‘പുഷ്പ ഫ്ലവറല്ല,ഫയറാ..’; അർബുദരോഗിയായ കുഞ്ഞ് ആരാധികയ്ക്കുവേണ്ടി സിനിമാരംഗം അവതരിപ്പിച്ച് അല്ലു അർജുൻ

അർബുദരോഗിയായ കുഞ്ഞ് ആരാധികയോട് സംവദിച്ച് തെന്നിന്ത്യൻ താരം അല്ലു അർജുൻ. ലുക്കീമിയ ബാധിച്ച ശ്രദ്ധ എന്ന പെൺകുട്ടിയുമായി അല്ലു അർജുൻ സംസാരിക്കുന്നതിന്റെ ദൃശ്യങ്ങൾ ടീം അല്ലു അർജുൻ എന്ന പേജിലൂടെ പുറത്തുവിട്ടിട്ടുണ്ട്.
മേക്ക് എ വിഷ് ഫൗണ്ടേഷൻ എന്ന സംഘടനവഴിയാണ് ശ്രദ്ധയ്ക്ക് അല്ലുവുമായി സംസാരിക്കാനായത്. പുഷ്പ ചിത്രത്തിൽ നിന്നുള്ള രംഗം ഇരുവരും പുനരവതരിപ്പിക്കുന്നതും വീഡിയോയിലുണ്ട്. ശ്രദ്ധയെ അഭിവാദ്യം ചെയ്ത് എങ്ങനെയുണ്ടെന്ന് ചോദിക്കുകയും പുഷ്പയിലെ സംഭാഷണം പറയാൻ ആവശ്യപ്പെടുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം.
ശേഷം ഇരുവരും ഒരുമിച്ച് പുഷ്പയിലെ രംഗം അഭിനയിക്കുകയും ചെയ്യുന്നുണ്ട്. ‘പുഷ്പ എന്നു പറഞ്ഞാൽ ഫ്ലവർ അല്ല ഫയറാടാ..’ എന്ന ഡയലോഗാണ് ഇരുവരും ഒരുമിച്ചു പറഞ്ഞത്. ശ്രദ്ധയുടെ അഭിനയം കണ്ട് ക്യൂട്ട് എന്ന് അല്ലു പറയുന്നതും വീഡിയോയിൽ കാണാം. രോഗം മാറുമ്പോൾ ഹൈദരാബാദിലേക്ക് വരാനും അല്ലു ആവശ്യപ്പെടുന്നുണ്ട്.
Spreading Smiles Beyond Cinema ❤️
Icon Star @alluarjun interacted with Shraddha through the Make-A-Wish Foundation, creating a joyful and unforgettable moment for the young girl. 🤗
A gesture that reflects his genuine warmth and compassion. ❤️ pic.twitter.com/qExSfmTh6a— Team Allu Arjun (@TeamAAOfficial) June 19, 2026
വലുതാകുമ്പോൾ എന്താകണമെന്ന അല്ലുവിന്റെ ചോദ്യത്തിന് ഡോക്ടറാകണമെന്നാണ് ശ്രദ്ധ മറുപടി പറയുന്നത്. വീഡിയോക്ക് കീഴെ നിരവധിപേരാണ് താരത്തെ പ്രശംസിച്ച് കമന്റുകൾ പങ്കുവെച്ചത്. തിരക്കുകൾക്കിടയിലും രോഗബാധിതരായ കുട്ടികൾക്കൊപ്പം സമയം ചെലവഴിക്കാൻ മനസ്സുകാണിക്കുന്ന അല്ലു അർജുന് അഭിനന്ദനം എന്നാണ് പലരും കമന്റ് ചെയ്യുന്നത്.
സംവിധായകൻ അറ്റ്‌ലിയുടെ പുതിയ സയൻസ് ഫിക്ഷൻ ചിത്രമായ 'റാക്ക' ആണ് അല്ലു അർജുന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ദീപിക പദുക്കോൺ ആണ് ചിത്രത്തിലെ നായിക.
മലയാളികൾ 'മല്ലു അർജു'നായി സ്വീകരിച്ച താരത്തിന്റെ പുഷ്പ 2: ദി റൂൾ ആണ് അവസാനമായി പുറത്തിറങ്ങിയ ചിത്രം. 2003-ൽ അഭിനയരംഗത്ത് എത്തിയ താരം ഇന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന അഭിനേതാക്കളിൽ ഒരാളാണ്. കെ. രാഘവേന്ദ്ര റാവു സംവിധാനംചെയ്ത 'ഗംഗോത്രി'യിലൂടെ അഭിനയരംഗത്തെത്തിയ അല്ലു, സുകുമാറിന്റെ കൾട്ട് ക്ലാസിക്കായ 'ആര്യ'യിലൂടെയാണ് ശ്രദ്ധേയനാവുന്നത്.
Content Highlights: Allu Arjun interacted with Shradha, a young girl battling leukemia., The meeting was facilitated by the Make-A-Wish Foundation