'ഇത്രയും കാലം നീ എവിടെയായിരുന്നു?' അനശ്വര രാജനെ ചേർത്തുപിടിച്ച് രജനീകാന്ത് ചോദിച്ചു

തന്റെ പുതിയ ചിത്രമായ വിത്ത് ലവ് കണ്ട് രജനീകാന്ത് അഭിനന്ദിച്ചതിനെക്കുറിച്ച് പറഞ്ഞ് അനശ്വര രാജൻ. അനശ്വര തന്നെയാണ് ചിത്രങ്ങൾക്കൊപ്പം ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ഏറെ വികാരാധീനയായാണ് അവർ ഈ പോസ്റ്റ് ഷെയർ ചെയ്തത്. രജനീകാന്തിന്റെ മകൾ സൗന്ദര്യയാണ് വിത്ത് ലൗ നിർമിച്ചത്. സംവിധായകൻ അബിഷൻ ജീവിന്ത് ആദ്യമായി നായകനായെത്തുന്ന ചിത്രം കൂടിയാണിത്.
"ഏറെ സ്നേഹത്തോടെ തലൈവർ 'വിത്ത് ലവ്' കാണാനെത്തി. എന്നെ കണ്ടപ്പോൾ 'ഇത്രയും കാലം നീ എവിടെയായിരുന്നു?' എന്ന് അദ്ദേഹം ചോദിച്ചു. എന്റെ സ്വപ്നങ്ങളെല്ലാം പൂർണ്ണതയിലെത്തിയതുപോലെ തോന്നി എനിക്ക്." അനശ്വര രാജൻ കുറിച്ചു. വാത്സല്യത്തോടെ രജനീകാന്ത് തന്നെ ചേർത്തുപിടിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്ന ചിത്രങ്ങളാണ് കുറിപ്പിനൊപ്പം അനശ്വര പോസ്റ്റ് ചെയ്തത്.
നേരത്തേ രജനീകാന്തിനൊപ്പം കുടുംബസമേതം നിൽക്കുന്ന ചിത്രവും അനശ്വര പങ്കുവെച്ചിരുന്നു. പടയപ്പ എന്ന ചിത്രത്തിലെ സിങ്കനടൈ പോട്ട് സിഖരത്തിൽ യേറ് എന്ന പാട്ടിന്റെ വരികളും അനശ്വര ഇതിനൊപ്പം വെച്ചിരുന്നു. "സ്‌ക്രീനിലെ അച്ഛന്റെ പ്രിയപ്പെട്ട നായകൻ മുതൽ, എനിക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ആ നിമിഷം വരെ. ‘വിത്ത് ലവ്’ എന്ന എന്റെ സിനിമയുടെ പ്രീമിയറിൽ തലൈവരെ കണ്ടപ്പോൾ ഒരു കൊച്ചു കുട്ടിയെപ്പോലെ അച്ഛന്റെ മുഖം വിരിയുന്നത് കണ്ടു. ഐശ്വര്യ ഞങ്ങൾ നിന്നെ മിസ്സ് ചെയ്തു." അവർ കുറിച്ചു.
എംആർപി എന്റർടെയ്ൻമെന്റിന്റെ ബാനറിൽ നസറത്ത് പാസിലിയനും, മഗേഷ് രാജ് പാസിലിയനും ചേർന്നാണ് സൗന്ദര്യ രജനീകാന്തിനൊപ്പം വിത്ത് ലവ് നിർമ്മിച്ചത്. മദൻ ആണ് രചനയും സംവിധാനവും. ഹരിഷ് കുമാർ, കാവ്യാ അനിൽ, സച്ചിൻ നാച്ചിയപ്പൻ, തേനി മുരുഗൻ, ശരവണൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.
Content Highlights: Rajnikanth's Emotional Encounter with Anashwara Rajan: "Where Have You Been All This Time?"