‘അങ്ങനെയെങ്കിൽ പരാതിയുടെ പേരിൽ ക്ഷമ ചോദിക്കാനും തയ്യാർ’; പോലീസിനെതിരെ രൂക്ഷവിമർശനവുമായി അൻസിബ

#Movies Desk
അൻസിബ ഹസൻ, ലക്ഷ്മിപ്രിയ | ഫോട്ടോ: Facebook
അൻസിബ ഹസൻ, ലക്ഷ്മിപ്രിയ | ഫോട്ടോ: Facebook

ലക്ഷ്മിപ്രിയക്കെതിരായ പരാതിയിൽ കേസെടുക്കാൻ കഴിയില്ലെന്ന് കാണിച്ച് കോടതിയിൽ റിപ്പോർട്ട് നൽകിയ പോലീസിനെ വിമർശിച്ച് നടി അൻസിബ ഹസൻ. സ്ത്രീത്വത്തെ അപമാനിക്കുന്നത് ഏത് തുലാസിലാണ് പോലീസ് അളക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് നടി സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ ആവശ്യപ്പെട്ടു. തന്റെ പരാതിയിൽ പരാമർശിക്കപ്പെടുന്ന കാര്യങ്ങൾ അധികാരികൾ കാണുന്ന സ്ത്രീകൾക്ക് അപമാനമായി തോന്നുന്നില്ലെങ്കിൽ നൽകിയ പരാതിയുടെ പേരിൽ ക്ഷമ ചോദിക്കാൻ തയ്യാറാണെന്ന് നടി പരിഹസിച്ചു.

സാമൂഹികമാധ്യമങ്ങളിൽ അശ്ലീലപ്രചാരണം നടക്കുന്നുവെന്ന് ആരോപിച്ചാണ് അൻസിബ ഹസൻ നടിമാരായ ലക്ഷ്മിപ്രിയക്കും ശ്വേതാ മേനോനുമെതിരെ പാലാരിവട്ടം പോലീസിൽ പരാതി നൽകിയത്. ലക്ഷ്മിപ്രിയ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിനെതിരെയാണ് പരാതി. സാമൂഹികമാധ്യമങ്ങളിൽ വ്യാജവും അശ്ലീലവും നിറഞ്ഞതുമായ വീഡിയോ നിർമിച്ച് പ്രചരിപ്പിച്ച് സ്ത്രീത്വത്തെ അപമാനിച്ചെന്നും പരാതിയിലുണ്ട്.

അൻസിബയുടെ സാമൂഹികമാധ്യമ കുറിപ്പിന്റെ പൂർണരൂപം:

എന്നെ യൂട്യൂബ് ചാനലിലൂടെ അപകീർത്തിപ്പെടുത്തുകയും, ഒരു സ്ത്രീയെ അപമാനിക്കാവുന്നതിന്റെ പരമാവധിയിൽ എത്തിച്ച് അസത്യപ്രചാരണം നടത്തുകയും ചെയ്ത പ്രതികൾക്കെതിരെ ഞാൻ പാലാരിവട്ടം പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ, ഈ വിഷയം കേവലം ഒരു 'മാനനഷ്ടക്കേസ്' മാത്രമാണ് എന്നാണ് പാലാരിവട്ടം പോലീസ് ഇന്ന് കോടതിയിൽ റിപ്പോർട്ട് നൽകിയിരിക്കുന്നത്! അതിനൊപ്പം, അൻസിബ നൽകുന്ന പരാതികൾ അന്വേഷിക്കലല്ല കേരള പോലീസിന്റെ ജോലി എന്ന് സർക്കാർ കോടതിയിൽ പറഞ്ഞതായും അറിയാൻ കഴിഞ്ഞു.

സ്ത്രീത്വത്തെ അപമാനിക്കുന്നതിനെ ഏത് തുലാസിലാണ് നിങ്ങൾ അളക്കുന്നതെന്ന് വ്യക്തമാക്കണം; എങ്കിൽ, ഇത്തരം സാഹചര്യങ്ങളിൽ നേരിടേണ്ടി വരുന്ന അപമാനങ്ങൾ ക്ഷമിച്ചുകളയാൻ ഞാൻ തയ്യാറാണ്.

പ്രതികളുടെ നിലവിലെ പ്രവൃത്തി എന്റെ സ്ത്രീത്വത്തെയും വ്യക്തിത്വത്തെയും അങ്ങേയറ്റം അപമാനിക്കുന്നതാണെന്ന് ബോധ്യമുള്ളതിനാലാണ് ഞാൻ നിയമപരമായി പരാതി നൽകിയത്. ഇനി, അധികാരികൾ കാണുന്ന സ്ത്രീകൾക്ക് ഇത് അപമാനമായി തോന്നുന്നില്ലെങ്കിൽ, ഞാൻ നൽകിയ പരാതിയുടെ പേരിൽ നിങ്ങളോട് ക്ഷമ ചോദിക്കുന്നു.

പക്ഷേ, ഈ വിഷയത്തിൽ നീതിതേടി ഏതറ്റം വരെ പോകാനും ഞാൻ തയ്യാറാണ്. കാരണം, നിങ്ങൾ തകർക്കാൻ ശ്രമിച്ചത് എന്റെ അന്തസ്സിനെയാണ്, എന്റെ സ്ത്രീത്വത്തെയാണ്. അത് നഷ്ടപ്പെടുമ്പോഴുള്ള വേദന അനുഭവിക്കുന്നവൾക്ക് മാത്രമേ മനസ്സിലാകൂ; നിങ്ങൾക്കത് മനസ്സിലാകില്ല. കാരണം, ആ വേട്ടക്കാർ നിങ്ങളിലേക്ക് എത്തുന്നതുവരെ നിങ്ങൾ സുരക്ഷിതരാണല്ലോ!

ഒന്നോർക്കുക, ഹിൽ പാലസ് കേസിലും കടവന്ത്ര കേസിലും നിങ്ങൾ ഇതേ നിലപാടാണ് സ്വീകരിച്ചത്. എന്നാൽ ഒടുവിൽ നിങ്ങൾക്ക് ജനമധ്യത്തിൽ നാണംകെട്ട് നീതി നടപ്പിലാക്കേണ്ടി വന്നു. ഈ കേസിലും അതിൽനിന്നും വ്യത്യസ്തമായി ഒന്നും സംഭവിക്കാൻ പോകുന്നില്ല. ഈ വിഷയത്തിൽ ഭരണകൂടത്തിന്റെ സകല ശക്തിയും നിങ്ങൾ പാലാരിവട്ടം കേസിനായി ഉപയോഗിച്ചാലും, അതിനെയെല്ലാം അതിജീവിച്ച് എന്റെ സ്ത്രീത്വവും നീതിയും തലയുയർത്തിപ്പിടിച്ചു നിൽക്കുക തന്നെ ചെയ്യും. തീർച്ച!

Content Highlights: Actress Ansiba Hasan has strongly criticized the Palarivattom police for filing a court report stating that a case cannot be registered on her complaint against actress Lakshmi Priya. Ansiba had previously filed a complaint against actresses Lakshmi Priya and Shwetha Menon for allegedly defamatory and obscene content spread through a YouTube interview. In a scathing social media post, Ansiba questioned the parameters used by the authorities to measure the insult to a woman's dignity. She sarcastically added that she is ready to apologize for filing the complaint if the authorities believe the accused's actions did not dishonor her. Vowing to fight for justice until the very end, she reminded the police of past cases where they initially took a passive stance but were eventually forced to act