ആഭ്യന്തരമന്ത്രിയോട് പോലീസ് കള്ളം പറഞ്ഞു, പ്രതികളെ സഹായിക്കാൻ ഹോട്ടലിൽ അന്വേഷണം നടത്തി- അൻസിബ

ലക്ഷ്മിപ്രിയക്കെതിരായ പരാതിയിൽ അലംഭാവം കാണിച്ച പോലീസിനെതിരെ ഗുരുതര ആരോപണവുമായി നടി അൻസിബ ഹസൻ. തന്റെ പരാതിയിൽ കേസെടുത്തെന്ന് പോലീസ് ആഭ്യന്തരമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് അൻസിബ ഫെയ്‌സ്ബുക്ക് കുറിപ്പിൽ ആരോപിച്ചു. പ്രതികളെ സഹായിക്കാൻ പോലീസ് ഹോട്ടൽ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. നിയമപരമായ സഹായവും സംരക്ഷണവും തനിക്കും കൂടി അവകാശപ്പെട്ടതാണ്. നീതി ലഭിക്കുംവരെ പോലീസിന്റെ വാതിലിൽ മുട്ടുമെന്നും അൻസിബ വ്യക്തമാക്കി.
'ആഭ്യന്തരമന്ത്രിയെ ഫോണിൽ വിളിച്ചത് എന്റെ പരാതിയിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യണം എന്ന് ആവശ്യപ്പെടാനല്ല. ഇൻസ്റ്റഗ്രാമിൽ എന്റെ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോ തടയാൻ അടിയന്തരമായി ഇടപെടണം എന്ന് അഭ്യർഥിക്കാനാണ്. ആ വീഡിയോയുടെ മുഴുനീള പതിപ്പ് അടുത്ത ദിവസം തന്നെ യൂട്യൂബിലൂടെ സംപ്രേഷണം ചെയ്യുന്നത് തടയാൻ പോലീസിന് നിർദേശം നൽകണമെന്ന് അപേക്ഷിക്കാനാണ് ഞാൻ വിളിച്ചത്. അല്ലാത്തപക്ഷം, എന്റെ മാനത്തിന് തിരുത്താനാകാത്ത വിധം വലിയ നഷ്ടമുണ്ടാകുമെന്ന ആശങ്കയും ഞാൻ അദ്ദേഹത്തെ അറിയിച്ചിരുന്നു', അൻസിബ കുറിച്ചു.
'ഇതിനെത്തുടർന്നാണ് അദ്ദേഹം പോലീസ് ഉദ്യോഗസ്ഥരെ ഫോണിൽ വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചത്. എന്നാൽ, കേസിൽ എഫ്.ഐ.ആർ. ഇട്ടിട്ടുണ്ടെന്ന് പോലീസ് ആഭ്യന്തരമന്ത്രിയോട് കളവായി പറയുകയായിരുന്നു. ആഭ്യന്തരമന്ത്രിയുടെ ഇടപെടലിൽ ആശ്വാസം കൊണ്ടിരിക്കുമ്പോഴാണ് തൊട്ടടുത്ത ദിവസം തന്നെ പ്രതികൾ ആ മുഴുനീള വീഡിയോ യൂട്യൂബിലൂടെ പരസ്യമായി പ്രചരിപ്പിക്കാൻ തുടങ്ങിയത്. അപ്പോഴാണ് പോലീസ് അതുവരെയും എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തിട്ടില്ലെന്ന യാഥാർഥ്യം ഞാൻ മനസ്സിലാക്കുന്നത്', അൻസിബ വ്യക്തമാക്കി.
'പരാതിയിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യാതെ പ്രതികൾ പരാമർശിച്ച, ഞാൻ താമസിച്ചിരുന്ന ഹോട്ടലിൽ കേന്ദ്രീകരിച്ച് പാലാരിവട്ടം പോലീസ് അന്വേഷണം നടത്തിയത് പ്രതികളെ സഹായിക്കാനുള്ള തെളിവുകൾക്ക് വേണ്ടിയായിരുന്നു. അവിടെനിന്ന് അനുകൂലമായി ഒന്നും ലഭിക്കില്ലെന്ന് ഉറപ്പായപ്പോഴാണ്, ഇത് വെറുമൊരു മാനനഷ്ടക്കേസ് മാത്രമാണെന്ന് വരുത്തിത്തീർത്ത് പരാതി എഴുതിത്തള്ളാൻ പോലീസ് ഇപ്പോൾ ശ്രമിക്കുന്നത്', നടി ആരോപിച്ചു.
'ഇതേ പ്രതി നൽകിയ ഒരു വ്യാജ പരാതിയുടെ പുറത്താണ് തൃപ്പൂണിത്തുറ വനിതാ സെല്ലിൽ വെച്ച് എന്നെക്കൊണ്ട് നിർബന്ധിതമായി മാപ്പെഴുതി വാങ്ങിച്ചതെന്ന കാര്യം ആരും മറന്നുപോകരുത്. കാക്കിക്കുള്ളിൽ നിങ്ങൾ ആരായാലും, നിയമപരമായ നിങ്ങളുടെ സഹായവും സംരക്ഷണവും എനിക്കും കൂടി അവകാശപ്പെട്ടതാണെന്ന പൂർണ ബോധ്യത്തിലാണ് ഞാൻ വീണ്ടും വീണ്ടും നിങ്ങളുടെ വാതിലിൽ മുട്ടുന്നത്. നീതി ലഭിക്കുന്നതുവരെ ആ വാതിലിൽ ഞാൻ മുട്ടിക്കൊണ്ടേയിരിക്കും', അൻസിബ കൂട്ടിച്ചേർത്തു.
പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയെന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ വിശദീകരണത്തിനെതിരെ അൻസിബ നേരത്തെ രംഗത്തെത്തിയിരുന്നു. എറണാകുളം സിറ്റി പോലീസ് കമ്മിഷണർ ആഭ്യന്തരമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചതാണെന്ന് അൻസിബ ഹസൻ ഫെയ്സ്ബുക്കിൽ കുറിച്ചു.
'പോലീസ് എഫ്.ഐ.ആർ. എടുത്തിട്ടില്ല സാർ. എറണാകുളം സിറ്റി പോലീസ് കമ്മിഷണർ അങ്ങയെ പറ്റിച്ചതാണ് സാർ. എഫ്.ഐ.ആർ. ഇടാത്തതിനെ തുടർന്ന് ഞാൻ കോടതിയെ സമീപിച്ചിരിക്കുകയാണ് സാർ. കേസെടുക്കാനാവില്ല എന്ന് അവർ കോടതിയിലും പറഞ്ഞിട്ടുണ്ട് സാർ', എന്നാണ് അൻസിബയുടെ കുറിപ്പ്.
കേസെടുക്കാനാവില്ലെന്ന് കാണിച്ച് പാലാരിവട്ടം പോലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ. നൽകിയ മറുപടിയും അൻസിബ പുറത്തുവിട്ടു. പരാതിയിന്മേൽ പ്രാഥമിക അന്വേഷണം നടത്തിയതായി എസ്.എച്ച്.ഒ. അൻസിബയെ അറിയിച്ചു. പരാതിക്കാധാരമായ വീഡിയോ പരിശോധിച്ചതിൽ അപകീർത്തിപ്രചാരണത്തിനുള്ള വകുപ്പ് പ്രകാരമുള്ള കുറ്റമേ നിലനിൽക്കൂ. മറ്റ് വകുപ്പുകൾ നിലനിൽക്കില്ല. അതിനാൽ പരാതിക്കാരിക്ക് കോടതിയെ സമീപിക്കാവുന്നതാണ് എന്നുമാണ് അൻസിബ പുറത്തുവിട്ട മറുപടിയിൽ ഉള്ളത്.
