‘വാഴ 2’ നൽകുന്നത് പോസിറ്റീവ് സന്ദേശം; കേസിനെന്ന പ്രചാരണം അടിസ്ഥാനരഹിതം- ആയുർവേദ ഡോക്ടർമാരുടെ സംഘടന

ആലപ്പുഴ: ‘വാഴ-2’ സിനിമയ്ക്കെതിരേ ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ (എ.എം.എ.ഐ.) കേസു കൊടുക്കുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് നേതാക്കൾ അറിയിച്ചു. പതിവായി അരിഷ്ടം കഴിക്കുന്നയാൾക്ക് ലിവർ സിറോസിസ് ബാധിക്കുന്നതായി സിനിമയിലുണ്ട്. വൈദ്യനിർദേശമില്ലാതെ, അമിതമായി അരിഷ്ടം ഉപയോഗിക്കുന്നതിലൂടെയുള്ള അപകടം സിനിമയിൽ കാണിച്ചിരിക്കുന്നത് സ്വയംചികിത്സയുടെ അപകടങ്ങളെക്കുറിച്ചുള്ള കൃത്യമായ മുന്നറിയിപ്പാണ്. സിനിമ നൽകുന്ന ഈ പോസിറ്റീവ് സന്ദേശത്തെ സ്വാഗതം ചെയ്യുന്നതായും ഭാരവാഹികൾ പറഞ്ഞു.
ഏതു ചികിത്സയായാലും ഡോക്ടറുടെ മേൽനോട്ടമില്ലാതെ മരുന്നുപയോഗിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകുമെന്ന യാഥാർഥ്യത്തിനാണു സിനിമ അടിവരയിടുന്നത്. എന്നാൽ, സിനിമയിലെ ഈ സന്ദർഭത്തെ മുൻനിർത്തി ആയുർവേദത്തെയും ആയുർവേദ മരുന്നുകളെയും അപകീർത്തിപ്പെടുത്താൻ ചിലർ ശ്രമിക്കുന്നത് പ്രതിഷേധാർഹമാണ്. കൃത്യമായ നിർമാണരീതിയിലൂടെ ഔഷധങ്ങളുടെ ദഹനക്ഷമത വർധിപ്പിക്കാനും പാർശ്വഫലം ഇല്ലാതാക്കാനും കഴിയുമെന്ന് പഠനങ്ങൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
അംഗീകൃത ബിരുദധാരിയായ ഡോക്ടറുടെ നിർദേശപ്രകാരം കൃത്യമായ അളവിൽ ആയുർവേദ മരുന്നുപയോഗിച്ചാൽ കരളിനെയോ മറ്റ് ആന്തരികാവയവങ്ങളെയോ ബാധിക്കില്ലെന്നും അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ. കെ.എസ്. വിഷ്ണുനമ്പൂതിരി, ജനറൽ സെക്രട്ടറി ഡോ. പി.കെ. ഹരിദാസ് എന്നിവർ പറഞ്ഞു.
Content Highlights: AMAI officially denies reports of legal action against Vaazha-2. The film's depiction of liver issues is interpreted as a warning against self-medication. Ayurvedic treatment is safe when supervised by qualified doctors. The association condemns attempts to defame Ayurveda using the film's narrative