‘പോക്സോ കേസ് പ്രതിയുടെ കൂടെ ജോലി ചെയ്യണോ?’ പുതിയ ഗാനം പുറത്തുവന്നതിനുപിന്നാലെ അനിരുദ്ധിന് വിമർശനം

പ്രശസ്ത സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ തന്റെ പുതിയ ഇൻഡിപെൻഡന്റ് സിംഗിളായ 'അരവിന്ദ്' (Aravindh) പുറത്തിറക്കിയതിന് പിന്നാലെ വലിയ രീതിയിലുള്ള വിമർശനങ്ങൾ നേരിടുകയാണ്. അനിരുദ്ധിന്റെ സ്വന്തം മ്യൂസിക് ലേബലായ ആൽബുകെർക്കി റെക്കോർഡ്‌സിലൂടെയാണ് ഈ ഗാനം പുറത്തിറങ്ങിയത്. എന്നാൽ ഗാനത്തേക്കാൾ ഉപരിയായി, അതിന്റെ നൃത്തസംവിധായകനായി ജാനി മാസ്റ്ററെ തിരഞ്ഞെടുത്തതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്.
നൃത്തസംവിധായകൻ ജാനി മാസ്റ്റർക്കെതിരെയുള്ള പോക്‌സോ (POCSO) കേസാണ് വിമർശനങ്ങളുടെ പ്രധാന കാരണം. പ്രായപൂർത്തിയാകാത്ത സഹായിയെ പീഡിപ്പിച്ചു എന്ന ആരോപണത്തെത്തുടർന്ന് ജാനി മാസ്റ്റർ അറസ്റ്റിലായിരുന്നു. നിലവിൽ ജാമ്യത്തിലിറങ്ങിയ അദ്ദേഹത്തെ തന്റെ പുതിയ ഗാനത്തിൽ സഹകരിപ്പിച്ചത് ശരിയായ നടപടിയല്ല എന്നാണ് ആരാധകരും സോഷ്യൽ മീഡിയയും ഒരുപോലെ ചൂണ്ടിക്കാട്ടുന്നത്.
ഈ സഹകരണത്തിനെതിരെയുള്ള വിമർശനം ഇത്രത്തോളം ശക്തമാകാൻ മറ്റൊരു കാരണം കൂടിയുണ്ട്. സാധാരണ സിനിമകളിൽ അണിയറപ്രവർത്തകരെ തീരുമാനിക്കുന്നത് നിർമാണ കമ്പനികളായിരിക്കും, അവിടെ സംഗീത സംവിധായകന് വലിയ പങ്കുണ്ടാകണമെന്നില്ല. എന്നാൽ 'അരവിന്ദ്' അനിരുദ്ധിന്റെ സ്വന്തം ലേബലിൽ പുറത്തിറങ്ങിയ ഗാനമായതുകൊണ്ട് തന്നെ, ജാനി മാസ്റ്ററെ ഉൾപ്പെടുത്തിയത് അദ്ദേഹത്തിന്റെ സ്വന്തം തീരുമാനമാണെന്ന് വിമർശകർ വാദിക്കുന്നു. ശനിയാഴ്ച ഗാനത്തിന്റെ പ്രൊമോ പുറത്തിറങ്ങിയത് മുതൽ നിരവധി പേർ ഇതിനെ ചോദ്യം ചെയ്തുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്.
നിലവിലെ വിവാദങ്ങളോട് അനിരുദ്ധ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഞായറാഴ്ച ഗാനം യൂട്യൂബിൽ റിലീസ് ചെയ്തെങ്കിലും സംഗീതത്തേക്കാൾ ഉപരിയായി ഇതിലെ നൃത്തസംവിധായകനെക്കുറിച്ചുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുന്നത്. പാട്ടിന്റെ ഈണത്തേക്കാൾ അനിരുദ്ധ് എടുത്ത തീരുമാനത്തിലെ ധാർമികതയാണ് ഇപ്പോൾ ചോദ്യം ചെയ്യപ്പെടുന്നത്.
'അരവിന്ദ്' എന്ന ഈ പോപ്പ് ഗാനം തമിഴിലും തെലുങ്കിലുമായാണ് റിലീസ് ചെയ്തിരിക്കുന്നത്. 2023-ലെ ഹിറ്റ് ചിത്രം 'ജയിലറിലെ' 'ഹുക്കും' എന്ന പാട്ടിന് ശേഷം അനിരുദ്ധും ഗാനരചയിതാവ് സൂപ്പർ സുബ്ബുവും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ഗാനത്തിനുണ്ട്. യൂണിവേഴ്സൽ മ്യൂസിക് ഇന്ത്യയുമായുള്ള പങ്കാളിത്തത്തിന് ശേഷം അനിരുദ്ധിന്റെ ലേബലിൽ നിന്ന് പുറത്തുവരുന്ന ആദ്യ ഗാനം കൂടിയാണിത്.
Content Highlights: Renowned music composer Anirudh Ravichander is facing immense public backlash for hiring controversial choreographer Jani Master, who is currently out on bail in a POCSO case, for his latest self-produced independent music video 'Aravindh'.