‘എനിക്ക് 40 വയസായി, ആന്റിയെന്നാണ് ട്രോൾ, ഈ കളിയാക്കുന്നവർക്കൊക്കെ നിത്യയൗവനമായിരിക്കും അല്ലേ?’

തന്റെ പ്രായത്തെ കളിയാക്കിയും ആന്റി എന്നുവിളിച്ചുകൊണ്ടുമുള്ള ട്രോളുകളോട് രൂക്ഷമായി പ്രതികരിച്ച് തെലുങ്ക് നടി അനസൂയ ഭരദ്വാജ്. തന്നെ വിമർശിക്കുന്ന എല്ലാവർക്കും നിത്യയൗവനം ഉണ്ടെന്നാണ് കരുതുന്നതെന്ന് അവർ പരിഹസിച്ചു. താൻ ഇപ്പോൾ എന്തുപറഞ്ഞാലും കാര്യമില്ലെന്ന് അവർ പറഞ്ഞു. എക്സ് പ്ലാറ്റ്ഫോമിലൂടെയായിരുന്നു അനസൂയ ഭരദ്വാജിന്റെ പ്രതികരണം. കഴിഞ്ഞ ദിവസം നടൻ ശിവാജി നടത്തിയ സ്ത്രീവിരുദ്ധ പരാമർശങ്ങൾക്കെതിരെ അനസൂയ ശക്തമായി പ്രതികരിച്ചിരുന്നു. ഇതിനുശേഷമാണ് ഇവർക്കെതിരെ സൈബറാക്രമണം നടന്നത്.
ഇങ്ങനെയൊരു കാര്യം പറയേണ്ടതുണ്ട് എന്ന തലക്കെട്ടിലാണ് തനിക്കെതിരായ വിമർശനങ്ങൾക്കുള്ള മറുപടി അനസൂയ ഭരദ്വാജ് നൽകുന്നത്. ചില പുരുഷന്മാരും സ്ത്രീകളും പ്രായത്തെ ഉപയോഗിച്ച് തന്നെ താഴ്ത്തിക്കെട്ടാനും താഴ്ന്നയാളാണെന്ന് തോന്നിപ്പിക്കാനും ശ്രമം നടത്തുന്നുവെന്ന് അനസൂയ ആരോപിച്ചു. ഇത്തരം ചിന്താഗതി പുലർത്തുന്നവർ പലപ്പോഴും പുരോഗമനവാദികളായ സ്ത്രീകളെ ലക്ഷ്യമിടുന്നു. സ്ത്രീകളുടെ മേലുള്ള നിയന്ത്രണം നഷ്ടപ്പെടുമെന്ന ഭയത്തിൽ നിന്നും അഹന്ത നിലനിർത്താനുള്ള ആഗ്രഹത്തിൽ നിന്നുമാണ് ഇത് ഉടലെടുക്കുന്നതെന്നും അവർ അഭിപ്രായപ്പെട്ടു.
"ഇത് എല്ലാ പുരുഷന്മാരെയും എല്ലാ സ്ത്രീകളെയും കുറിച്ചല്ല, മറിച്ച് എല്ലാവരോടും, പുരുഷന്മാരോടും സ്ത്രീകളോടും ഒരുപോലെ ഞാൻ അഭ്യർഥിക്കുന്നു: ദയവായി വിശാലമായി ചിന്തിക്കുക. മുൻ തലമുറകൾ പഠിച്ചതോ ശീലിച്ചതോ ആയ ആശയങ്ങളോ ശീലങ്ങളോ നമ്മൾ മുന്നോട്ട് കൊണ്ടുപോകേണ്ടതില്ല. നമുക്ക് മാറ്റം തിരഞ്ഞെടുക്കാം, നമ്മുടെ അന്തസ്സും സ്വാതന്ത്ര്യവും സംരക്ഷിക്കാം. പരസ്പരം ശക്തിപ്പെടുത്തുകയും പിന്തുണയ്ക്കുകയും ചെയ്യാം. നമ്മുടെ വില നമ്മുടെ തിരഞ്ഞെടുപ്പുകളിൽ നിന്നാണ് വരുന്നത്, മറ്റൊന്നിൽ നിന്നുമല്ല. കൂടാതെ, ചില മാധ്യമങ്ങളും ഉത്തരവാദിത്തത്തോടെ പെരുമാറേണ്ടതുണ്ട്. നിങ്ങളുടെ ജോലി ഉത്തരവാദിത്തത്തോടെ ചെയ്യുക." അവർ പറഞ്ഞു.