കഴിഞ്ഞദിവസം നടന്ന വാർത്താസമ്മേളനത്തിലാണ് അൻസിബയുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചുവെന്ന് ആഭ്യന്തരമന്ത്രി വിശദീകരിച്ചത്. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. പരാതിയിൽ കേസെടുത്തിട്ടില്ലെന്ന് നടി തന്നെ വിളിച്ചറിയിച്ചു. ഉടൻ പോലീസ് കമ്മിഷണറെ വിളിച്ച് അന്വേഷിച്ചു. കേസെടുത്ത് അന്വേഷണം ആരംഭിച്ചെന്നാണ് കമ്മിഷണർ തന്നെ അറിയിച്ചത്. കേസെടുത്താൽ പിന്നെ അന്വേഷണത്തിൽ താൻ ഇടപെടുന്നത് ശരിയല്ലെന്നുമായിരുന്നു ആഭ്യന്തരമന്ത്രിയുടെ വാക്കുകൾ.
'നടി എന്നെ ഫോണിൽ വിളിച്ചു. പരാതികൊടുത്തിട്ടും എഫ്.ഐ.ആർ. ഇടുന്നില്ല എന്ന് പറഞ്ഞു. കമ്മിഷണറെ വിളിച്ചപ്പോൾ എഫ്.ഐ.ആർ. ഇട്ടിട്ടുണ്ടെന്ന് പറഞ്ഞു. പോലീസ് എഫ്.ഐ.ആർ. ഇട്ടാൽ ഞാൻ അന്വേഷണത്തിൽ ഇടപെടുന്നത് ശരിയല്ല. ആഭ്യന്തരമന്ത്രി ഒരു അന്വേഷണത്തിലും ഇടപെടുന്നത് ശരിയല്ല. അതാണ് രീതി, ഞാൻ ഇടപെടുന്നതാണ് തെറ്റ്. എഫ്.ഐ.ആർ. ഇട്ടാൽ അന്വേഷിച്ച് നടപടിയെടുക്കേണ്ടത് അവരുടെ ഉത്തരവാദിത്തമാണ്', രമേശ് ചെന്നിത്തല പറഞ്ഞു.
സാമൂഹികമാധ്യമങ്ങളിൽ അശ്ലീലപ്രചാരണം നടക്കുന്നുവെന്ന് ആരോപിച്ചാണ് അൻസിബ ഹസൻ നടിമാരായ ലക്ഷ്മിപ്രിയക്കും ശ്വേതാ മേനോനുമെതിരെ പാലാരിവട്ടം പോലീസിൽ പരാതി നൽകിയത്. ലക്ഷ്മിപ്രിയ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിനെതിരെയാണ് പരാതി. സാമൂഹികമാധ്യമങ്ങളിൽ വ്യാജവും അശ്ലീലവും നിറഞ്ഞതുമായ വീഡിയോ നിർമിച്ച് പ്രചരിപ്പിച്ച് സ്ത്രീത്വത്തെ അപമാനിച്ചെന്നും പരാതിയിലുണ്ട്.
Content Highlights: Actress Ansiba Hassan raised serious allegations against the Palarivattom police, claiming they lied to the Home Minister regarding her complaint against actress Lakshmi Priya. According to Ansiba, the police falsely informed Home Minister Ramesh Chennithala that an FIR had been registered, which allowed the accused to release the full defamatory video on YouTube. She alleged that instead of filing a case, the police investigated the hotel where she stayed to find evidence that would favor the accused and dismiss the complaint as a mere defamation case. Home Minister Ramesh Chennithala earlier stated to the media that the Ernakulam City Police Commissioner assured him an FIR had been registered and a probe was underway. Ansiba shared the official response from the Palarivattom SHO, which stated that only non-cognizable defamation charges apply, advising her to approach the court directly for further action