അട്ടാരി അതിർത്തിയിൽ സംഗീത പരിപാടി നടത്താൻ എ.ആർ റഹ്‌മാൻ; ബിഎസ്എഫിന് ആദരം

#മൂവി ഡെസ്‌ക്
എ.ആര്‍ റഹ്‌മാന്‍ | Photo - AFP
എ.ആര്‍ റഹ്‌മാന്‍ | Photo - AFP

അട്ടാരി അതിർത്തിയിൽ സംഗീത പരിപാടി അവതരിപ്പിക്കാൻ എ.ആർ റഹ്‌മാൻ. അതിർത്തി രക്ഷാ സേനയ്ക്കുള്ള (ബി.എസ്.എഫ്) സംഗീത ആദരമായി ജൂൺ 7 ഞായറാഴ്ചയാണ് പരിപാടി നടത്തുന്നത്. ഇംതിയാസ് അലിയുടെ വരാനിരിക്കുന്ന ചിത്രം 'മേം വാപസ് ആവുംഗ'യുടെ ടീമാണ് 'ജയ് ഹോ - എ ട്രിബ്യൂട്ട് ടു ദ ബ്രേവ്ഹാർട്ട്സ്' എന്ന പേരിൽ പരിപാടി സംഘടിപ്പിക്കുന്നത്. ഈ ചിത്രത്തിന്റെ സംഗീതം നൽകിയിരിക്കുന്നത് റഹ്‌മാനാണ്.

പഞ്ചാബിലെ അട്ടാരി അതിർത്തിക്ക് സമീപമുള്ള ജെ.സി.പി സ്റ്റേഡിയത്തിൽ നടക്കുന്ന സൈനിക പരേഡിനോട് അനുബന്ധിച്ച് ഞായറാഴ്ച വൈകുന്നേരം 4.30 മുതലാണ് പരിപാടി നടക്കുന്നത്. രാജ്യത്തെ സംരക്ഷിക്കാൻ ജീവിതം സമർപ്പിക്കുന്ന അതിർത്തി രക്ഷാ സേനയിലെ ധീരർക്ക് റഹ്‌മാൻ ആദരമർപ്പിക്കും. രാജ്യത്തിന്റെ അതിർത്തികൾ സംരക്ഷിക്കുന്നതിൽ സേനയുടെ ധൈര്യം, ത്യാഗം, പ്രതിബദ്ധത എന്നിവയോടുള്ള ഹൃദയസ്പർശിയായ കൃതജ്ഞതയും ആഴത്തിലുള്ള ആദരവുമായിരിക്കും പരിപാടിയെന്ന് സിനിമയുടെ ടീം പറയുന്നു.

എ.ആർ. റഹ്‌മാനോടൊപ്പം സംവിധായകൻ ഇംതിയാസ് അലി, നടൻ വേദാങ് റെയ്ന, ചിത്രത്തിലെ ഗായകരായ മോഹിത് ചൗഹാൻ, പൂജ തിവാരി, നർഗിസ് എന്നിവരും, ബിർള സ്റ്റുഡിയോസ്, അപ്ലോസ് എന്റർടൈൻമെന്റ്, മോഹിത് ചൗധരി എന്നിവരുടെ പ്രതിനിധികളും പരിപാടിയിൽ പങ്കെടുക്കും.

ഇന്ത്യാ വിഭജനത്തെത്തുടർന്ന് വേർപിരിയേണ്ടിവന്നവരുടെ പ്രണയകഥയാണ് 'മേം വാപസ് ആവുംഗ' പറയുന്നത്. ദിൽജിത് ദോസാഞ്ജ്, നസിറുദ്ദീൻ ഷാ, വേദാങ് റെയ്ന, ശർവരി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ചിത്രം തിയേറ്ററുകളിൽ ജൂൺ 12-ന് റിലീസ് ചെയ്യും.

1947-ലേക്ക് തിരിഞ്ഞുനോക്കുമ്പോൾ ഏറ്റവും തീവ്രമായി ഓർമ്മിക്കപ്പെടുന്നത് യൗവനത്തിന്റെയും പ്രണയത്തിന്റെയും മൃദുലതയാണെന്ന് ചിത്രത്തിന്റെ സംവിധായകൻ ഇംതിയാസ് പിടിഐ വാർത്താ ഏജൻസിയോട് പറഞ്ഞിരുന്നു. അങ്ങനെയൊരു കഥയാണിത്. വിഭജനത്തെക്കുറിച്ച് പുതുതായി ഒന്നും പറയാനില്ലായിരുന്നെങ്കിൽ ഞാൻ ഒരു സിനിമ എടുക്കുമായിരുന്നില്ല. വെറുതെ ഒരു സംഭവം റിപ്പോർട്ട് ചെയ്യാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല. യുദ്ധം ജയിച്ചാലും തോറ്റാലും ബാക്കിയാവുന്നത് എന്താണ്? ഒരാളുടെ മനസ്സിൽ എന്താണ് അവശേഷിക്കുന്നത്?' - അദ്ദേഹം ചോദിച്ചിരുന്നു.

Content Highlights: AR Rahman to perform at Attari Border on June 7, Event titled 'Jai Ho - A Tribute to the Bravehearts', Performance honors the Border Security Force (BSF), Main Vaapas Aaunga stars Diljit Dosanjh, Naseeruddin Shah, Vedang Raina, and Sharvari, Film directed by Imtiaz Ali releases in theaters on June 12