എല്ലാവരെയും പ്രീതിപ്പെടുത്താൻ ശ്രമിക്കാറില്ല; നിർഭയം സംസാരിക്കുന്നത് അതുകൊണ്ട് - അനുപം ഖേർ

അയോധ്യ രാമക്ഷേത്ര സംഭാവന കൊള്ളയെക്കുറിച്ചുള്ള പരാമർശം വിവാദമായതിന് പിന്നാലെ പരോഷ ന്യായീകരണവുമായി നടൻ അനുപം ഖേർ. എക്സിൽ പങ്കുവെച്ച വീഡിയോയിലാണ് താരം സ്വയം ന്യായീകരിച്ചത്. ചില വിഷയങ്ങളിൽ നിർഭയമായി സംസാരിക്കാൻ കഴിയുന്നത് എല്ലാവരെയും പ്രീതിപ്പെടുത്താൻ താൻ ശ്രമിക്കാത്തതുകൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു.
'ചില വിഷയങ്ങളിൽ ഇത്ര നിർഭയമായി എങ്ങനെ സംസാരിക്കുന്നു, ജനപ്രീതി നഷ്ടമാകുമെന്ന ഭയമില്ലേ എന്ന് പലരും ചോദിക്കാറുണ്ട്. എന്റെ മറുപടി വളരെ ലളിതമാണ്. എല്ലാവരെയും സന്തോഷിപ്പിക്കാൻ ഞാൻ ഒരിക്കലും ശ്രമിക്കാറില്ല,' എന്നാണ് ഖേർ വീഡിയോയിൽ പറയുന്നത്.
എല്ലാവരെയും സന്തോഷിപ്പിക്കുക എന്നത് ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യങ്ങളിലൊന്നാണെന്നും ലോകത്ത് എല്ലാവർക്കും ഒരുപോലെ പ്രിയപ്പെട്ട വ്യക്തിയായി ആരും മാറിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 'എല്ലാവരുടെയും പ്രിയപ്പെട്ടവനാകാൻ ശ്രമിക്കുന്ന നിമിഷം മുതൽ ആളുകൾ സ്വന്തം സൗകര്യത്തിനനുസരിച്ച് നിങ്ങളെ ഉപയോഗിക്കാൻ തുടങ്ങും. മറ്റുള്ളവർ കേൾക്കാൻ ആഗ്രഹിക്കുന്നതുമാത്രം പറഞ്ഞുകൊണ്ടിരുന്നാൽ ഒടുവിൽ നമ്മെത്തന്നെ നഷ്ടപ്പെടും. അതിനാൽ ആദ്യം സ്വയം പ്രിയപ്പെട്ടവനാകാൻ ശ്രമിക്കുക എന്നതാണ് എന്റെ ജീവിതതത്വം', ഖേർ കൂട്ടിച്ചേർത്തു.
കണ്ണാടിയിൽ നോക്കുമ്പോൾ താൻ നല്ല മനുഷ്യനാണെന്ന് സ്വയം തോന്നണമെന്നാണ് ഏറ്റവും പ്രധാനമെന്നും അങ്ങനെ തോന്നുന്നില്ലെങ്കിൽ ലോകത്തെ സന്തോഷിപ്പിക്കാനല്ല, സ്വന്തം വളർച്ചയ്ക്കുവേണ്ടിയാണ് മാറേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ലോകത്തെ മുഴുവൻ സന്തോഷിപ്പിക്കാനുള്ള ഉത്തരവാദിത്തം താനോ മറ്റാരെങ്കിലുമോ ഏറ്റെടുത്തിട്ടില്ലെന്നും ഖേർ വ്യക്തമാക്കി.
അയോധ്യ സന്ദർശനത്തിനിടെ രാമക്ഷേത്രത്തിലെ സംഭാവനാ കൊള്ളയെ മുഗൾ ഭരണകാലവുമായി അനുപം ഖേർ താരതമ്യപ്പെടുത്തിയിരുന്നു. മുഗൾ ഭരണകാലത്ത് ക്ഷേത്രങ്ങൾക്കുനേരെയുണ്ടായ ആക്രമണങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ നിലവിലെ സംഭവം വളരെ ചെറിയ കാര്യമാണെന്നായിരുന്നു ഖേറിന്റെ പരാമർശം. ഇത് സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനത്തിന് ഇടയാക്കി.
സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ഉൾപ്പെടെ നിരവധി പേർ നടനെതിരെ രംഗത്തെത്തി. കള്ളനെ വിമർശിക്കാതെ മോഷണം കണ്ടെത്തിയവരെ ഉപദേശിക്കുന്ന വിചിത്ര വാദമാണിതെന്ന് അഖിലേഷ് യാദവ് പറഞ്ഞു. കള്ളന്മാരോട് ഇത്ര സഹതാപം കാണിക്കാൻ എന്തെങ്കിലും കാരണമോ രാഷ്ട്രീയ നിർബന്ധമോ ഉണ്ടായിരിക്കണം എന്നുമാണ് യാദവ് എക്സിൽ കുറിച്ചത്.
വിവാദത്തിന് പിന്നാലെ പ്രതികരിച്ച ഖേർ, തന്റെ പ്രസ്താവനയുടെ ഒരുഭാഗം മാത്രം ചൂണ്ടിക്കാട്ടിയാണ് വിമർശനമെന്ന് ആരോപിച്ചു. മുഴുവൻ പരാമർശവും വായിച്ചാൽ അഖിലേഷ് യാദവും തന്റെ നിലപാടിനോട് യോജിക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം. ഒരു സനാതനിയെന്ന നിലയിൽ ഇത്തരം മോഷണങ്ങൾ ശ്രീരാമന്റെ മഹത്വത്തെ ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അനുപം ഖേറിന്റെ പുതിയ ചിത്രമായ 'ശ്രീ രാം ഭൂമി' മേയ് 29-നാണ് പ്രഖ്യാപിച്ചത്. 'ദി കേരള സ്റ്റോറി 2' സംവിധാനം ചെയ്ത കാമാഖ്യ നാരായൺ സിങ്ങാണ് ചിത്രം ഒരുക്കുന്നത്. ഖേറിന്റെ അഭിനയജീവിതത്തിലെ 552-ാമത്തെ ചിത്രമായ ഇതിൽ ഋത്വിക് ഭൗമിക്, അമൃത ഖാൻവിൽക്കർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല.
Content Highlights: Bollywood actor Anupam Kher sparked a massive controversy by comparing the donation theft at the Ayodhya Ram Temple to the temple destruction during the Mughal era. Kher claimed that the current theft incident is minor when compared to historical Mughal attacks, drawing widespread backlash on social media platforms. Samajwadi Party chief Akhilesh Yadav heavily criticized the actor, questioning his political compulsions for showing sympathy toward the thieves rather than condemning the crime. Defending his stance, Anupam Kher released a video stating he speaks fearlessly without trying to please everyone and alleged that critics are cherry-picking his statements out of context. Amidst this ongoing political and social media row, the veteran actor is currently working on his 552nd film titled 'Shree Ram Bhumi', directed by Kamakhya Narayan Singh