ഇതേ വിഷയത്തിൽ രണ്ട് പോസ്റ്റുകൾ കൂടി അനസൂയ പങ്കുവെച്ചിട്ടുണ്ട്. അതിൽ ഒന്നിൽ പറയുന്നതിങ്ങനെ. "അതുപോലെ.. നടന്നുകൊണ്ടിരിക്കുന്നതും സംഭവിച്ചുകൊണ്ടിരിക്കുന്നതുമായ എല്ലാ കാര്യങ്ങളെയും അവഗണിച്ച്.. ഞാൻ എപ്പോഴും തലയുയർത്തി നിൽക്കും.. അസ്വസ്ഥതയില്ലാതെ.. യാതൊരു മാറ്റവുമില്ലാതെ.. സ്പർശിക്കാതെ.. ശക്തയായി.. ഈ മുഴുവൻ ഇടപെടലും വളരെക്കാലമായി കേൾക്കപ്പെടാതെയും ശ്രദ്ധിക്കപ്പെടാതെയും പോയ ഒരു വിഭാഗം സമൂഹത്തെ പ്രതിനിധീകരിക്കാൻ മാത്രമുള്ളതാണ്.." നടി പറഞ്ഞു.
"ഇന്നത്തേക്കുള്ള എന്റെ അവസാനത്തെ കാര്യം ഇതാണ്... യഥാർത്ഥ വിഷയത്തെ അഭിമുഖീകരിക്കാൻ കഴിയാതെ, പുരുഷന്മാരും സ്ത്രീകളും എന്നെ പ്രായത്തിന്റെ പേരിൽ അപമാനിക്കുകയും "ആന്റി" എന്ന് വിളിക്കുകയും ചെയ്യുന്നു. എനിക്ക് 40 വയസ്സുണ്ട്, കളിയാക്കുന്നയാൾക്ക് 54 വയസ്സുണ്ടെന്ന് ഞാൻ കരുതുന്നു. എന്നിരുന്നാലും, നമ്മളിരുവരും നമ്മുടെ ശരീരസൗന്ദര്യം (പ്രൊഫഷണൽ ആവശ്യങ്ങൾക്കോ വ്യക്തിപരമായിട്ടോ ആകാം) നന്നായി നിലനിർത്തുന്നുണ്ട്. ഇതൊക്കെ പറയുന്ന ആളുകൾ എന്നും ചെറുപ്പക്കാരാണ്. അത് വേറെ കാര്യമാണ്. എന്തായാലും, ഞാൻ കൂടുതൽ പറഞ്ഞിട്ട് കാര്യമില്ല. മെറി ക്രിസ്മസ്!! ആഘോഷിക്കാനുള്ള മറ്റൊരു ദിവസമാണിത്.. നല്ല ഭക്ഷണം കഴിക്കുക.. പ്രിയപ്പെട്ടവരുമായി സന്തോഷത്തോടെ സമയം ചെലവഴിക്കുക.. നമുക്ക് അതിലേക്ക് മടങ്ങാം!! എപ്പോഴും സ്നേഹത്തോടെ!" കുറിപ്പുകളുടെ പരമ്പര അനസൂയ ഭരദ്വാജ് അവസാനിപ്പിക്കുന്നതിങ്ങനെ.
ശരീരം തുറന്നുകാണിക്കുന്ന വസ്ത്രങ്ങൾ ധരിക്കരുതെന്ന് എല്ലാ നായികമാരോടും താൻ അഭ്യർഥിക്കുകയാണ് എന്ന് നടിമാരായ സാമന്തയ്ക്കും നിധി അഗർവാളിനുമെതിരായ ആൾക്കൂട്ട അതിക്രമം ചൂണ്ടിക്കാട്ടി ശിവാജി പറഞ്ഞിരുന്നു. ദയവായി സാരിയോ അല്ലെങ്കിൽ ശരീരം മുഴുവനായി മൂടുന്ന വസ്ത്രങ്ങളോ ധരിക്കൂ. മുഴുവനായി മൂടുന്ന വസ്ത്രത്തിലോ സാരിയിലോ ഒക്കെയാണ് സൗന്ദര്യമുള്ളത്. അല്ലാതെ ശരീരഭാഗങ്ങൾ തുറന്നുകാണിക്കുന്നതിലല്ല എന്നും ശിവാജി പറഞ്ഞിരുന്നു. ഈ പ്രസ്താവനയ്ക്കെതിരായാണ് അനസൂയ ഭരദ്വാജ് പ്രതികരിച്ചത്.
Content Highlights: Actress Anasuya Bharadwaj slams actor Sivaji for misogynistic remarks & age shaming after his `Dhandoraa` event comments. See her fierce response.