സൽമാൻ ഖാന്റെ വീടിന് നേരെ വെടിവെപ്പ്; കീഴടങ്ങാൻ അനുമതിതേടി പ്രതി അൻമോൾ ബിഷ്ണോയി കോടതിയിൽ

#സ്വന്തം ലേഖകൻ
അൻമോൾ ബിഷ്ണോയി, സൽമാൻ ഖാൻ | Photo: ANI, AFP
അൻമോൾ ബിഷ്ണോയി, സൽമാൻ ഖാൻ | Photo: ANI, AFP

മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാന്റെ ബാന്ദ്രയിലെ വീടായ ഗാലക്സി അപ്പാർട്ട്‌മെന്റിനുനേരേയുണ്ടായ വെടിവെപ്പുകേസിൽ പ്രതിയായ അധോലോകസംഘാംഗം അൻമോൾ ബിഷ്ണോയി കോടതിയിൽ കീഴടങ്ങാൻ അനുമതിതേടി. നിലവിൽ മറ്റൊരു കേസുമായി ബന്ധപ്പെട്ട് ഡൽഹിയിലെ തിഹാർ ജയിലിൽ കഴിയുന്ന ഇയാൾ, വിചാരണയിൽ നേരിട്ട് പങ്കെടുക്കണമെന്നും നീതിപൂർവമായ വിചാരണ ഉറപ്പാക്കാൻ താൻ തയ്യാറാണെന്നും കാണിച്ചാണ് മുംബൈയിലെ പ്രത്യേക മക്കോക്ക കോടതിയെ സമീപിച്ചത്.

2024 ഏപ്രിലിലാണ് സൽമാൻ ഖാന്റെ വീടിനുനേരേ ബൈക്കിലെത്തിയ അക്രമികൾ വെടിയുതിർത്തത്. ഇതിനുപിന്നിൽ ലോറൻസ് ബിഷ്ണോയി സംഘമാണെന്നും അൻമോളാണ് ഇതിന് നേതൃത്വം നൽകിയതെന്നും മുംബൈ പോലീസ് ആരോപിച്ചിരുന്നു. സംഭവത്തിനുശേഷം വിദേശത്തേക്കുകടന്ന ഇയാളെ 2025 നവംബറിലാണ് ഇന്ത്യയിൽ തിരിച്ചെത്തിച്ചത്. തുടർന്ന് എൻ.ഐ.എ. ഇയാളെ അറസ്റ്റുചെയ്തു. ജയിലിലായതിനാൽ തനിക്ക് മുംബൈ കോടതിയിൽ നേരിട്ട് ഹാജരാകാൻ കഴിയില്ലെന്നും വീഡിയോ കോൺഫറൻസിങ് വഴിയോ അല്ലെങ്കിൽ കോടതിയുടെ പ്രത്യേക ഉത്തരവുപ്രകാരമോ കീഴടങ്ങാൻ അവസരം നൽകണമെന്നുമാണ് ഇയാളുടെ ആവശ്യം.

ഈ കേസിലെ വിചാരണ ഇപ്പോൾ പുരോഗമിക്കുകയാണ്. ഇതിനകംതന്നെ പ്രോസിക്യൂഷൻ സാക്ഷികളിൽ ചിലരുടെ മൊഴികൾ അൻമോളിന്റെ സാന്നിധ്യമില്ലാതെ കോടതി രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതി കീഴടങ്ങുന്നതുവഴി കേസ് നടപടികൾ വേഗത്തിലാക്കാൻ സാധിക്കുമെന്നും നിയമപരമായ പ്രക്രിയകൾ സുഗമമായി മുന്നോട്ടുകൊണ്ടുപോകാൻ ഇത് സഹായിക്കുമെന്നുമാണ് അഭിഭാഷകർ കോടതിയെ അറിയിച്ചത്. അപേക്ഷ പരിഗണിച്ച കോടതി വിഷയത്തിൽ പ്രോസിക്യൂഷന്റെ മറുപടി സമർപ്പിക്കാൻ ഉത്തരവിട്ടു.

Content Highlights: Anmol Bishnoi requests Mumbai court permission to surrender in the 2024 shooting case. The accused is currently held in Tihar Jail following his extradition in November 2025. Legal counsel argues that personal appearance is necessary for a fair trial. The court has ordered the prosecution to file a response regarding the plea