വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ് സംവിധായകനാവുന്നു; ആദ്യചിത്രത്തില്‍ യുവതാരം നായകന്‍, മോഷൻ പോസ്റ്റർ പുറത്ത്

.
.

തമിഴ് സൂപ്പർ താരം ദളപതി വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ് സംവിധായകനാവുന്നു. ജേസൺ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ എ.സുബാസ്കരൻ നിർമിക്കുന്ന ചിത്രത്തിൽ നായകനായി എത്തുന്നത് യുവതാരം സുന്ദീപ് കിഷൻ ആണ്. മോഷൻ പോസ്റ്റർ പുറത്തുവിട്ടുകൊണ്ടാണ് സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. മോഷൻ പോസ്റ്ററിലൂടെയാണ് ചിത്രത്തിന്റെ സംവിധായകൻ, നായകൻ, സംഗീത സംവിധായകൻ, എഡിറ്റർ എന്നിവരെല്ലാം ആരെന്നു പുറത്തു വിട്ടത്.

തങ്ങളുടെ പ്രൊഡക്ഷൻ ഹൗസ് എല്ലായ്പ്പോഴും നല്ല കഥാകൃത്തുക്കളെ പ്രോത്സാഹിപ്പിക്കാൻ പരിശ്രമിച്ചിട്ടുണ്ടെന്നും ജേസൺ കഥ അവതരിപ്പിച്ചപ്പോൾ അതിൽ പുതുമ അനുഭവപെട്ടെന്നും ലൈക്ക പ്രൊഡക്ഷൻസിലെ ജി.കെ.എം തമിഴ്കുമരൻ പറഞ്ഞു. പാൻ-ഇന്ത്യൻ ശ്രദ്ധ ആകർഷിക്കാനുള്ള നിലവാരമുള്ള കഥയാണ് ജേസൺ പറഞ്ഞതെന്നും 'നിങ്ങൾക്ക് നഷ്ടപ്പെട്ടവ അതിന്റെ യഥാർഥ സ്ഥലത്ത് തിരയുക' എന്ന പ്രമേയത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ മൂലകഥ ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.

2025 ജനുവരിയോടെ ചിത്രീകരണം ആരംഭിക്കാനാണ് പ്ലാൻ ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.സംഗീതം തമൻ.എസ്, എഡിറ്റർ പ്രവീൺ കെ.എൽ, കോ -ഡയറക്ടർ സഞ്ജീവ്, പബ്ലിസിറ്റി ഡിസൈൻ- ട്യൂണേ ജോൺ, വി.എഫ്.എക്സ് ഹരിഹരസുതൻ, സ്റ്റിൽസ് അരുൺ പ്രസാദ് (മോഷൻ പോസ്റ്റർ), പി.ആർ.ഒ ശബരി.

Content Highlights: announced Vijays son Jason Sanjay directorial debut