൈയിലാണ് ചെലവഴിച്ചത്. ഞാൻ അവിടെയാണ് ജനിച്ചത്, അച്ഛൻ സ്റ്റുഡിയോകളിലായിരുന്നു ജോലി ചെയ്തിരുന്നത്. എല്ലാ സ്റ്റുഡിയോകളും ഉണ്ടായിരുന്ന കോടമ്പാക്കത്തിനടുത്ത്, ആ ലോകത്തിന്റെ ഹൃദയഭാഗത്തായിരുന്നു ഞങ്ങൾ താമസിച്ചിരുന്നത്. അദ്ദേഹത്തിന്റെ വീട്ടുകാർ അച്ഛനെയും അമ്മയെയും തെരുവിലേക്ക് ഇറക്കിവിട്ടു. അദ്ദേഹം ഒരു വാടക വീട്ടിൽ താമസം തുടങ്ങി.
ഞങ്ങൾക്ക് ആ വീട് ലഭിക്കാൻ രാവും പകലും ജോലി ചെയ്തു. ഒരേ സമയം മൂന്ന് ജോലികൾ ചെയ്തതുകൊണ്ട് അദ്ദേഹത്തിന്റെ ആരോഗ്യം തകർന്നു. അതാണ് എന്റെ കുട്ടിക്കാലത്തെ ഇരുണ്ട വശം, ആ മാനസികാഘാതത്തിൽ നിന്ന് കരകയറാൻ ഒരുപാട് സമയമെടുത്തു." റഹ്മാൻ കൂട്ടിച്ചേർത്തു.
ആനന്ദ് എൽ. റായുടെ പുതിയ ചിത്രമായ 'തേരേ ഇഷ്ക് മേം' എന്ന ചിത്രത്തിലെ സംഗീതത്തിന് എ.ആർ. റഹ്മാൻ നിലവിൽ പ്രശംസ നേടുകയാണ്. ധനുഷും കൃതി സനോണും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം നവംബർ 28-ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. അതേസമയം, നവംബർ 23-ന് പൂനെയിലെ എം.സി.എ സ്റ്റേഡിയത്തിൽ നടക്കുന്ന സംഗീത പരിപാടിക്കായുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം. ആമിർ ഖാൻ, ബോണി കപൂർ, സുഖ്‌വീന്ദർ സിംഗ്, ചിന്മയി, ഹരിഹരൻ എന്നിവരും ഈ പരിപാടിയിൽ പങ്കെടുക്കും.
Content Highlights: AR Rahman shares poignant details of his challenging childhood, financial struggles, and his mother`s unwavering support, revealing the deep impact on his life and music.