വാക്കുപാലിക്കാതെ അനില്‍ പോയി; അമ്മയെത്തേടി ഇനി ആ വിളി വരില്ല.....

അനിലിനെ അവസാനമായി തലോടുന്ന അമ്മ ഓമനയമ്മ, അനിലിന് അന്തിമോപചാരമർപ്പിക്കുന്ന മകൾ ശ്രേയ
അനിലിനെ അവസാനമായി തലോടുന്ന അമ്മ ഓമനയമ്മ, അനിലിന് അന്തിമോപചാരമർപ്പിക്കുന്ന മകൾ ശ്രേയ

നെടുമങ്ങാട് : മരണത്തിന്റെ ആഴക്കയങ്ങളിലേക്ക് അറിയാതെ ഊളിയിടുന്നതിനു മുമ്പ് അനില്‍ അമ്മ ഓമനയമ്മയെ ഫോണില്‍ വിളിച്ചു. ''നല്ല തിരക്കുണ്ടമ്മേ, അടുത്തമാസം 15-ന് ഞാന്‍ വരാം. ഇന്ന് ക്രിസ്മസ് ആയതുകൊണ്ട് ഉച്ചയ്ക്കുശേഷം ഷൂട്ടിങ്ങില്ല. ഒന്നു വിശ്രമിക്കണം..''. ഇത്രയും പറഞ്ഞാണ് അനില്‍ ഫോണ്‍വച്ചതെന്ന് അമ്മ പറയുന്നു. നെടുമങ്ങാട് തോട്ടുമുക്കിലെ സുരഭിയെന്ന വീട്ടിലേക്ക് ഓമനയമ്മയെത്തേടി ഇനി ആവിളി വരില്ല. ഫോണില്‍ സംസാരിച്ച് ഒരുമണിക്കൂര്‍ കഴിഞ്ഞാണ് അനിലിന്റെ അപകടവിവരം ചാനലുകളിലൂടെ അമ്മയും നാട്ടുകാരും അറിയുന്നത്.

അനിലിന്റെ അച്ഛന്‍ പി.പീതാംബരന്‍നായര്‍ രണ്ടുവട്ടം വാര്‍ഡ് കൗണ്‍സിലര്‍ ആയിരുന്നു. അമ്മ സര്‍ക്കാര്‍ ജീവനക്കാരിയും. അതുകൊണ്ടുതന്നെ ജീവിതത്തില്‍ പ്രാരാബ്ദതകളുടെ സങ്കടക്കഥകള്‍ ചുമക്കേണ്ടിവന്നിട്ടില്ല അനിലിന്.

സ്വന്തം പേരിനൊപ്പം നെടുമങ്ങാട് എന്ന നാടിന്റെ പേരുകൂടിച്ചേര്‍ത്ത് അറിയപ്പെടുന്നതില്‍ ഏറ്റവുമധികം സന്തോഷിച്ചിരുന്നു അനില്‍. അനില്‍ പി.നായര്‍ എന്നാണ് ശരിയായ പേരെങ്കിലും എവിടെ പരിചയപ്പെടുത്തുമ്പോഴും അനില്‍ നെടുമങ്ങാടെന്നു പറയാനായിരുന്നു ഏറെയിഷ്ടം. ഒരു കലാകാരന്റെ പേരിനൊപ്പം നെടുമങ്ങാട് അറിയപ്പെട്ടിരുന്നതും അനിലിലൂടെ ആയിരുന്നു എന്നതും ശ്രദ്ധേയമാണ്. സ്‌കൂള്‍ പഠനകാലത്തു തന്നെ നാടകത്തോടും അഭിനയത്തോടുമുള്ള കമ്പമാണ് പിന്നീട് അനിലിനെ സ്‌കൂള്‍ ഓഫ് ഡ്രാമയിലെത്തിച്ചത്. അതിനു നിമിത്തമായത് മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവിയും.

മഞ്ച ബോയ്സ് സ്‌കൂളിലെ പഠനകാലത്ത് മിക്കദിവസങ്ങളിലും ഉച്ചയ്ക്കുശേഷം ടൗണിലെ തിയേറ്ററുകളിലെത്തി പഴയ സിനിമകള്‍ ഒന്നൊഴിയാതെ കൂട്ടുകാരോടൊത്ത് കണ്ടിരുന്നതിന്റെ ഓര്‍മകള്‍ മരണത്തിനു തൊട്ടുമുമ്പും അനില്‍ ഓര്‍മപ്പെടുത്തുന്നുണ്ട്- കൂട്ടുകാര്‍ക്കയച്ച വാട്സ് ശബ്ദത്തിലൂടെ. സൗഹൃദങ്ങള്‍ക്ക് വലിയ വില കല്പിച്ചിരുന്നു അനില്‍. അവധി ദിനങ്ങളില്‍ നാട്ടിലെത്തിയാല്‍ പരമാവധി സമയം കൂട്ടുകാരോടൊപ്പമാണ് ചെലവിട്ടിരുന്നത്. നാട്ടിലെ പൊതുകാര്യങ്ങള്‍ക്കെല്ലാം അനില്‍ മുന്‍നിരയിലുണ്ടാകും.

മരണത്തിന് തൊട്ടുമുന്‍പും മഞ്ച സ്‌കൂളിലെ വാട്ട്സ്അപ്പ് ഗ്രൂപ്പില്‍ പഴയ സഹപാഠികള്‍ക്ക് ക്രിസ്മസ് പുതുവത്സര ആശംസകള്‍ നേരാന്‍ അനില്‍ മറന്നില്ല. മച്ചമ്പി.... എന്ന തനി നാട്ടിന്‍പുറത്തുകാരന്റെ വിളിയോടെ തുടങ്ങുന്ന ക്രിസ്മസ് ആശംസ അവസാനിച്ചത് അറംപറ്റുന്നതുപോലെയായിരുന്നു. തൊടുപുഴ മലങ്കര ഡാമില്‍ വച്ചാണ് അനില്‍ പി.നായര്‍ മുങ്ങിമരിച്ചത്. ഡാമില്‍ കുളിക്കുന്നതിനിടെ ആഴക്കയത്തില്‍പ്പെട്ടാണ് ദുരന്തം സംഭവിച്ചത്.

Content Highlights: Anil Nedumangad actor 

Content Highlights: