പ്രണയകഥയിലെ ഹംസമായത് ഐശ്വര്യ ലക്ഷ്മി, പ്രൊപ്പോസ് ചെയ്തത് ആര്; മനസുതുറന്ന് അഞ്ജുവും ഭര്‍ത്താവും

റിയാലിറ്റി ഷോയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ ഗായികയാണ് അഞ്ജു ജോസഫ്. നവംബര്‍ 30-ാം തീയതിയാണ് അഞ്ജു പുതിയ ജീവിതത്തിലേക്ക് കാലെടുത്തുവെച്ചത്. സിവില്‍ എഞ്ചിനീയറായ ആദിത്യ പരമേശ്വരനാണ് വരന്. ആലപ്പുഴ രജിസ്ട്രാര്‍ ഓഫീസില്‍ വെച്ച് നടന്ന വിവാഹത്തിന്റെ ചിത്രങ്ങളും പിന്നാലെ നടന്ന വിവാഹ ചടങ്ങുകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ആഘോഷിക്കപ്പെട്ടിരുന്നു. ചടങ്ങില്‍ നടി ഐശ്വര്യ ലക്ഷ്മിയുടെ സാന്നിധ്യവും ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ തങ്ങളുടെ പ്രണയത്തെക്കുറിച്ചും അത് വിവാഹത്തിലേക്ക് എത്തിയതിനെ കുറിച്ചും മനസുതുറക്കുകയാണ് ഇരുവരും. ലെറ്റ്സ് ടോക്ക് ലാല എന്ന യൂട്യൂബ് ചാനലിന് നല്കിയ പ്രത്യേക അഭിമുഖത്തിലാണ് ഇരുവരും പ്രണയകഥ പങ്കുവെച്ചത്.
കുട്ടിക്കാലത്തു തന്നെ തമ്മില്‍ അറിയുന്നവരും സുഹൃത്തുക്കളുമായിരുന്നു തങ്ങളെന്ന് ആദിത്യ പറഞ്ഞു. കുടുംബങ്ങള്‍ക്കും പരസ്പരം അറിയാമായിരുന്നുവെന്നും അഞ്ജുവിന്റെ സുഹൃത്തായ ഐശ്വര്യ ലക്ഷ്മിയും തന്റെ സുഹൃത്തായ ആഷിഖുമാണ് ഈ ബന്ധത്തില്‍ ഹംസമായി പ്രവര്‍ത്തിച്ചതെന്നും ആദിത്യ തമാശരൂപേണ പറഞ്ഞു.
''ഞങ്ങള്‍ കുട്ടിക്കാലം തൊട്ടേ തമ്മില്‍ അറിയുന്നവരാണ്. സുഹൃത്തുക്കളായിരുന്നു. ഞങ്ങളുടെ കുടുംബങ്ങള്‍ക്ക് പരസ്പരം അറിയാം. കോവിഡിന് ശേഷമാണ് തമ്മില്‍ അടുക്കുന്നത്. കോവിഡ് കഴിഞ്ഞ് അഞ്ജു റീല്‍സിലും യൂട്യൂബിലുമെല്ലാം ഫേമസായ സമയത്ത് ഞാന്‍ അങ്ങോട്ട് കോണ്ടാക്റ്റ് ചെയ്യുകയായിരുന്നു. എന്റെ അച്ഛനും അമ്മയും തിരുവനന്തപുരത്ത് ജോലി ചെയ്യുന്നവരാണ്. കോവിഡ് കഴിഞ്ഞ് ഞാന്‍ വര്‍ക്ക് ഫ്രം ഹോം ആയിരുന്നു. ആ സമയത്ത് അഞ്ജു ഒരു ന്യൂയര്‍ ഇവന്റിന് വര്‍ക്കലയില്‍ വന്നു. അപ്പോള്‍ ഞാനും വര്‍ക്കലയില്‍ പോയി. എന്റെ രണ്ട് സുഹൃത്തുക്കളെയും ആ ഇവന്റിന് കൊണ്ടുപോയി. അഞ്ജുവിന്റെ രണ്ട് സുഹൃത്തുക്കളും ഉണ്ടായിരുന്നു. അതില്‍ ഒരാളായിരുന്നു ഐശ്വര്യ ലക്ഷ്മി. ഐശ്വര്യ ലക്ഷ്മിയാണ് ഹംസം നമ്പര്‍ വണ്‍. രണ്ടാമത്തെ ഹംസം എന്റെ ഫ്രണ്ടാണ്, ആഷിഖ്. എന്റെ പഴയ സ്കൂള്‍ ഫ്രണ്ടാണ്. ആഷിഖും ഐശ്വര്യ ലക്ഷ്മിയുമാണ് ഇതില്‍ ഹംസങ്ങളായി വര്‍ക്ക് ചെയ്തത്,'' ആദിത്യ പറഞ്ഞു. ഈ ബന്ധം വിവാഹത്തിലെത്താന്‍ രണ്ടുപേരും ഒരുപാട് ശ്രമിച്ചിട്ടുണ്ടെന്നും ആദിത്യ വ്യക്തമാക്കി.
ഈ ബന്ധം മുന്നോട്ടുകൊണ്ടുപോകാന്‍ ആദ്യം കുറേ ആശങ്കകള്‍ ഉണ്ടായിരുന്നുവെന്ന് അഞ്ജുവും പറഞ്ഞു. ബന്ധത്തിലേക്കെത്തി പിന്നീട് ബ്രേക്കപ്പായാല്‍ ഈ സൗഹൃദം തന്നെ നഷ്ടമാകുമോ എന്നായിരുന്നു തന്റെ ഭയമെന്ന് അഞ്ജു വ്യക്തമാക്കി. ആദിത്യയാണ് ആദ്യം പ്രൊപ്പോസ് ചെയ്തതെന്നും ആദിത്യ ആദ്യം മുതല്‍ തന്നെ വിവാഹത്തിന് തയ്യാറായിരുന്നുവെന്നും അഞ്ജു കൂട്ടിച്ചേര്‍ത്തു.
കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയായ അഞ്ജു ജോസഫ് റിയാലിറ്റി ഷോയിലൂടെയാണ് പിന്നണി ഗാനരംഗത്തേക്ക് എത്തിയത്. അടുത്തിടെയായി ചില സിനിമകളിലും അഞ്ജു അഭിനയിച്ചിരുന്നു. ആദ്യ വിവാഹബന്ധം വേര്‍പെടുത്തിയതിനെക്കുറിച്ചും വിഷാദാവസ്ഥയില്‍ നിന്ന് പുറത്തു കടന്നതിനെക്കുറിച്ചുമെല്ലാം അഞ്ജു തുറന്നു പറഞ്ഞത് വലിയ ശ്രദ്ധ നേടിയിരുന്നു.
Content Highlights: Singer Anju Joseph and Aditya Parameswaran share their love story,