'നമ്മുടെ സിനിമ സെറ്റിൽ ഒരുപാട് നായകന്മാർ ഉണ്ട്, അതിലെ കുറച്ചുപേർ'; പെപ്പെയുടെ പോസ്റ്റിന് കെെയടി

ഓരോ സിനിമകൾ തിയേറ്ററുകളിൽ എത്തി വിജയമാവുമ്പോഴും അധികം ആരും അറിയാതെ പോകുന്നവരാണ് അതിന് പിന്നിലെ തൊഴിലാളികൾ. സെറ്റിലെ പണികളുമായി കഷ്ടപ്പെടുന്ന അസിസ്റ്റന്റുമാർ നിരവധി ഉണ്ടെങ്കിലും പലപ്പോഴും പ്രധാന അണിയറ പ്രവർത്തകരെ മാത്രമേ എല്ലാവരും അറിയുന്നുള്ളൂ. മഴയും വെയിലുമൊന്നും നോക്കാതെ പലപ്പോഴും ദിവസ വേതനത്തിലാണ് ഇവരിൽ പലരും തൊഴിലെടുക്കുന്നത്. ഇത്തരത്തിൽ കോരി ചൊരിയുന്ന മഴയത്ത് പണിയെടുക്കുന്ന ഒരു കൂട്ടം സിനിമ തൊഴിലാളികളുടെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് പെപ്പെ എന്ന് ആരാധകർ വിളിക്കുന്ന നടൻ ആന്റണി വർഗീസ്.
ആന്റണി വർഗീസ് നായകനാവുന്ന പുതിയ ചിത്രമായ 'ദാവീദി'ന്റെ ലൊക്കേഷനിൽ നിന്നുള്ള ചിത്രമാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ലൊക്കേഷനിൽ കോരിചെരിയുന്ന മഴയിലും പണിയെടുക്കുന്ന തൊഴിലാളികളുടെ ചിത്രങ്ങൾ റാഫി കൊല്ലമാണ് എടുത്തത്. ആൻ്റണി വർഗീസിൻ്റെ പോസ്റ്റിനെ പ്രശംസിച്ച് നിരവധിയാളുകളാണ് എത്തുന്നത്.
'നമ്മുടെ സിനിമ സെറ്റിൽ ഒരുപാട് നായകന്മാർ ഉണ്ട്... അതിലെ കുറച്ചുപേർ' എന്നു പറഞ്ഞുകൊണ്ടാണ് ആന്റണി വർഗീസ് ചിത്രങ്ങൾ പങ്കുവെച്ചത്. ദാവീദിന്റെ ചിത്രീകരണം ഇപ്പോൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.
മലൈക്കോട്ടെ വാലിബന് ശേഷം സെഞ്ചുറി മാക്‌സ് ജോൺ & മേരി പ്രൊഡക്ഷൻസ് നിർമിക്കുന്ന ചിത്രം ഗോവിന്ദ് വിഷ്ണുവാണ് സംവിധാനം ചെയ്യുന്നത്. ഗോവിന്ദ് വിഷ്ണുവും ദീപുരാജീവുമാണ് ചിത്രത്തിന്റെ തിരക്കഥ. സെഞ്ച്വറി മാക്സ് ജോൺ & മേരി പ്രൊഡക്ഷൻസ്, പനോരമ സ്റ്റുഡിയോസ്, എബി എബ്രഹാം, ടോ ജോസഫ് എന്നിവരാണ് ചിത്രത്തിന്റെ നിർമാണം.ലിജോ മോൾ, സൈജു കുറുപ്പ്, വിജയരാഘവൻ, കിച്ചു ടെലസ്, ജെസ് കുക്കു എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാനതാരങ്ങളെ അവതരിപ്പിക്കുന്നത്.
Content Highlights: antony varghese about daily wages workers