അല്ലു അർജുന്റെ വീടിനുമുന്നിൽ തടിച്ചുകൂടി ആരാധകർ, അർധരാത്രിയിലും ആഘോഷം; 44-ാം ജന്മദിനം കൊണ്ടാടി താരം

കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഒപ്പം തന്റെ 44-ാമത്തെ ജന്മദിനം ആഘോഷിച്ച് തെന്നിന്ത്യൻ സൂപ്പർതാരം അല്ലു അർജുൻ. 2026 ഏപ്രിൽ എട്ടിന് നടന്ന ജന്മദിനാഘോഷങ്ങൾക്കിടെ ഹൈദരാബാദിലെ അല്ലു അർജുന്റെ വസതിക്കുപിന്നിൽ നിരവധി ആരാധകരാണ് തടിച്ചുകൂടിയത്. രാത്രി വൈകിയും വീടിനുമുന്നിൽ നിലയുറപ്പിച്ച ആരാധകർ മൊബൈൽ ഫോണുകളിലെ ഫ്ലാഷ് ലൈറ്റുകൾ തെളിയിച്ചുകൊണ്ട് പ്രിയതാരത്തിന്റെ ജന്മദിനം ആഘോഷമാക്കി. ഇതിന്റെ ദൃശ്യങ്ങൾ അല്ലു അർജുന്റെ സഹോദരൻ അല്ലു സിങ് ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്. "നിങ്ങൾ എപ്പോഴും ഇങ്ങനെ ആഘോഷിക്കപ്പെടട്ടെ" എന്ന് ജ്യേഷ്ഠന് വിജയാശംസ നേർന്നുകൊണ്ടാണ് സിരിഷ് വീഡിയോ പങ്കുവെച്ചത്.
ഈ പിറന്നാൾ ദിനത്തിലാണ് സിനിമാലോകത്തെയും ആരാധകരെയും ആവേശത്തിലാഴ്ത്തി താരത്തിന്റെ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനമുണ്ടായത്. 'AA22xA6' എന്ന പേരിൽ ഇതുവരെ അറിയപ്പെട്ടിരുന്ന പ്രോജക്റ്റിന് 'രാക്ക' (Raaka) എന്നാണ് ഔദ്യോഗികമായി പേരിട്ടിരിക്കുന്നത്. അറ്റ്‌ലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രശസ്ത നടൻ വെങ്കിടേഷ് ദഗ്ഗുബതിയാണ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടത്. ദീപിക പദുകോൺ നായികയായി എത്തുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ, മൊട്ടയടിച്ച തലയും കൂർത്ത നഖങ്ങളുമുള്ള മനുഷ്യനും മൃഗവും ഒന്നിക്കുന്ന പോലുള്ള രൂപത്തിലാണ് അല്ലു അർജുൻ പ്രത്യക്ഷപ്പെടുന്നത്. പുഷ്പ ഫ്രാഞ്ചൈസിലൂടെ പാൻ ഇന്ത്യാ താരമായി ഉയർന്ന അല്ലു അർജുന് സിനിമാലോകത്തെ നിരവധി പ്രമുഖരാണ് ആശംസകളുമായി എത്തിയത്.
ആരാധകരുടെ അകമഴിഞ്ഞ സ്നേഹവും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യവും പുതിയ ചിത്രത്തിന്റെ പ്രഖ്യാപനവുമൊക്കെയായി വൻ ആഘോഷമായാണ് അല്ലു അർജുൻ തന്റെ 44-ാം ജന്മദിനം കൊണ്ടാടിയത്.
Content Highlights: Superstar Allu Arjun celebrated his 44th birthday with fans at his Hyderabad home while officially announcing his highly anticipated film with director Atlee titled 'Raaka', featuring a striking bald look.